
കൊച്ചി: രാജി വെക്കുന്നുവെന്ന് പറഞ്ഞതല്ലാതെ ഗായകൻ സൂരജ് സന്തോഷ് രാജിക്കത്ത് നൽകിയിട്ടില്ലെന്ന് ഗായകരുടെ സംഘടനയായ ‘സമം’ (സിങ്ങേഴ്സ് അസോസിയേഷൻ ഓഫ് മലയാളം). എക്സിക്യൂട്ടീവ് യോഗം കൂടിയതിന് ശേഷം മാത്രമേ കാര്യങ്ങൾ തീരുമാനിക്കാനാകൂ എന്നും പെട്ടെന്നുണ്ടായ വികാരവിക്ഷോപത്തിൽ സൂരജ് ചെയ്തതാണെന്നേ കരുതാനാകൂ എന്നും സംഘടന പറഞ്ഞു. ’ഗുരുവന്ദനം’ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ‘സമം’ ഭാരവാഹികളുടെ പ്രതികരണം.
അയോധ്യ രാമക്ഷേത്ര വിവാദത്തിൽ ഗായിക ചിത്രയെ വിമർശിച്ചതിന് പിന്നാലെ ഗായകൻ കടുത്ത സൈബർ ആക്രമണം നേരിടേണ്ടിവന്നിരുന്നു. സൈബർ ആക്രമണങ്ങളിൽ പിന്തുണ ലഭിച്ചില്ല എന്നാരോപിച്ചാണ് സൂരജ് ഗായക സംഘടനയിൽ നിന്ന് രാജിവെച്ചുവെന്ന് അറിയിച്ചത്.
‘വിഷയത്തിന്റെ ഗൗരവം വ്യക്തിപരമായി ബോധ്യമുണ്ട്. ഞങ്ങളുടേത് ഒരു തൊഴിലാളി സംഘടനയല്ല, ചാരിറ്റബിൾ ഓർഗണെെസേഷനാണ്. ഞങ്ങൾക്ക് വ്യക്തിപരമായി രാഷ്ട്രീയമുണ്ടെങ്കിലും സംഘടനയ്ക്ക് യാതൊരു രാഷ്ട്രീയ ചായ്വുമില്ല. സംഘടന എന്ന നിലയിൽ സമത്തിന് വിഷയത്തിൽ ഒരു അഭിപ്രായമില്ല. ഇതൊരു രാഷ്ട്രീയ വിഷയമാണ്. രണ്ടുപേരും സംഘടനയിലെ അംഗങ്ങളാണ്. രണ്ടുപേർക്കും പിന്തുണ നൽകിയിട്ടില്ല. സംഘടന എന്ന നിലയിൽ ഇടപെടണ്ടെന്ന് ചിത്ര ചേച്ചി പറഞ്ഞിരുന്നു. പറഞ്ഞാൽ പോലും സംഘടനയ്ക്ക് ഇടപെടാനാകില്ല. പല ചിന്താഗതിയുള്ളവരാണ് സംഘടനയിൽ ഉള്ളത്. സംഘടനയുടെ ലക്ഷ്യത്തിനായാണ് ഞങ്ങൾ ഒന്നിച്ചുനിൽക്കുന്നത്. അദ്ദേഹം ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. പിന്തുണ നൽകാത്തതിനാൽ രാജിവെക്കുന്നു എന്ന് മെസേജ് അയക്കുക മാത്രമാണ് ചെയ്തത്.
രാഷ്ട്രീയ, ജാതി, മത വ്യത്യാസമില്ലാതെ സംഗീതത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണിത്. സംഘടനയുടെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മാത്രമേ സംഘടന എന്ന നിലയിൽ പ്രവർത്തിക്കേണ്ടതുള്ളൂ. വ്യക്തിപരമായ വിഷയങ്ങളിൽ സംഘടന എന്ന നിലയിൽ പ്രതികരിക്കേണ്ട ബാധ്യതയില്ല. സൂരജിന് ചെറിയൊരു പിണക്കം എന്നേ ഞങ്ങൾ കരുതുന്നുള്ളൂ. കുടുംബത്തിലെ പ്രശ്നം എന്ന നിലയിൽ സംസാരിക്കും. ഗ്രൂപ്പിൽ ഒരു മെസേജ് അയച്ചിട്ട് ലെഫ്റ്റ് ആവുകയാണ് ചെയ്തത്. ഇപ്പോൾ ഈ പരിപാടിയിലാണ് ഞങ്ങളുടെ ശ്രദ്ധ. ഇതിനിടയ്ക്ക് സംസാരിക്കാനാകില്ല. അത് കഴിഞ്ഞ് സംസാരിക്കും. ഞങ്ങളാരും വിഷയം അറിഞ്ഞിരുന്നില്ല’, സംഘടന ഭാരവാഹികൾ പറഞ്ഞു. സംഘടന ഭാരവാഹികളും ഗായകരുമായ വിജയ് യേശുദാസ്, സുദീപ് കുമാർ മുതലായവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും, രാമമന്ത്രം ജപിക്കണമെന്നുമുള്ള കെ. എസ് ചിത്രയുടെ പ്രതികരണത്തിന് ശേഷമാണ് സന്തോഷ് വിമർശനവുമായി എത്തിയത്. ചിത്രയെ പോലുള്ള കപട മുഖങ്ങൾ ഇനിയും അഴിഞ്ഞുവീഴാനുണ്ട് എന്നാണ് ഗായകൻ സൂരജ് സന്തോഷ് പറഞ്ഞത്. ഇതോടെ സൈബർ ആക്രമണങ്ങൾ സൂരജിനുനേരെയും ഉയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]