കത്തിക്കുത്തേറ്റ് ചോര വാർന്നുകൊണ്ടിരുന്ന തന്നെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണയെ കണ്ട് നടൻ സെയ്ഫ് അലി ഖാൻ. ചൊവ്വാഴ്ച ആശുപത്രി വിടുംമുൻപായിരുന്നു ഇരുവരും തമ്മിൽക്കണ്ടത്. റാണയോട് സെയ്ഫ് അലി ഖാന്റെ അമ്മയും നടിയുമായ ഷർമിള ടാഗോർ നന്ദി പറഞ്ഞു.
മുംബൈ ലീലാവതി ആശുപത്രിയിൽവെച്ചാണ് സെയ്ഫ് അലി ഖാനും ഭജൻ സിംഗ് റാണയും കണ്ടത്. കൂടിക്കാഴ്ച അഞ്ചുമിനിറ്റ് നീണ്ടു. റാണയെ ആശ്ലേഷിച്ച സെയ്ഫ് അദ്ദേഹത്തിന്റെ നല്ല മനസിന് നന്ദി പറഞ്ഞു. ശേഷം ഇരുവരും ചേർന്ന് ചിത്രവുമെടുത്തു.
“തിരക്കിട്ട് പോകുമ്പോഴാണ് ഗേറ്റിനടുത്തുനിന്ന് ഒരു വിളികേട്ടത്. ഒരു സ്ത്രീ സഹായത്തിനായി കരഞ്ഞുവിളിക്കുകയായിരുന്നു. ഓട്ടോയിൽ കയറിയത് സെയ്ഫ് അലി ഖാനാണെന്ന് ആദ്യം മനസിലായിരുന്നില്ല. പരിക്കേറ്റ നിലയിലായിരുന്ന അദ്ദേഹം തനിയെ നടന്നുവന്നാണ് ഓട്ടോയിൽ കയറിയത്. ഒരു കുട്ടിയും മറ്റൊരാളും ഒപ്പമുണ്ടായിരുന്നു. ആശുപത്രിയിലെത്താൻ എത്ര സമയമെടുക്കുമെന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്. എട്ടോ പത്തോ മിനിറ്റുകൊണ്ട് ആശുപത്രിയിലെത്തി. സെയ്ഫിന്റെ പുറത്തുനിന്നും കഴുത്തിൽനിന്നും ചോര വരുന്നുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചതിന് പൈസപോലും വാങ്ങിയില്ല ഞാൻ. ഒരാളെ സമയത്ത് സഹായിക്കാൻ സാധിച്ചല്ലോ എന്നാണ് കരുതിയത്.” റാണ ഇന്ത്യാ ടുഡേയോട് പ്രതികരിച്ചതിങ്ങനെയായിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആക്രമണത്തിൽ നടന് ആറ് തവണ കുത്തേൽക്കുകയും കത്തി മുറിഞ്ഞ് ശരീരത്തിൽ തറയ്ക്കുകയും ചെയ്തു. ചോരയിൽ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ആക്രമണശേഷം പ്രതി വീട്ടിൽ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. നടനെ ആക്രമിച്ച ബംഗ്ലാദേശ് പൗരൻ ഷരീഫുൾ ഇസ്ലാമിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]