കൊച്ചി: സിനിമാമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ട്രിബ്യൂണൽ രൂപവത്കരിക്കാൻ സർക്കാർ തീരുമാനിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ അംഗീകരിച്ചാണിത്. മാർച്ചിൽ കൊച്ചിയിൽ നടക്കുന്ന സിനിമാ കോൺക്ലേവിന് മുന്നോടിയായി ട്രിബ്യൂണൽ സംബന്ധിച്ച വിജ്ഞാപനമുണ്ടാകുമെന്നാണ് വിവരം.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ഇതിന്റെ മേൽനോട്ടം. ഘടനയെക്കുറിച്ച് അന്തിമരൂപമായില്ലെങ്കിലും രണ്ടോ മൂന്നോ അംഗങ്ങൾ ട്രിബ്യൂണലിലുണ്ടാകുമെന്നാണറിയുന്നത്. സർക്കാർ നിയോഗിച്ച സിനിമാനയ രൂപവത്കരണ സമിതി തയ്യാറാക്കുന്ന കരടുറിപ്പോർട്ട് ട്രിബ്യൂണലിന്റെ അഭിപ്രായംകൂടി തേടിയശേഷമാകും കോൺക്ലേവിൽ അവതരിപ്പിക്കുക.
സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ തീർപ്പാക്കുന്നതിനായി റിട്ടയർചെയ്ത ജഡ്ജിയെ ട്രിബ്യൂണലായി നിയമിക്കണമെന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാനശുപാർശ. വനിതാജഡ്ജിയാകും ഉചിതമെന്നും ട്രിബ്യൂണൽ തീരുമാനം. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ മാത്രമേ ചോദ്യംചെയ്യപ്പെടാവൂ എന്നും നിർദേശിച്ചിരുന്നു.
എന്നാൽ, നിർദിഷ്ട ട്രിബ്യൂണൽ സ്ത്രീകളുടെ പ്രശ്നങ്ങൾ മാത്രമാണോ കൈകാര്യംചെയ്യുക എന്നത് വ്യക്തമല്ല.
ട്രിബ്യൂണലിനെക്കുറിച്ചുള്ള ഹേമ കമ്മിറ്റി ശുപാർശകൾ
ട്രിബ്യൂണലിന് സിവിൽ കോടതിയുടെ സ്വഭാവമായിരിക്കും. വിചാരണയ്ക്കുള്ള അധികാരമുണ്ടാവില്ല.തർക്കങ്ങളും പരാതികളും പഠിച്ച് റിപ്പോർട്ട് നൽകാൻ കമ്മിഷനെ നിയോഗിക്കാനുള്ള അധികാരം വേണം.പോഷ് ആക്ട് പോലുള്ളവയുടെ പരിധിയിൽ വരാത്ത പരാതികളിൽ ഒത്തുതീർപ്പിന്റെയോ കൗൺസിലിങ്ങിന്റെയോ വഴിതേടണം.പ്രായപൂർത്തിയാകാത്തവരുടെ നേർക്കുള്ള ലൈംഗികാതിക്രമം കൈകാര്യം ചെയ്യാൻ അധികാരമുണ്ടാകില്ല. ട്രിബ്യൂണലിനു മുന്നിലെത്തിയ പരാതിയെക്കുറിച്ച് ആർക്കും മറ്റു പരാതിപരിഹാര ഫോറങ്ങളെയോ കോടതികളെയോ സമീപിക്കാം.നടപടിക്രമങ്ങളെല്ലാം ഇൻക്യാമറ ആയിരിക്കണം.പരാതികളിലുൾപ്പെട്ടവരുടെ പേരുവിവരം പ്രസിദ്ധപ്പെടുത്തരുത്.പരാതി നൽകിയതിന്റെ പേരിൽ സിനിമയിൽനിന്ന് വിലക്കുകയോ വിവേചനം കാട്ടുകയോ ചെയ്യുന്നവർക്കെതിരേ പിഴശിക്ഷ വിധിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]