
നർത്തകരുടെ നിറവുമായും സൗന്ദര്യവുമായും ബന്ധപ്പെട്ട് നർത്തകി കലാമണ്ഡലം സത്യഭാമ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ. സത്യഭാമ പറഞ്ഞത് കൂടി പോയെന്നും മാപ്പ് പറയണമെന്നും വിനയൻ പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് സംവിധായകൻ്റെ പ്രതികരണം. ചാലക്കുടിക്കാരൻ നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു സത്യഭാമയുടെ പരാമര്‍ശം. സംഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞു. പേര് പരാമർശിച്ചില്ലെങ്കിലും പ്രതികരണവുമായി നർത്തകനും നടനുമായ ആർ.എൽ.വി രാമകൃഷ്ണൻ രംഗത്ത് വന്നതോടെയാണ് വലിയ ചർച്ചയായത്. അന്തരിച്ച നടന് കലാഭവന്‍ മണിയുടെ സഹോദരന് കൂടിയാണ് ആര്.എല്‍.വി രാമകൃഷ്ണന്.
വിനയൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
കലാഭവൻമണിയുടെ അനുജൻ R L V രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചത് ഹീനവും നിന്ദ്യവുമായ പ്രവർത്തിയാണ് ശ്രീമതി കലാമണ്ഡലം സത്യഭാമ ഒരു കലാകാരിയാണന്ന് അഭിമാനിക്കുന്നുണ്ടെങ്കിൽ അത് പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കേണ്ടതാണ്. ശ്രീമതി സത്യഭാമ ചാനലുകാരോട് സംസാരിക്കുമ്പോൾ പുറകിലത്തെ ചുവരിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ ചിത്രം കണ്ടതായി തോന്നുന്നു.
സത്യഭാമടീച്ചറേ… ശ്രീകൃഷ്ണ ഭഗവാൻ കാക്കകറുമ്പൻ ആയിരുന്നു. കാർമുകിൽ വർണ്ണന്റെ സൗന്ദര്യത്തേ പാടി പുകഴ്ത്തുന്ന എത്രയോ കൃതികൾ ടീച്ചർ തന്നെ വായിച്ചിട്ടുണ്ടാകും. അസുരന്മാരെ മോഹിപ്പിച്ച് കീഴ്പ്പെടുത്താനായി മോഹിനി ആയി വേഷം കെട്ടിയത് തന്നെ മഹാവിഷ്ണുവാണ്. മഹാവിഷ്ണു സ്ത്രീ അല്ലല്ലോ ടീച്ചറേ. പിന്നെ ഈ പറയുന്നതിൽ എന്ത് ന്യായമാണ്. അപ്പോൾ ഇതിൽ മറ്റെന്തോ വെറുപ്പിന്റ അംശമുണ്ട്. ആ വെറുപ്പിന്റെയും അവഗണനയുടെയും വേദന തന്റെ കലാജീവിതത്തിൽ ഒത്തിരി അനുഭവിച്ചിട്ടുണ്ടന്ന് കലാഭവൻമണി എന്നോട് കരഞ്ഞു പറഞ്ഞിട്ടുള്ള കാര്യം ഇപ്പോൾ ഇവിടെ ഓർത്തു പോകുന്നു. രാമകൃഷ്ണൻ മണിയുടെ സഹോദരനായതു കൊണ്ടു തന്നെ ഈ അധിക്ഷേപ തുടർച്ചയേ വളരെ വേദനയോടെ ആണ് ഞാൻ കാണുന്നത്.
നമ്മുടെ നാടിന്റെ മാനവികത നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഇവനെ ഒക്കെ കണ്ടാൽ അരോചകമാണ് പെറ്റതള്ള പോലും സഹിക്കില്ല എന്ന വാക്ക് കുറച്ചല്ല ഒത്തിരി കൂടിപ്പോയി ടീച്ചറേ. തനിക്കോ തന്റെ മക്കൾക്കോ ജനിക്കുന്ന കുട്ടികൾ വിരൂപനോ, വികലാംഗനോ ആയാൽ ഒരാൾക്ക് ഇതുപോലെ പറയാൻ പറ്റുമോ?
പൊക്കം കുറഞ്ഞ മനുഷ്യരെ വച്ച് ഞാൻ ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിൽ തന്റെ പൊക്കക്കുറവിനെ പരിഹസിച്ച ഒരു പ്രൊഡക്ഷൻ ബോയിയോട് – ചേട്ടാ ദൈവം നമ്മളെ സ്രഷ്ടിച്ചപ്പോൾ ഒന്നു മാറി ചിന്തിച്ചിരുന്നെങ്കിൽ ചേട്ടൻ എന്നെപ്പോലെ കുള്ളനും ഞാൻ ചേട്ടനെ പോലെ നല്ല പൊക്കമുള്ളവനും ആയേനെ എന്ന് നിറഞ്ഞ കണ്ണുകളോടെ ഒരു കൊച്ചു മനുഷ്യൻ പറഞ്ഞപ്പോൾ അവനെ വാരി എടത്ത് പശ്ചാതാപത്തോടെ അവന്റെ അടുത്ത് നൂറ് സോറി പറഞ്ഞ പ്രൊഡക്ഷൻ ബോയിയെ ഞാനോർക്കുന്നൂ. ആ പ്രൊഡക്ഷൻ ബോയിയുടെ മനസ്സിന്റെ വലുപ്പമെങ്കിലും ഒത്തിരി ശിഷ്യരൊക്കെയുള്ള ശ്രീമതി കലാമണ്ഡലം സത്യഭാമയ്ക്ക് ഉണ്ടാകട്ടെ എന്നാംശംസിക്കുന്നു. അതല്ലെങ്കിൽ സാംസ്കാരിക കേരളത്തിന് ഒരപമാനമായിരിക്കും.
കലാമണ്ഡലം സത്യഭാമയ്ക്കെതിരേ ഒട്ടേറെയാളുകളാണ് വിമർശനവുമായി രംഗത്ത് വരുന്നത്. അതേസമയം തന്റെ അധിക്ഷേ പരാമർശത്തിൽ ഉറച്ച് നിൽക്കുകയാണ് സത്യഭാമ. ഞാൻ എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. മോഹിനിയാട്ടം പുരുഷൻമാർ അവതരിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് സൗന്ദര്യം വേണം. സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവര്‍ മത്സരത്തിന് വരരുത്. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോള്‍ പലരും മത്സരങ്ങള്‍ക്ക് വരുന്നതെന്നും സത്യഭാമ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]