
സിനിമയിലെ പതിവുരീതികളെ മാറ്റിമറിച്ചാണ് ചിന്നു ചാന്ദ്നി പ്രേക്ഷകർക്കു മുന്നിലെത്തിയത്. നായികയായും സ്വഭാവനടിയായും പ്രേക്ഷകരേറ്റെടുത്ത താരം. സിനിമയ്ക്കപ്പുറം ഒന്നും ചിന്നുവിന്റെ ചിന്തകളിലേയില്ല. സിനിമാജീവിതത്തിൽ വഴിത്തിരിവായേക്കാവുന്ന പുതിയ ചിത്രമായ വിശേഷം തിയേറ്ററുകളിലെത്തിക്കഴിഞ്ഞു. പൊടിമീശ മുളയ്ക്കണ കാലം ഉൾപ്പെടെ ഒട്ടേറെ ജനപ്രിയഗാനങ്ങൾ ഒരുക്കിയ ആനന്ദ് മധുസൂദനൻ ആദ്യമായി നായകവേഷത്തിലെത്തുന്ന സിനിമയാണിത്. സംവിധായകൻ സൂരജ് ടോം നേതൃത്വംനൽകുന്ന സ്റ്റെപ്പ് 2 ഫിലിംസിന്റെ ആദ്യചിത്രംകൂടിയാണ് വിശേഷം. തന്റെ പ്രിയപ്പെട്ട ചിത്രത്തെക്കുറിച്ച് ചിന്നു സംസാരിക്കുന്നു.
തീയേറ്ററുകളിൽ മുന്നേറുകയാണല്ലോ ‘വിശേഷം’
ഫാമിലി കോമഡിഡ്രാമയാണ് വിശേഷം. ഷിജുവിന്റെയും സജിതയുടെയും പുനർവിവാഹത്തിന്റെ കഥപറയുന്ന സിനിമ. വിവാഹശേഷം ‘വിശേഷമായില്ലേ’ എന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും നിരന്തരമായ ചോദ്യത്തെ നേരിടുന്ന ദമ്പതിമാർ. ഗർഭധാരണത്തിന് അവർ തയ്യാറാണോ എന്നുപോലും തിരക്കാതെ അവരിൽ അടിച്ചേൽപ്പിക്കുന്ന സാമൂഹികസമ്മർദത്തെപ്പറ്റിയാണ് സിനിമ സംസാരിക്കുന്നത്. കൂണുപോലെമുളയ്ക്കുന്ന ഐ.വി.എഫ്. ക്ലിനിക്കുകളിലേക്കുള്ള ആളുകളുടെ ഓട്ടവും പാർശ്വഫലങ്ങളറിയാതെ തേടുന്ന ചികിത്സകളും ഉൾപ്പെടെയുള്ള കാര്യങ്ങൾ സിനിമ ചർച്ചചെയ്യുന്നുണ്ട്. ഗൗരവമായ ഒരുവിഷയം നർമത്തിലൂടെ അവതരിപ്പിക്കുന്നതുകൊണ്ടുതന്നെ എല്ലാവർക്കും ആസ്വദിക്കാൻ കഴിയുമെന്നുറപ്പാണ്.
യാഥാസ്ഥിതിക നായികാ-നായക സങ്കല്പങ്ങളെ പൊളിച്ചെഴുതിക്കൊണ്ടുള്ള ‘താരങ്ങളെ തിരഞ്ഞെടുക്കൽ’ റിലീസിനുമുമ്പുതന്നെ ചർച്ചയായിരുന്നല്ലോ
സംവിധായകനായ സൂരജേട്ടനിൽനിന്നാണ് ആദ്യമായി കഥകേട്ടത്. പിന്നീട് അദ്ദേഹവും ആനന്ദേട്ടനുംചേർന്ന് സൂം കോളിലൂടെ തിരക്കഥ കേൾപ്പിച്ചു. അതിനുമുൻപ് എനിക്ക് വ്യക്തിപരമായി ഇവരെ അറിയാമായിരുന്നില്ല. സൂരജേട്ടന്റെ പാവ., മെഴുകുതിരി അത്താഴങ്ങൾ… തുടങ്ങിയ സിനിമകൾ കണ്ടിട്ടുണ്ട്. ആനന്ദ് മധുസൂദനൻ എന്ന സംഗീതസംവിധായകനെയും അറിയാമായിരുന്നു. ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഗാനരചനയും സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിച്ചത് ആനന്ദേട്ടനാണ്. അദ്ദേഹം തിരക്കഥ വായിച്ചുതന്നപ്പോൾത്തന്നെ സിനിമയുടെ ഭാഗമാവണമെന്ന് ആഗ്രഹിച്ചതാണ്. അഞ്ചാറുമാസത്തിനുള്ളിൽ ഷൂട്ടിങ് തുടങ്ങുകയും ചെയ്തു. ഒരു സർപ്രൈസ് ആയിട്ടാണ് നായകനെ അണിയറപ്രവർത്തകർ വെളിപ്പെടുത്തിയത്. ആനന്ദേട്ടൻ മികച്ചൊരു അഭിനേതാവാണ്. അദ്ദേഹത്തിന്റെ മനസ്സിൽനിന്നുണ്ടായ കഥാപാത്രമാണല്ലോ ഷിജു. അദ്ദേഹം ശരിക്കും കഥാപാത്രമായി മാറുകയായിരുന്നു. അനുരാഗകരിക്കിൻവെള്ളം, തമാശ എന്നീ ചിത്രങ്ങളുടെ താരങ്ങളെ തിരഞ്ഞെടുക്കുന്ന പരസ്യത്തിൽ അവർ വ്യക്തമായി പറഞ്ഞിട്ടുണ്ടായിരുന്നു എന്റേതുപോലെ പ്ലസ് സൈസ് ശരീരപ്രകൃതമുള്ളവരെയാണ് വേണ്ടതെന്ന്. എന്നാൽ, ബാക്കിയുള്ള ഒരു സിനിമയിലും എന്റെ ശരീരപ്രകൃതം നോക്കി കാസ്റ്റ്ചെയ്തതല്ല. ഇന്ന് സിനിമയിൽ വന്നിരിക്കുന്ന വ്യത്യാസം മൊത്തത്തിൽ നമ്മുടെ സമൂഹത്തിലുണ്ടായ മാറ്റമാണ്. സംവിധായകർ നല്ല കഥാപാത്രങ്ങൾക്കായി എന്നെ തിരഞ്ഞെടുക്കുന്നതിൽ ഞാൻ സന്തോഷവതിയാണ്. താനാരാ എന്ന ഹാസ്യചിത്രമാണ് റിലീസാവാനുള്ളത്. രണ്ടുമൂന്ന് ചിത്രങ്ങളുടെ ചർച്ച നടക്കുകയാണ്.
തമാശ, ഭീമന്റെവഴി, കാതൽ, ഗോളം… എന്നീ സിനിമകൾക്കുശേഷം മുഴുനീള വേഷത്തിൽ ആദ്യമാണല്ലോ…
ഏതുസിനിമ തുടങ്ങുന്നതിനുമുൻപും അയ്യോ ഈ സിനിമ എനിക്ക് ചെയ്യാൻപറ്റുമോ എന്നോർത്ത് ആശങ്കപ്പെടാറുണ്ട്. ആദ്യത്തെ ഒരാഴ്ച പേടിയാണ്. ഞാൻചെയ്താൽ ശരിയാവുമോ എന്ന സംശയം. വിശേഷത്തിലും ഉണ്ടായിരുന്നു ആ പേടി. മുൻപുചെയ്ത കഥാപാത്രങ്ങളെ വെച്ചുനോക്കുമ്പോൾ നാലഞ്ചുസിനിമകളിൽചെയ്ത പലതലത്തിലുള്ള വൈകാരികപ്രകടനങ്ങൾ ഈ സിനിമയിൽ ചെയ്യേണ്ടിവന്നിട്ടുണ്ട്. അതുകൊണ്ടൊക്കെ വിശേഷം എനിക്ക് വളരെ പ്രത്യേകതയുള്ള സിനിമയാണ്. സജിത എന്ന കഥാപാത്രത്തെ എല്ലാവരും സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ട്. ജീവിതത്തിൽ എത്ര മോശം കാര്യങ്ങൾ സംഭവിച്ചാലും അതിജീവിക്കാൻപറ്റും എന്ന സന്ദേശം സിനിമയിലുണ്ട്. നായികയ്ക്കും നായകനുമിടയിൽ ഉണ്ടാവുന്ന സ്നേഹവും കരുതലും തിരിച്ചറിയലുമൊക്കെ ആളുകൾക്ക് അവരുടെ ജീവിതവുമായി ബന്ധപ്പെടുത്താൻ കഴിയും.
സിനിമ ചർച്ചചെയ്യുന്ന സാമൂഹികവ്യവസ്ഥിതികളോടുള്ള ചിന്നുവിന്റെ കാഴ്ചപ്പാട്.
സമൂഹം ഇതുവരെ പറഞ്ഞുവെച്ച രീതികളോട് പൊരുത്തപ്പെട്ടുപോകുന്ന ചിലരുണ്ടാവാം. എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. അക്കൂട്ടത്തിൽ ചെറിയപ്രായത്തിലേ വിവാഹസ്വപ്നങ്ങളുമായിനടന്ന് കൃത്യമായി ആസൂത്രണം നടത്തി ജീവിക്കുന്നവരുണ്ട്. വേറെ ചിലർക്ക് കല്യാണംകഴിക്കാൻ തോന്നുന്നതേയുള്ളൂ. അതിനുപറ്റുന്ന ആളെ ഇനി കണ്ടുപിടിക്കാം എന്ന ചിന്തയിലാണ്. ചിലർ മുപ്പത്തഞ്ചുവയസ്സുകഴിഞ്ഞ് അവരുടെ പാഷൻ തിരിച്ചറിഞ്ഞ് അതിലേക്ക് വഴിമാറുന്നു. എന്തായാലും ഇന്ന പ്രായത്തിൽ ജോലി, വിവാഹം, കുട്ടികൾ എന്നൊക്കെയുള്ള സമൂഹത്തിന്റെ വ്യവസ്ഥാപിതരീതികളോട് എനിക്ക് യോജിപ്പില്ല. അങ്ങനെ തോന്നുന്നവർ അവർക്കിഷ്ടമുള്ളതുപോലെ ചെയ്തോട്ടെ. അനുഗമിക്കാൻ താത്പര്യമില്ലാത്തവരെ അവരുടെ ഇഷ്ടത്തിനു വിടണം. വിവാഹത്തെക്കുറിച്ച് ഞാനിപ്പോൾ ചിന്തിക്കുന്നേയില്ല. ധാരാളം സിനിമകൾചെയ്യണം. നല്ല സിനിമകൾ നിർമിക്കണം. അങ്ങനെയുള്ള കൊച്ചുകൊച്ച് സ്വപ്നങ്ങൾ മാത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]