അക്ഷയ് ഖന്ന എന്നാല്‍ മനോഹരമായ ഒരു പുഞ്ചിരിയായിരിക്കും സിനിമാ പ്രേമികളുടെ മനസില്‍ വരിക, എന്നാല്‍ ലക്ഷ്മണ് ഉടേക്കര്‍ സംവിധാനം ചെയ്യുന്ന ‘ഛാവ’ പുറത്തിറങ്ങുന്നതോടെ ഇത് മാറുമെന്നാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ നല്കുന്ന സൂചന. ശിവാജി സാവന്തിന്റെ മറാത്തി നോവലായ ഛാവയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ ഔറംഗസേബ് ആയാണ് അക്ഷയ് ഖന്ന എത്തുന്നത്. ‘ഭയത്തിന്റെ, ഭീകരതയുടെ മുഖം’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിട്ടുള്ള കഥാപാത്രത്തിന്റെ പോസ്റ്ററില്‍ ശരിക്കും ഞെട്ടിക്കുന്ന മേക്കോവറിലാണ് താരം എത്തിയിട്ടുള്ളത്.
വാര്‍ധക്യം വിളിച്ചോതുന്ന മുഖവും ക്രൂരത നിറഞ്ഞാടുന്ന കണ്ണുകളും പാറിപ്പറക്കുന്ന നരച്ച മുടിയിഴകളും താടിയും.. മൊത്തത്തില്‍ ഭയക്കാനുള്ളതെല്ലാം വെച്ചുനീട്ടുന്നുണ്ട് ഛാവയിലെ ഔറംഗസേബിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍. മറ്റൊരു പോസ്റ്ററില്‍ മുഗള്‍ ഭരണത്തിന്റെ പരമോന്നതി വിളിച്ചോതുന്ന തലപ്പാവ് ധരിച്ച് നില്‍ക്കുകയാണ് ഔറംഗസേബ്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ എക്സിലൂടെയാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഔറംഗസേബിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചത്. എന്തായാലും പോസ്റ്റിനുതാഴെ അഭിനന്ദനപ്രവാഹമാണ്.
ഒറ്റ നോട്ടത്തില്‍ അക്ഷയ് ഖന്നയെ മനസിലായില്ലെന്നും പെട്ടെന്ന് അമിതാഭ് ബച്ചനാണോ എന്ന് സംശയം തോന്നിയെന്നും ചിലര്‍ പറയുന്നു. ഇത് അക്ഷയ് ഖന്നയുടെ തിരിച്ചുവരവായിരിക്കുമെന്നും. ഇത്തരം ഒരു കഥാപാത്രത്തെ ഏറ്റെടുക്കാന്‍ അക്ഷയ് കാണിച്ച ധൈര്യം അഭിനന്ദനാര്‍ഹമാണെന്നും നീളുന്നു കമന്റുകള്‍. മുഗള്‍ സാമ്രാജ്യത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരിയായി കണക്കാക്കപ്പെടുന്നയാളാണ് ഔറംഗസേബ്, ആ കഥാപാത്രത്തെ അതിന്റെ എല്ലാ സത്തയോടെയും അക്ഷയ് അവതരിപ്പിച്ചിരിക്കുന്നതായാണ് പോസ്റ്ററിലെ ചിത്രങ്ങള്‍ തെളിയിക്കുന്നതെന്നും ആരാധകര്‍ പറയുന്നു.
ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ഇതിഹാസ മറാത്ത യോദ്ധാവ് ഛത്രപതി സംഭാജി മഹാരാജാവായി എത്തുന്നത് വിക്കി കൗശല്‍ ആണ്. ചിത്രത്തിലെ നായികയായ, സംഭാജി മഹാരാജാവിന്റെ ഭാര്യയായ മഹാറാണി യേശുഭായ് ഭോന്‍സാലെയായി എത്തുന്നത് രശ്മിക മന്ദാനയാണ്. അശുതോഷ് റാണ, ദിവ്യ ദത്ത എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. മഡോക്ക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജയനാണ് ചിത്രം നിര്‍മിക്കുന്നത്.
1681 കാലഘട്ടത്തിന്റെ ചരിത്രപശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ.ആര്. റഹ്മാനാണ്. ഫെബ്രുവരി 14-നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. നേരത്തെ, ഡിസംബറില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അല്ലു അര്ജുന് നായകനായി എത്തിയ പാന്‍ ഇന്ത്യ ചിത്രം പുഷ്പയുമായി ക്ലാഷ് റിലീസ് വേണ്ട എന്ന് നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, ഫെബ്രുവരി 19-ന് ഛത്രപതി ശിവജി ജയന്തികൂടി കണക്കിലെടുത്താണ് ചിത്രത്തിന്റെ റിലീസ് 14-ലേക്ക് മാറ്റിയതെന്നാണ് പുതിയ വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]