അന്തരിച്ച നടൻ മേഘനാദനെ അനുസ്മരിച്ച് സാഹിത്യകാരൻ സേതു. കരിയറിന്റെ തുടക്കകാലത്ത് തന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ ഒറ്റ് എന്ന ടെലിഫിലിമിൽ മേഘനാദന് പ്രധാനവേഷമായിരുന്നെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലെഴുതി. പാവമായിരുന്ന അദ്ദേഹം സാധാരണ വില്ലൻ വേഷങ്ങൾ ചെയ്യുന്നതുകണ്ടപ്പോൾ കഷ്ടം തോന്നിയെന്നും സേതു കുറിച്ചു.
‘നടൻ മേഘനാഥൻ വിട പറഞ്ഞു. തുടക്കകാലത്ത് എന്റെ തിരക്കഥയിൽ ജി. എസ്. വിജയൻ സംവിധാനം ചെയ്ത ‘ഒറ്റ്’ എന്ന ടെലിഫിലിമിൽ പ്രധാന വേഷമായിരുന്നു. വിജയരാഘവൻ, ബാബു നമ്പൂതിരി, സീനത്ത് എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ. അങ്കമാലിയിലെ ലൊക്കേഷനിൽ ചിലപ്പോഴെല്ലാം ഞാനും പോയിരുന്നു. പാവമായിരുന്ന ഉണ്ണി പിന്നീട് സാധാരണ വില്ലൻ വേഷങ്ങൾ അഭിനയിക്കുന്നത് കണ്ടപ്പോൾ കഷ്ടം തോന്നി. ചെറു പ്രായത്തിൽ യാത്രയായ അദ്ദേഹത്തിന് ആദരാഞ്ജലികൾ.. ‘ സേതു ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ.
ഈ പോസ്റ്റ് സംവിധായകൻ പത്മരാജന്റെ മകനും എഴുത്തുകാരനുമായ അനന്തപത്മനാഭൻ പങ്കുവെച്ചിട്ടുണ്ട്.
”ഒരിക്കൽ മാത്രം നേരിൽ കണ്ടു. അദ്ദേഹത്തിൻ്റെ പിതാവ് ബാലൻ.കെ നായർ സുഖമില്ലാതെ കിടന്നപ്പോൾ നടൻ അശോകനൊപ്പം ആർ.സി.സി.യിൽ കാണാൻ പോയപ്പോൾ. ‘ചേട്ടനുമായി അടുപ്പമുണ്ടായിരുന്ന ആളല്ലേ ബാലേട്ടൻ. പപ്പനെ കാണുന്നത് സന്തോഷമാവും’ എന്ന് അശോകൻ ചേട്ടൻ പറഞ്ഞ് കൊണ്ടു പോവുകയായിരുന്നു. പറഞ്ഞത് ശരിയായിരുന്നു. ബാലൻ.കെ. സാർ “പപ്പനെ”പ്പറ്റിയുള്ള “ലോറി”ക്കാലം സ്നേഹത്തോടെ പറഞ്ഞു. കണ്ണു നിറഞ്ഞു.” അനന്തപദ്മനാഭൻ എഴുതി
നിർമ്മലമായ ഒരു വള്ളുവനാടൻ ചിരിയുമായി പിതാവിൻ്റെ കിടക്കയ്ക്കടുത്ത് നിന്ന ആ ദൃഢഗാത്രനെ മറക്കില്ല. അധികം സംസാരമില്ല. പിരിഞ്ഞു കഴിഞ്ഞ് ഓർത്തു, ചിരിക്കുകയും കൈ പിടിച്ച് കുലുക്കുകയും ചെയ്തതല്ലാതെ ഞങ്ങൾ തമ്മിൽ ഒരു വാക്ക് കൂടി മിണ്ടിയില്ലല്ലോ. വേദനയോടെ വിട എന്ന് പറഞ്ഞുകൊണ്ടാണ് അനന്തപദ്മനാഭൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]