
അഴിമതിക്കെതിരേ പോരാടുന്ന സ്വാതന്ത്ര്യസമരസേനാനി സേനാപതിയായി ഉലകനായകൻ കമൽഹാസൻ വീണ്ടുമെത്തുന്നു. 28 വർഷങ്ങൾക്കുമുമ്പ് പുറത്തിറങ്ങിയ ‘ഇന്ത്യൻ’ സിനിമയുടെ തുടർച്ചയായി സംവിധായകൻ ഷങ്കർ തന്നെയാണ് ‘ഇന്ത്യൻ 2’ ഒരുക്കുന്നത്. ബോക്സോഫീസ് റെക്കോഡുകൾ ഇളക്കിമറിച്ച ഇന്ത്യൻ കമൽഹാസന്റെ അഭിനയജീവിതത്തിൽ മുതൽക്കൂട്ടായ ചിത്രങ്ങളിലൊന്നാണ്. ‘സേനാപതി’യായുള്ള കമലിന്റെ രൂപമാറ്റമാണ് സിനിമയുടെ പ്രത്യേകതകളിൽ പ്രധാനം.
രണ്ടാംവരവിന്റെ സാധ്യത മുൻനിർത്തിയാണ് ഷങ്കർ ആദ്യചിത്രം അവസാനിപ്പിച്ചത്. ഇന്ത്യൻ എന്നപേരിൽ അനീതികൾക്കെതിരേ കത്തിയെടുത്ത് ഒറ്റയാൾ യുദ്ധം നയിക്കുന്ന സേനാപതിയുടെ കഥയാണ് ഇന്ത്യൻ പറഞ്ഞത്. തെറ്റുചെയ്ത സ്വന്തം മകനോട് ക്ഷമിക്കാതെ, അവന്റെ നെഞ്ചിൽ കത്തികുത്തിയിറക്കി ശിക്ഷനടപ്പാക്കിയ സേനാപതിയെയാണ് ആദ്യസിനിമയുടെ ക്ലൈമാക്സിൽ പ്രേക്ഷകൻ കണ്ടത്. ഇന്ത്യന് മരണമില്ലെന്നും തെറ്റ് എവിടെ നടന്നാലും അവിടെ എത്തുമെന്നുമുള്ള പ്രഖ്യാപനത്തോടെയാണ് അന്ന് സിനിമ അവസാനിച്ചത്.
ചിത്രത്തിന് രണ്ടാംഭാഗം വരുന്നതായുള്ള പ്രഖ്യാപനവും ചിത്രീകരണവാർത്തകളുമെല്ലാം ആഘോഷത്തോടെയാണ് സിനിമാപ്രേമികൾ സ്വീകരിച്ചത്. ആക്ഷൻ രംഗങ്ങളാണ് ഇന്ത്യൻ 2-വിന്റെ ഹൈലൈറ്റ്. ചിത്രീകരണത്തിനിടെ ലൊക്കേഷനിൽ അപകടമുണ്ടായതും സംവിധായകൻ ഷങ്കർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതുമെല്ലാം നടുക്കത്തോടെയാണ് സിനിമാലോകം കേട്ടത്. പൂനമല്ലി നസറത്ത് പേട്ടയിലെ ഫിലിം സിറ്റിയിൽനടന്ന അപകടത്തിൽ സംവിധാനസഹായികളും നൃത്തസംവിധായകനും ഉൾപ്പെടെ മൂന്നുപേരാണ് മരിച്ചത്.
ഗാനചിത്രീകരണത്തിനായുള്ള സെറ്റിടൽ പുരോഗമിക്കവെയാണ് അപകടമുണ്ടായത്. ക്രെയിനിന്റെ മുകളിൽക്കെട്ടിയ ഭാരമേറിയ വലിയ ലൈറ്റുകൾ ചെരിഞ്ഞുവീണതാണ് ദുരന്തകാരണം. സെറ്റിൽ ഒരുക്കിയ ടെന്റിന് മുകളിൽ ക്രെയിൻ വീണതോടെ മൂന്നുപേരും അതിനടിയിൽ അകപ്പെടുകയായിരുന്നു. ഷങ്കർ ഇരുന്നിടത്തുനിന്ന് തെന്നിമാറിയതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു.
സേനാപതിയുടെ രൂപത്തിലേക്ക് കമൽഹാസനെ മാറ്റിക്കൊണ്ടുവരാൻ ദിവസവും നാലുമണിക്കൂർ വേണ്ടിവന്നതായി സിനിമയുടെ മേക്കപ്പ് വിഭാഗം പറയുന്നു. ചിത്രീകരണത്തിനുശേഷം മേക്കപ്പ് ഒഴിവാക്കാൻ രണ്ടുമണിക്കൂർ എടുത്തിരുന്നതായും അവർ കൂട്ടിച്ചേർത്തു.
വർഷങ്ങൾക്കുശേഷം കമൽഹാസനെ വീണ്ടും സേനാപതിയുടെ വേഷത്തിൽ കണ്ടതിന്റെ സന്തോഷം ഷങ്കർ പങ്കുവെച്ചു, കാലമിത്ര കഴിഞ്ഞെങ്കിലും കഥാപാത്രത്തിന്റെ മുഖത്തെ ഊർജത്തിന് യാതൊരു കുറവും വന്നില്ലെന്ന് ഷങ്കർ പറഞ്ഞു. മുമ്പ് ഇന്ത്യൻ ചിത്രീകരിക്കുമ്പോൾ അന്നത്തെ സാമൂഹികാവസ്ഥയും പൊതുജനം നേരിടുന്ന അക്കാലത്തെ പ്രശ്നങ്ങളുമാണ് കഥയിലേക്ക് കൊണ്ടുവന്നതെന്നും സേനാപതിയുടെ രണ്ടാം വരവിൽ നിലവിലെ കൊള്ളരുതായ്മകളും അതിനെതിരേ നായകൻ നടത്തുന്ന പോരാട്ടങ്ങളും കാണാമെന്നും സംവിധായകൻ വിശദീകരിച്ചു.
ഇന്ത്യൻ 2 എന്ന സിനിമയിലൂടെ കാലം ആവശ്യപ്പെടുന്ന കാര്യങ്ങൾ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കമൽഹാസൻ പറഞ്ഞു. ആദ്യസിനിമയിൽ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമിയെന്ന സി.ബി.ഐ. ഉദ്യോഗസ്ഥനെ വി.എഫ്.എക്സിലൂടെ പുനഃസൃഷ്ടിച്ച് ഇന്ത്യൻ 2-വിൽ അവതരിപ്പിക്കുന്നു എന്നത് സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ, റെഡ് ജെയന്റ് മൂവീസ് എന്നിവർ ചേർന്നാണ് ഇന്ത്യൻ 2-വിന്റെ നിർമാണം. ലൈക്ക പ്രൊഡക്ഷൻസ് ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെ സേനാപതിയുടെ തിരിച്ചുവരവിനായി ഒരുങ്ങാൻ പ്രേക്ഷകരോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ജൂണിൽ ചിത്രം പ്രദർശനത്തിനെത്തും.
കമൽഹാസനുപുറമേ കാജൽ അഗർവാൾ, രാകുൽ പ്രീത് സിങ്, എസ്.ജെ. സൂര്യ, ബോബിസിംഹ, പ്രിയ ഭവനാനി ശങ്കർ, തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്. ഇന്ത്യൻ ആദ്യഭാഗത്തിന് ആവേശം നൽകിയത് എ.ആർ. റഹ്മാന്റെ സംഗീതമായിരുന്നെങ്കിൽ രണ്ടാംഭാഗത്തിന് അകമ്പടിയായെത്തുന്നത് അനിരുദ്ധിന്റെ സംഗീതമാണ്. ക്യാമറ രവി വർമൻ, എഡിറ്റിങ് ശ്രീകർപ്രസാദ്. ഷങ്കറിന്റെ കഥയ്ക്ക് ഷങ്കറിനൊപ്പം ചേർന്ന് ജയമോഹൻ, കബിലൻ, വൈരമുത്തു, ലക്ഷ്മി ശരവണ കുമാർ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]