
‘തടവി’ലെ ഗീതട്ടീച്ചറെ മുന്‍പെങ്ങോ കണ്ടപോലെ. എങ്ങായിരിക്കണം? ഓര്‍ത്തുനോക്കിയപ്പോള്‍ ബാല്യസ്മൃതികളുടെ തിരശ്ശീലയില്‍ ഒരു മുഖം തെളിഞ്ഞുവന്നു. അച്ഛന് മാനേജരായി ജോലി ചെയ്തിരുന്ന കാപ്പിത്തോട്ടത്തിലെ ഒരു പാവം തൊഴിലാളി സ്ത്രീയുടെ മുഖം.
പൊതുവെ ഏകാകിയാണ്. കഠിനാധ്വാനിയും. അത്യാവശ്യം മദ്യപിക്കും. ആരോടും അധികം ഇടപഴകിക്കണ്ടിട്ടില്ല. ചിരി പോലും കുറവ്. ഇടക്ക് ചില മാനസിക പ്രശ്നങ്ങള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ ആളാകെ മാറും. ശാന്തസ്വഭാവം ക്രോധത്തിന് വഴിമാറും. പ്രവചനാതീതമായിരിക്കും പിന്നീടുള്ള പെരുമാറ്റം. എസ്റ്റേറ്റിലെ പാടിയില്‍ ഭര്‍ത്താവും മകനുമൊരുമിച്ചായിരുന്നു താമസം. ഒരു നാളറിയുന്നു കടുത്ത മദ്യപാനിയായ ഭര്‍ത്താവ് മകനേയും കൊണ്ട് സ്ഥലംവിട്ടു എന്ന്.
‘എന്റെ മോനേം കൊണ്ട് ആ എരപ്പാളി ഓടിപ്പോയീ മൊതലാളീ’ എന്ന് കരഞ്ഞുവിളിച്ചുകൊണ്ട് മാനേജരുടെ ക്വാര്‍ട്ടേഴ്സിന്റെ പടികയറി ഓടിവരുന്ന ആ അമ്മയുടെ ചിത്രം മങ്ങിയ ഓര്‍മയായി മനസ്സിലുണ്ട്. ആയിടക്കൊരു ദിവസം പണി തീര്‍ത്ത് കൂലി കൈപ്പറ്റാന്‍ വന്നപ്പോള്‍ എസ്റ്റേറ്റിലെ മേസ്തിരി അവരോട് ചോദിച്ചു: ‘നെനക്കെന്താ കൊറച്ച് അടക്കോം ഒതുക്കോം ആയി കഴിഞ്ഞൂടെ? എന്തിനാ ഇങ്ങനെ ആള്‍ക്കാരെ വെറുതെ വെറുപ്പിക്കണത്?
അവര്‍ ചിരിച്ചു. അപൂര്‍വമായി മാത്രം വിടരുന്ന ചിരി. എന്നിട്ട് പറഞ്ഞു: ‘എന്തിനാ മേസിരീ? മ്മള് മ്മക്ക് ഇഷ്ടള്ള മാതിരി ജീവിച്ചാ ആര്‍ക്കാ കൊഴപ്പം? എനിക്കിനി നേര്യാവാന്‍ പറ്റില്ല. ഈ വണ്ടി ഇങ്ങനെയേ പോകൂ. ന്താ ങ്ങക്കെന്തെങ്കിലും ചേതം ണ്ടോ? ണ്ടെങ്കില് പറയിന്‍.’ ഉത്തരമുണ്ടായിരുന്നില്ല മേസ്തിരിക്ക്.
സ്ഥായിയായ ആ പരുക്കന്‍ ഭാവത്തിനു പിന്നിലെ ആര്‍ദ്രമായ മനസ്സ് തിരിച്ചറിഞ്ഞത് അപ്രതീക്ഷിതമായി ഒരിക്കല്‍ അവര്‍ കരഞ്ഞുകണ്ടപ്പോഴാണ്. അടുക്കള ജനാലക്കപ്പുറത്ത് നിന്നുകൊണ്ട് അമ്മയുമായി സംസാരിക്കേ അറിയാതെ വിതുമ്പിപ്പോകുകയായിരുന്നു അവര്‍. എന്തായിരുന്നു സംസാരവിഷയം എന്നറിയാനുള്ള പ്രായമായിരുന്നില്ല. ജീവിതം തന്നോട് കാണിച്ച നെറികേടുകളായിരുന്നോ? വളരെ ബുദ്ധിമുട്ടി അമ്മ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് ഓര്‍മയുണ്ട്.
വൈരുധ്യങ്ങള്‍ നിറഞ്ഞ ആ വ്യക്തിത്വത്തിന്റെ എന്തൊക്കെയോ അംശങ്ങളില്ലേ ‘തടവി’ലെ ഗീതയിലും? എന്തായാലും അങ്കണവാടി ടീച്ചര്‍ അത്രയെളുപ്പം ഇറങ്ങിപ്പോകില്ല മനസ്സില്‍ നിന്ന്. തന്റേതല്ലാത്ത കാരണങ്ങളാല്‍ ഒരുപാട് പ്രതിസന്ധികളില്‍ ചെന്ന് പെടുന്ന ഒരു പാവം സ്ത്രീ. ഗീതയുടെ ജീവിതത്തിലെ അപ്രതീക്ഷിതമായ താളപ്പിഴകളും ആത്മസംഘര്‍ഷങ്ങളുമാണ് ‘തടവി’ന്റെ പ്രമേയം.
കഥാപാത്രവും അഭിനേത്രിയും മനസ്സുകൊണ്ടും ശരീരംകൊണ്ടും ഒന്നായിത്തീരുന്ന ഇന്ദ്രജാലം സമീപകാലത്ത് അപൂര്‍വമായേ അനുഭവിക്കാന്‍ കഴിഞ്ഞിട്ടുള്ളു. ‘തടവി’ല്‍ ആ മാജിക് നമുക്ക് കാണാം; ബീന ചന്ദ്രന് എന്ന നടിയുടെ സൂക്ഷ്മമായ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ.
ബീന മാത്രമല്ല ‘തടവി’ലെ ഓരോ കഥാപാത്രവും സ്വാഭാവിക അഭിനയശൈലിയിലൂടെ നമ്മെ വിസ്മയിപ്പിക്കുന്നു. ഹംസയായി അഭിനയിക്കുന്ന പി.പി. സുബ്രഹ്മണ്യനും ഉമയായി വേഷമിട്ട അനിതയും മലയാളസിനിമയില്‍ ഇനിയും ഉയരങ്ങള്‍ കീഴടക്കുമെന്നുറപ്പ്. പരിചിത മുഖങ്ങളൊന്നുമില്ലാതെ തന്നെ ‘തടവി’നെ എക്കാലവും ഓര്‍ത്തുവെക്കാവുന്ന അനുഭവമാക്കി മാറ്റിയ സംവിധായകന് ഫാസില്‍ റസാക്കിനിരിക്കട്ടെ ഒരു പൊന്‍തൂവല്‍.
സിനിമയെ അറിയാതെ സ്നേഹിച്ചുപോകാന്‍ മറ്റൊരു കാരണം കൂടിയുണ്ട്: പരിചിതമായ നാട്, നാട്ടുവഴികള്‍, പുഴയോരം, വയല്‍വരമ്പുകള്‍, സംസാരശൈലി, കുളക്കടവ്, വെള്ളിയാങ്കല്ല് പാലം, കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ചുമച്ചും കിതച്ചും ഓടുന്ന പട്ടാമ്പി-പള്ളിപ്പുറം ബസ്സുകള്‍… ഭാര്യയുടെ നാടാണല്ലോ പടത്തിന്റെ ലൊക്കേഷന്‍.
പടം തീര്‍ന്നപ്പോള്‍ തിയേറ്ററിലെ ചെറിയ പ്രേക്ഷകവൃന്ദം എഴുന്നേറ്റു നിന്ന് കയ്യടിച്ചു; ഒപ്പം ഞാനും. മഹാനടിയായ ഉര്‍വശിക്കൊപ്പം സംസ്ഥാന അവാര്‍ഡ് പങ്കിട്ട ബീന ആര്. ചന്ദ്രന് എന്ന പ്രതിഭാശാലിയായ അഭിനേത്രിക്ക് കൂടി വേണ്ടിയുള്ളതായിരുന്നു ആ കൈയടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]