നോറ ഫതേഹി, സണ്ണി ലിയോണ്‍, ജാക്വിലിന് ഫെര്‍ണാണ്ടസ് തുടങ്ങി നിരവധി നടിമാർ വിവിധ രാജ്യങ്ങളില്‍നിന്ന് വന്ന് ഇന്ത്യന്‍ സിനിമയിലെ താരറാണികളായി മാറിയവരാണ്. അഭിനയത്തേക്കാള്‍ ചടുലമായ നൃത്തങ്ങളിലൂടെ ആരാധകരുടെ മനസ്സിളക്കിയ താരസുന്ദരികളാണവര്. 1960 -കളിലെ ബോളിവുഡ് സിനിമയിലെ സുവര്ണനായികയാണ് ഹെലന്. എണ്ണമറ്റ ഗ്ലാമര്‍ നൃത്തങ്ങളിലൂടെ ആരാധകരുടെ മനംകവര്‍ന്ന നടി.
1960-കളിലും എഴുപതുകളിലും ഹിന്ദി സിനിമകളിലെ എല്ലാ ഐറ്റംഡാന്സുകളിലും ആരാധകര്‍ ഹെലന്റെ നടനം കാത്തിരുന്നിരുന്നു. സിനിമകളില്‍ ഗ്ലാമറസായി കാണപ്പെട്ട നടിയുടെ ജീവിതം അത്ര വര്‍ണാഭമായിരുന്നില്ല. ദുരിതങ്ങളുടെ കൊടുംകയത്തില്നിന്ന് കുതറിയോടിയാണ് അവര്‍ ജീവിതത്തെ വിജയത്തിലേയ്ക്ക് കൊണ്ടെത്തിച്ചത്.
1938-ല്‍ ബര്‍മ(മ്യാൻമാർ) യിലെ റംഗൂണിലാണ് ഹെലന് ജനിച്ചത്. ബർമയിലെ യുദ്ധഭൂമിയില്‍നിന്ന് മൂന്നാം വയസ്സിലാണ് ഹെലന് ഇന്ത്യയിലെത്തിയത്. പട്ടിണിയും ദുരിതങ്ങളും അനുഭവിച്ച ബാല്യമായിരുന്നു അവരുടേത്. അമ്മ മര്‍ലീനും സഹോദരനുമൊപ്പം കാല്‍നടയായാണ് അവര്‍ നാടുവിട്ടത്. ജീവിതം കരുപിടിപ്പിക്കാനും സമാധാനം തേടിയും അലഞ്ഞ കുടുംബം കാൽനടയായി അസമിലെത്തിച്ചേരാന് ഒന്‍പത് മാസത്തിലധികം സമയമെടുത്തു. ഹെലന്റെ അമ്മ ഒരു അര്‍ധ സ്പാനിഷുകാരിയും ബര്‍മക്കാരിയും ആയിരുന്നു. അച്ഛന് ഫ്രഞ്ചുകാരനും. അച്ഛന്റെ മരണത്തെ തുടര്‍ന്ന് അമ്മ ഒരു ബ്രിട്ടീഷ് ഓഫീസറെ പുനര്‍വിവാഹം ചെയ്തു. ജപ്പാന്റെ സൈന്യം രാജ്യം ആക്രമിച്ചപ്പോള്‍ അവര്‍ ബര്‍മയില്‍ തന്നെയാണ് നിലയുറപ്പിച്ചത്.
ഇതിനിടെ ജപ്പാന് ബര്‍മയില്‍ ബോംബാക്രമണം നടത്തി. കൈയില്‍ കിട്ടിയ സാധനങ്ങളുമെടുത്ത് രാജ്യംവിടാനൊരുങ്ങിയെങ്കിലും വിമാനത്താവളത്തിലും ബോംബാക്രമണമുണ്ടായി. രണ്ടാനച്ഛന് കൊല്ലപ്പെട്ടു. ബോംബ് വര്‍ഷിച്ച വഴികളിലൂടെ ഇറങ്ങിയോടിയപ്പോള്‍ ഛിന്നഭിന്നമായ തലയോട്ടികളും തളംകെട്ടികിടക്കുന്ന ചോരപ്പുഴയും ആ അര്‍ധരാത്രിയെ ഒരിക്കലും മറക്കാത്ത ദിനങ്ങളിലൊന്നാക്കി.
സുഹൃത്തുക്കളോടൊപ്പം സുരക്ഷിതമായ ഇടംതേടി മക്കളേയുംകൊണ്ട് ഹെലന്റെ ഗര്‍ഭിണിയായ അമ്മ യാത്രതുടര്‍ന്നു. അങ്ങനെയാണ് അസമിലെ ഡിബ്രുഗഢിലെത്തുന്നത്. ആ യാത്രയില്‍ കൂടെയുണ്ടായിരുന്ന പലരും ഭക്ഷണവും വെള്ളവും കിട്ടാതെ തളര്‍ന്നുവീണു മരിച്ചു. അമ്മയും താനും സഹോദരനും അസ്ഥികൂടങ്ങളായി മാറാന്‍ തുടങ്ങിയിരുന്നു. രണ്ട് മാസക്കാലം ആശുപത്രികളില്‍ കഴിച്ചുകൂട്ടിയാണ് ജീവന് തിരികെ പിടിച്ചത്. എന്നാല്‍, രോഗം ബാധിച്ച് അനുജന് മരണപ്പെടുകയും അമ്മയുടെ ഗര്‍ഭം അലസിപ്പോവുകയും ചെയ്തു. വേദനാജനകമായ അവരുടെ യാത്രയേക്കുറിച്ചും ‘ഹെലന്; ദ ലൈഫ് ആന്റ് ടൈംസ് ഓഫ് ആന്‍ എച്ച്-ബോംബ്’ എന്ന ജെറി പിന്റോയുടെ പുസ്തകത്തില്‍ പറയുന്നുണ്ട്.
കുറച്ചുകാലം കല്‍ക്കട്ടയില്‍ താമസമാക്കിയെങ്കിലും ഹെലനും അമ്മയും വൈകാതെ മുംബൈയിലെത്തി. ജീവിതം അപ്പോഴും കടുപ്പമേറിയതായിരുന്നു. നഴ്സായി ജോലി നോക്കിയ അമ്മയുടെ ശമ്പളം ഒന്നിനും തികഞ്ഞില്ല. ഇതേതുടര്‍ന്ന് ഹെലന് സ്കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. പല ജോലികള്‍ക്കും പോകാന്‍ തുടങ്ങി. ഒരു കുടുംബസുഹൃത്ത് വഴിയാണ് സിനിമയിലേക്ക് വഴിതെളിഞ്ഞത്. അങ്ങനെ ചെറുപ്രായത്തില്‍തന്നെ അവര്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങി.
ആദ്യം ഗ്രൂപ്പ് ഡാന്‍സുകളിലാണ് സജീവമായത്. പിന്നീട് ആവാര, ഷബിസ്താന്‍ തുടങ്ങിയ സിനിമകളില്‍ നൃത്തംചെയ്തു. പത്തൊമ്പതാം വയസ്സില്‍ അഭിനയിച്ച ഹൗറാ ബ്രിഡ്ജ് എന്ന സിനിമ കരിയറിലെ വലിയ വഴിത്തിരിവായി. ചൈനാ ടൗണ്‍, സച്ചായ്, സിങ്കപ്പൂര്‍ തുടങ്ങിയ സിനിമകളിലെല്ലാം ഹിറ്റ് പാട്ടുകളില്‍ നര്‍ത്തകിയായി പ്രത്യക്ഷപ്പെട്ട ഹെലന് പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നില്ല. ആരാധകര്‍ കൂടിവന്നു. ഡാന്‍സ് ഐക്കണായി താരം മാറുകയും ചെയ്തു. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി ഹെലന് മാറി. ‘ഡാന്‍സിങ് ക്വീന്‍ ഓഫ് ബോളിവുഡ്’ ആയി അറിയപ്പെടാനും അധികം സമയമെടുത്തില്ല.
1957-ല്‍ തന്നെക്കാള്‍ 27 വയസ്സ് മുതിര്‍ന്ന സംവിധായകന് പ്രേം നാരായണ്‍ അറോറയെയാണ് ഹെലന് വിവാഹം ചെയ്തത്. 1974-ല്‍ അവര്‍ വിവാഹമോചിതരായി. 1981-ലായിരുന്നു പ്രശസ്ത എഴുത്തുകാരന് സലിം ഖാനുമായുള്ള വിവാഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]