
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് തുടരും. ചിത്രത്തിലെ ആദ്യഗാനം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എം.ജി. ശ്രീകുമാര്‍ ആലപിച്ച ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. കണ്മണിപ്പൂവേ എന്ന ഗാനത്തെ പ്രേക്ഷകര്‍ ഇരും കൈയും നീട്ടിയാണ് സ്വീകരിച്ചത്.
പിന്നാലെ, ചിത്രത്തിന്റെ പ്രമോഷനായി വ്യത്യസ്തമായ വഴി സ്വീകരിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ മോഹന്‍ലാലും ശോഭനയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ക്കായി പ്രത്യേക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയാണ് വ്യത്യസ്ത പ്രമോഷന്. ചേട്ടന് ആന്‍ഡ് ചേച്ചി ട്രെന്‍ഡിങ് ഇന്‍ ഇസ്റ്റഗ്രാം എന്ന മുഖവുരയോടെ സംവിധായകന് തരുണ്‍ മൂര്‍ത്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഷണ്മുഖനും ലളിതയും ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടെന്നും തരുണ്‍ മൂര്‍ത്തി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഡ്രൈവര്‍ ഷണ്മുഖന് എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ അക്കൗണ്ടിന്റെ ഐ.ഡി. ഡ്രൈവര്‍ @ ടാക്സി സ്റ്റാന്‍ഡ് എന്നാണ് ബയോ. ലളിത ഷണ്മുഖന് എന്ന ഐ.ഡിയിലാണ് ശോഭനയുടെ അക്കൗണ്ട്. പവിത്രം മില്‍സ് ഓണര്‍ എന്നാണ് ബയോ. കഴിഞ്ഞദിവസം പുറത്തുവന്ന പാട്ടുമായി ബന്ധപ്പെട്ട പോസ്റ്റുകളാണ് ഇരു അക്കൗണ്ടുകളിലേറെയും.
മോഹന്‍ലാലിന്റെ 360-ാം ചിത്രമെന്ന പ്രത്യേകതയ്ക്കു പുറമേ ശോഭനയും മോഹന്‍ലാലും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും തുടരും സിനിമയ്ക്കുണ്ട്. 2009-ല്‍ അമല്‍ നീരദ് സംവിധാനം ചെയ്ത സാഗര്‍ ഏലിയാസ് ജാക്കിയിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. 2004-ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മാമ്പഴക്കാലത്തിലാണ് മോഹന്‍ലാലും ശോഭനയും അവസാനമായി ജോഡികളായത്.
കെ.ആര്. സുനിലിന്റേതാണ് കഥ. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എം. രഞ്ജിത്ത് ആണ്. ഛായാഗ്രഹണം: ഷാജികുമാര്‍, എഡിറ്റിങ് -നിഷാദ് യൂസഫ്, ഷഫീഖ് വി.ബി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]