
ബോളിവുഡ് നടന് സെയ്ഫ് അലിഖാന്റെ 15,000 കോടി മൂല്യമുള്ള കുടുംബസ്വത്ത് ‘ശത്രുസ്വത്താ’ണെന്ന് കോടതി അംഗീകരിച്ചതോടെ സ്വത്ത് ഏറ്റെടുക്കാനുള്ള നടപടി ആരംഭിച്ചിരിക്കുകയാണ് സര്‍ക്കാര്‍. മധ്യപ്രദേശിലെ ഭോപ്പാലില്‍ പട്ടൗഡി കുടുംബത്തിന്റെ സ്വത്ത് ശത്രുസ്വത്താണെന്ന് കോടതി നേരത്തെതന്നെ കണ്ടെത്തിയിരുന്നു. ഇതിനെതിരേ നടന് സെയ്ഫ് അലിഖാന് നല്കിയ ഹര്‍ജി കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശ് ഹൈക്കോടതി തള്ളിയത്. ഇതോടെയാണ് സ്വത്ത് ഏറ്റെടുക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിടാനൊരുങ്ങുന്നത്.
1804-ല്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയാണ് ഹരിയാണയിലെ ചെറിയ രാജഭരണ പ്രദേശമായ പട്ടൗഡി സംസ്ഥാനം രൂപത്കരിച്ചത്. നവാബ് ഭരണം നിലനിന്നിരുന്ന ഇവിടെ ഫായിസ് തലാബ് ഖാന് ആയിരുന്നു ആദ്യ നവാബ്. 1804 ഫായിസ് തലാബ് ഖാന് തുടക്കമിട്ട നവാബ് ഭരണം പിന്തുടർച്ചയായി 1949 വരെ നീണ്ടുനിന്നു. ഇവരുമായി സെയ്ഫ് അലിഖാന്റെ മുത്തശ്ശിക്കുള്ള ബന്ധമാണ് നിലവിലെ പട്ടൗഡി സ്വത്തവകാശത്തിലേക്ക് സെയ്ഫിനെ എത്തിച്ചത്. ആ ബന്ധം ഇങ്ങനെയാണ്:
1947 ല്‍ നവാബ് ഹമീദുള്ളഖാനായിരുന്നു രാജഭരണ പ്രദേശമായ ഭോപ്പാല്‍ ഭരിച്ചത്. അദ്ദേഹത്തിന് മൂന്ന് പെണ്‍മക്കളുണ്ടായിരുന്നു. ഇതില്‍ രണ്ടാമത്തെ മകള്‍ സാജിദ സുല്‍ത്താന്‍ ഒഴികെ മറ്റുള്ളവര്‍ പിന്നീട് പാകിസ്താനിലേക്ക് കുടിയേറി. ഇന്ത്യയില്‍ തുടര്‍ന്ന സാജിദ സുല്‍ത്താന്‍ പട്ടൗഡി സംസ്ഥാനത്തെ എട്ടാമത്തെ നവാബായ ഇഫ്തിക്കര്‍ അലി ഖാന് പട്ടൗഡിയെ വിവാഹം ചെയ്തു. ഇവരുടെ മകനാണ് സെയ്ഫ് അലിഖാന്റ പിതാവും ഒമ്പതാമത് പട്ടൗഡി നവാബുമായ മന്‍സൂര്‍ അലിഖാന്. ഈ നവാബ് മന്‍സൂര്‍ അലിഖാന്റെയും ഷര്‍മിള ടാഗോറിന്റേയും മകനാണ് നടന് സെയ്ഫ് അലിഖാന്. ഇങ്ങനെയാണ് പട്ടൗണ്ടി കുടംബത്തിന്റെ സ്വത്തിന്റെ അവകാശികളിലൊരാളായി സെയ്ഫ് അലിഖാന് മാറുന്നത്.
ഇന്ത്യാ-പാക് യുദ്ധത്തിന് ശേഷവും ഇന്ത്യാ-ചൈന യുദ്ധത്തിന് ശേഷവും പാകിസ്താനിലോ ചൈനയിലോ അഭയം പ്രാപിക്കുകയും അവരുടെ പൗരത്വം സ്വീകരിക്കുകയും ചെയ്തവര്‍ ഇന്ത്യയില്‍ ഉപേക്ഷിച്ചുപോയ സ്വത്തുക്കളാണ് ശത്രുസ്വത്തുക്കള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇത് ഏറ്റെടുക്കുന്നതിനും വില്‍പ്പന നടത്തുന്നതിനും പ്രത്യേക നിയമവും സര്‍ക്കാര്‍ കൊണ്ടുവന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടൗഡി കുടുംബത്തിന്റ സ്വത്ത് ശത്രുസ്വത്തായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനെതിരേ സ്വത്തിന്റെ അനന്തരാവകാശിയായ സെയ്ഫ് അലിഖാന് നിയമപോരാട്ടവും തുടങ്ങിയിരുന്നു. ഇതിലാണ് വര്‍ഷങ്ങള്‍ക്കിപ്പുറം തീരുമാനമായിരിക്കുന്നത്.
സെയ്ഫ് അലിഖാന് കുട്ടിക്കാലത്ത് ചെലവഴിച്ച ഫ്ളാഗ് സ്റ്റാഫ് ഹൗസ്, നൂര്‍-അസ്-സാബ പാലസ്, ദാറുസലാം, ഹബീബി ബംഗ്ലാവ്, അഹമ്മദാബാദ് പാലസ്, കൊഹ്ഫീസ പ്രോപ്പര്‍ട്ടി എന്നിവയെല്ലാ ഉള്‍പ്പെട്ടതാണ് 15000 കോടിയുടെ സ്വത്ത്.
സെയഫ് അലിഖാന്റെ മുത്തശ്ശി സാജിദ സുല്‍ത്താന്റെ സഹോദരി ആബിദ സുല്‍ത്താന്‍ പാകിസ്താനിലേക്ക് കുടിയേറിയപ്പോള്‍ സാജിദ രാജ്യത്തുതന്നെ തുടര്‍ന്നിരുന്നു. ആബിദയുടെ കുടിയേറ്റം ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യം പട്ടൗഡി സ്വത്ത് സര്‍ക്കാര്‍ ശത്രുസ്വത്തായി പ്രഖ്യാപിച്ചത്. എന്നാല്‍, 2019-ല്‍ സാജിദ സുല്‍ത്താനും ഈ സ്വത്തിന്റെ അവകാശിയാണെന്ന് കോടതി അംഗീകരിച്ചിരുന്നു. ഇതോടെ സെയ്ഫിന്റെ നിയപോരാട്ടത്തിന് ശക്തിവര്ധിക്കുകയും ചെയ്തിരുന്നു. എന്നാൽ, സെയ്ഫിന് സ്വത്ത് നഷ്ടപ്പെടുന്ന വിധത്തിലാണ് ഇപ്പോൾ കോടതിവിധി ഉണ്ടായിരിക്കുന്നത്.
സെയ്ഫിന്റെ ഹര്‍ജി നേരത്തെയും ഹൈക്കോടതി തള്ളിയിരുന്നുവെങ്കിലും അപ്പീല്‍ ട്രൈബ്യൂണലിനെ സമീപിക്കാന്‍ സെയ്ഫിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, കുടുംബം നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. ഇതോടെയാണ് സെയ്ഫ് അലിഖാന്റെ കുടുംബം കൈവശം വെക്കുന്ന മധ്യപ്രദേശിലെ 15,000 കോടി രൂപയുടെ സ്വത്ത് സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന അവസ്ഥയിലേക്കെത്തിയത്. മധ്യപ്രദേശിലെ ഭോപാലില്‍ കൊഹേഫിസ മുതല്‍ ചിക്ലോദ് വരെ നീണ്ടുകിടക്കുന്നതാണ് ചരിത്രപ്രാധാന്യമുള്ള ഈ വസ്തുവകകള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]