ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലിഖാന്റെയും കരീന കപൂറിന്റെയും വീട്ടില്‍ നടന്ന മോഷണശ്രമവും സെയ്ഫ് അലിഖാന് ഗുരുതരമായി പരിക്കേൽക്കാനിടയായ അക്രമ സംഭവവും രാജ്യം വലിയ ഞെട്ടലോടെയാണ് കേട്ടത്. ചികിത്സയിലൂടെ അപകടനില തരണംചെയ്ത നടന് കഴിഞ്ഞദിവസം ആശുപത്രി വിട്ടിരുന്നു.
രാത്രിയിൽനടന്ന അക്രമത്തേക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണായകമായത് സെയ്ഫിന്റെ മക്കളുടെ ആയയും മലയാളിയുമായ ഏലിയാമ്മയുടെ മൊഴിയാണ്. കുട്ടികളുടെ മുറിയില്‍ കയറിയ ആക്രമിയെ ആദ്യം കണ്ടത് താനാണെന്ന് ഏലിയാമ്മ പോലീസിനോട് പറഞ്ഞിരുന്നു. രാത്രി രണ്ട്മണിയോടെ എന്തോ ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. മുറിയിലെ ബാത്റൂം വാതില്‍ തുറന്നിട്ടതും ലൈറ്റിട്ടതും ശ്രദ്ധയില്‍പെട്ടു. മക്കളെ നോക്കാന്‍ കരീന ഉണര്ന്നതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. വീണ്ടും കിടന്നെങ്കിലും എന്തോ അസ്വാഭാവികമായി തോന്നിയതോടെ വീണ്ടും പോയിനോക്കിയപ്പോഴാണ് ആക്രമിയെ കണ്ടത്. തന്നെ കണ്ടതോടെ കൈവിരലുകള്‍ ചൂണ്ടോട് ചേര്‍ത്തുവെച്ച് ഒച്ചയുണ്ടാക്കരുതെന്നും ആരും പുറത്തുപോവരുതെന്നും ഹിന്ദിയില്‍ ആവശ്യപ്പെട്ടതായും അവർ പറഞ്ഞു.
കുട്ടിയെ എടുക്കാന്‍ ഞാന്‍ ഓടിയതോടെ തന്നെ അക്രമിക്കാനൊരുങ്ങി. മരവടിയും ആക്സോബ്ലെയ്ഡും കൊണ്ടായിരുന്നു ആക്രമിക്കാന്‍ ശ്രമിച്ചത്. കൈകൊര്ത്തുവെച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ തന്റെ രണ്ട് കണങ്കൈയിലും ബ്ലെയ്ഡ് കൊണ്ടെന്നും ഏലിയാമ്മ പറഞ്ഞു. ഇതിനിടെ നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് അക്രമിയോട് ചോദിച്ചിരുന്നു. ഒരുകോടി രൂപ വേണമെന്ന് അക്രമിപറഞ്ഞതായി ഏലിയിമ്മ മൊഴി നല്‍കിയിട്ടുണ്ട്. ഈ ബഹളം കേട്ടാണ് സെയ്ഫും കരീനയും എത്തുന്നുതും അക്രമിയെ നേരിടാന്‍ ശ്രമിച്ചതും സെയ്ഫിന് ഗുരുതരമായി പരിക്കേറ്റതും. മരത്തടികൊണ്ടും ആക്സോബ്ലൈഡുകൊണ്ടും കത്തികൊണ്ടുമാണ് നടനെ ആക്രമിച്ചത്.
പിന്‍ഭാഗത്തെ ഏണിപ്പടികളും എയര്‍ കണ്ടിഷണിങ ഡക്ടും വഴിയാണ് അക്രമി മുകളിലെത്തിയത്. തുടര്‍ന്ന് ശൗചാലയത്തിന്റെ ജനാല വഴി ഉള്ളില്ക്കടക്കുകയായിരുന്നു. ഏറ്റുമുട്ടലിനു ശേഷം അക്രമിയെ മുറിയില്‍ പൂട്ടിയിട്ട് തങ്ങള്‍ പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഏലിയാമ്മ മൊഴിനൽകിയിട്ടുള്ളത്. അക്രമിയില്‍നിന്ന് രക്ഷപ്പെട്ട് സെയ്ഫ് പുറത്തുകടക്കുകയും അക്രമിയെ മുറിക്കുള്ളിൽ പൂട്ടിയിടുകയും ചെയ്തു. ഈ മുറിയിലെ ശൗചാലയത്തിന്റെ ജനാലവഴി ഇയാൾ പുറത്തുകടക്കുകയായിരുന്നു. തുടർന്ന് കയറിവന്നതുപോലെതന്നെ എ.സി ഡക്ടും പിന്നിലെ ഗോവണിപ്പടിയും വഴി രക്ഷപ്പെടുകയുമായിരുന്നുവെന്നും ഏലിയാമ്മ പോലീസിനോട് പറഞ്ഞു.
മോഷ്ടാവിനെ പിടികൂടാനായി പോലീസ് മുപ്പതംഗ അന്വേഷണ സംഘത്തെയാണ് രൂപവത്കരിച്ചത്. സിസിടിവിയടക്കം പരിശോധിച്ചുള്ള പഴുതടച്ച അന്വേഷണത്തിനിടെ ബംഗ്ലാദേശ് പൗരന് ഷരീഫുള്‍ ഇസ്ലാം പിടിയിലാവുകയായിരുന്നു. ആദ്യം കൊല്‍ക്കത്തിയിലേക്ക് കടക്കാനും അവിടെ നിന്ന് ബംഗ്ലാദേശിലേക്ക് രക്ഷപ്പെടാനുമുള്ള ശ്രമത്തിനിടെയാണ് താനെയിൽനിന്ന് ഷരീഫുൾ ഇസ്ലാം പിടിയിലായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]