നടനും നിര്‍മാതാവുമായ ധനുഷിന്റെ ഹര്‍ജികള്‍ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് നെറ്റ്ഫ്ളിക്സ് ഇന്ത്യ നല്കിയ ഹര്‍ജികള്‍ വിധി പറയാനായി മാറ്റി. നയന്‍താരയുടെ ജീവിതം പറയുന്ന ‘നയന്‍താര: ബിയോണ്ട് ദി ഫെയറിടെയ്ല്‍’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കേസാണ് വിധിപറയാന്‍ മാറ്റിയത്. മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അബ്ദുള്‍ ഖുദ്ദോസിന്റെ ബെഞ്ചാണ് വിധി പറയുക.
ഡോക്യുമെന്ററിയില്‍ താന്‍ നിര്‍മിച്ച ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ ബി.ടി.എസ്. ദൃശ്യങ്ങള്‍ അനുമതി കൂടാതെ ഉപയോഗിച്ചെന്ന് കാണിച്ച് വണ്ടര്‍ബാര്‍ ഫിലിംസ് ഉടമയായ ധനുഷ് ഹര്‍ജി നല്‍കിയിരുന്നു. പകര്‍പ്പവകാശ നിയമങ്ങള്‍ പ്രകാരമായിരുന്നു കേസ്. ഇതിനെതിരെയായിരുന്നു നെറ്റ്ഫ്ളിക്സിന്റെ ഹര്‍ജി. ധനുഷിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ പരിധിയില്‍ വരുന്നതല്ലെന്നായിരുന്നു നെറ്റ്ഫ്ളിക്സിന്റെ വാദം.
2020-ല്‍ തന്നെ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കപ്പെട്ടിരുന്നുവെന്ന് നെറ്റ്ഫ്ളിക്സിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് പാര്‍ഥസാരഥി ചൂണ്ടിക്കാണിച്ചു. ഇതിനെതിരെ ഹര്ജിക്കാരന് നിയമനടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഡോക്യുമെന്ററി പുറത്തിറങ്ങി ഒരാഴ്ചയ്ക്ക് ശേഷമാണ് പരാതിക്കാരന് ഹര്‍ജിയുമായെത്തിയതെന്നും അദ്ദേഹം വാദിച്ചു.
അതേസമയം, സെറ്റില്‍ നടക്കുന്ന എന്തിന്റേയും പകര്‍പ്പവകാശം പണം മുടക്കുന്ന വ്യക്തിക്കാണെന്ന് വണ്ടര്‍ബാര്‍ ഫിലിംസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് പി.എസ്. രാമന് വാദിച്ചു. ഈ കേസില്‍ അത് ഹര്‍ജിക്കാരനായ ധനുഷ് ആണ്. ഡോക്യുമെന്ററിയുടെ ട്രെയ്ലര് റിലീസായതിന് പിന്നാലെ എതിര്‍ഭാഗത്തിന് ഇ- മെയില്‍ അയച്ചിരുന്നു. തന്റെ കക്ഷിക്ക് പകര്‍പ്പവകാശമുള്ള ഏതൊക്കെ ദൃശ്യഭാഗങ്ങളാണ് ഉപയോഗിച്ചത് എന്ന് അറിയാത്തതുകൊണ്ടാണ് ഹര്‍ജി നല്കാന് ഡോക്യുമെന്ററിയുടെ റിലീസ് വരെ കാത്തിരുന്നത്. ചിത്രത്തിലെ നയന്‍താരയുടെ കോസ്റ്റിയൂമിലും ഹെയര്സ്റ്റൈലിലുമുള്ള രൂപങ്ങള്‍ നിര്‍മാതാവിന് കോപ്പിറൈറ്റ് ഉണ്ടാവുമെന്ന് നടി കരാറിലെത്തിയതാണെന്നും അദ്ദേഹം വാദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]