ഹിന്ദി സിനിമാ താരം വരുണ്‍ കുല്‍ക്കര്‍ണി അസുഖബാധിതനായി ചികിത്സയിലാണെന്ന് റിപ്പോര്‍ട്ട്. വൃക്കസംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും നിലവില്‍ ഡയാലിസിസ് നടത്തിവരികയാണെന്നും നടന്റെ സുഹൃത്തായ റോഷന് ഷെട്ടിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ള വരുണ്‍ കുല്‍ക്കര്‍ണിയുടെ ചിത്രവും ചികിത്സാസഹായം അഭ്യര്‍ഥിച്ചുള്ള കുറിപ്പും കഴിഞ്ഞദിവസം റോഷന് ഷെട്ടി സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
നടനും കുടുംബവും ചികിത്സയ്ക്കായുള്ള പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണെന്നും ആശുപത്രി ബില്ലടയ്ക്കാന്‍ പ്രയാസപ്പെടുകയാണെന്നും സുഹൃത്ത് പറയുന്നു. ‘ധനസമാഹരണത്തിനായി സുഹൃത്തുക്കള്‍ നേരത്തെ ശ്രമം നടത്തിയെങ്കിലും വരുണിന്റെ ചികിത്സാച്ചെലവുകള്‍ വര്‍ധിച്ചുവരികയാണ്. ആഴ്ചയില്‍ രണ്ടോ മൂന്നോ ഡയാലിസിസിന് വിധേയനാകണം. വരുണ്‍ ഒരു മികച്ച കലാകാരന് മാത്രമല്ല, ദയാലുവായ നിസ്വാര്‍ഥനായ ഒരു മനുഷ്യന് കൂടിയാണ്. ചെറിയ പ്രായത്തിലേ അവന് മാതാപിതാക്കളെ നഷ്ടപ്പെട്ടു. പ്രതിസന്ധികളുണ്ടായിട്ടും അതിനെ നേരിട്ട് അഭിനയത്തോടും കലയോടുമുള്ള അഭിനിവേശത്തെ പിന്തുടര്ന്നു. എന്നിരുന്നാലും, ഒരു കലാകാരന്റെ ജീവിതം സാമ്പത്തിക വെല്ലുവിളികളുടേതാണ്. ഈ സമയം അദ്ദേഹത്തിന് നമ്മുടെ പിന്തുണ ആവശ്യമാണ്’, സുഹൃത്ത് പറഞ്ഞു.
നടന് സഹായം നല്‍കാനായി ബന്ധപ്പെടേണ്ടവരുടെ ഫോണ്‍നമ്പറുകളും റോഷന് ഷെട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. തുക എത്രയായാലും അതിന് വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നും വരുണിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ ഒരുമിച്ചുനില്‍ക്കാമെന്നും സുഹൃത്ത് പറഞ്ഞു.
ഷാരൂഖ് ഖാന്, വിക്കി കൗശല്‍ തുടങ്ങിയവര്‍ അഭിനയിച്ച ‘ഡങ്കി’ എന്ന ബോളിവുഡ് ചിത്രത്തില്‍ വരുണ്‍ കുല്‍ക്കര്‍ണി വേഷമിട്ടിട്ടുണ്ട്. ‘ദി ഫാമിലി മാന്‍’, ‘സ്കാം 1992’ തുടങ്ങിയ ഒ.ടി.ടി. സീരിസുകളിലും വരുണ്‍ അഭിനയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]