ശിവകാര്ത്തികേയന്-സായ് പല്ലവി ചിത്രം ‘അമരന്’ വന്‍വിജയമായതിന് പിന്നാലെ പുലിവാലുപിടിച്ച് ചെന്നൈയിലെ ഒരു വിദ്യാര്‍ഥി. സിനിമയില്‍ സായ് പല്ലവിയുടെ കഥാപാത്രമായ ഇന്ദു റബേക്ക വര്‍ഗീസിന്റേതായി കാണിക്കുന്ന മൊബൈല്‍ നമ്പറിന്റെ യഥാര്‍ഥ അവകാശിയായ വി.വി. വാഗീശനാണ് നാലുപാടുനിന്നും വരുന്ന ഫോണ്‍കോളുകൾ മൂലം വലഞ്ഞിരിക്കുന്നത്.
സായ് പല്ലവി, തന്റെ മൊബൈല്‍ നമ്പര്‍ എഴുതിയ പേപ്പര്‍ ചുരുട്ടി നായകനായ ശിവകാര്ത്തികേയന് എറിഞ്ഞുകൊടുക്കുന്ന രംഗം സിനിമയിലുണ്ട്. നമ്പറിലെ പത്തക്കത്തില് ഒന്ന് വായിക്കാനാകുന്നില്ലെങ്കിലും നമ്പർ തന്റേതാണെന്ന് വാഗീശന്‍ പറയുന്നു. സിനിമ കണ്ടവര്‍, നമ്പര്‍ സായ് പല്ലവിയുടേതാണെന്ന് കരുതി വിളിതുടങ്ങിയതോടെയാണ് വാഗീശന്‍ വലഞ്ഞത്. നടിയോട് ഒന്നു സംസാരിക്കാനും അഭിനയത്തെ പ്രശംസിക്കാനുമൊക്കെ ആയിരുന്നു പലരും വിളിച്ചത്. വിളികളുടെ എണ്ണം കൂടിയതോടെ വാഗീശന്‍ ഫോണ്‍ മ്യൂട്ട് ചെയ്യേണ്ടിവന്നു.
ഇന്ത്യയില്‍നിന്ന് മാത്രമല്ല വിദേശത്തുനിന്നും വാഗീശന്‍ വിളികളെത്തിയിരുന്നു. സന്ദേശങ്ങളും വോയ്സ് മെസേജുകളും വേറെ. ഇതിനിടെ ആരോ വാഗീശന്റെ നമ്പര്‍-വാഗീശന്‍ ഇന്ദു റെബേക്ക വര്‍ഗീസ് വി.വി. എന്ന് ട്രൂ കോളറില്‍ സേവ് ചെയ്തു. അതോടെ വീണ്ടും വിളികള്‍ കൂടി. മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ഥ ഭാര്യ ഇന്ദുവിന്റെ നമ്പര്‍ ആണെന്ന് കരുതി വിളിക്കുന്നവര്‍ വേറെ.
ഇതോടെ തന്റെ നമ്പറാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് സാമൂഹികമാധ്യമംവഴി സിനിമയുടെ സംവിധായകനെയും ശിവകാര്‍ത്തികേയനെയും വാഗീശന്‍ അറിയിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അവരില്‍നിന്നൊന്നും യാതൊരു മറുപടിയും ലഭിച്ചില്ലെന്ന് വാഗീശന്‍ ചൂണ്ടിക്കാണിക്കുന്നു. തെറ്റിദ്ധാരണയുടെ പുറത്തുള്ള വിളികള്‍ക്കിടെ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ അത്യാവശ്യ കോളുകള്‍ തനിക്ക് കിട്ടാതെ പോകുമോ എന്നാണ് വാഗീശന്റെ ആശങ്ക.
രണ്ടുകൊല്ലമായി ഈ നമ്പര്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടെന്നും ബാങ്ക് അക്കൗണ്ടുമായും മറ്റും ബന്ധിപ്പിച്ചിട്ടുള്ള നമ്പറാണ് ഇതെന്നും വാഗീശന്‍ പറയുന്നു. അതിനാല്‍തന്നെ നമ്പര്‍ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും വാഗീശന്‍ കൂട്ടിച്ചേര്‍ക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട് സേവനദാതാക്കളായ എയര്‍ ടെല്ലിനെ വാഗീശന്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, മാര്‍ക്കറ്റിങ് കോളുകള്‍ അല്ലെങ്കില്‍ ഇന്‍കമിങ് കോളുകൾ ബ്ലോക്ക് ചെയ്യാനാകില്ലെന്ന് അവര്‍ അറിയിച്ചതായും വാഗീശന്‍ കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]