ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2: ദ റൂള്‍’ റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കൊച്ചിയെ ഇളക്കി മറിക്കാന്‍ മലയാളികളുടെ സ്വന്തം അല്ലു അര്ജുന് നവംബര്‍ 27-ന് എത്തുന്നു. ‘പുഷ്പ ഇനി നാഷണലല്ല, ഇന്റര്‍നാഷണല്‍!’ എന്ന ഡയലോഗുമായി എത്തിയിരുന്ന ട്രെയിലര്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഡിസംബര്‍ അഞ്ചിനാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്.
ആദ്യഭാഗത്തേക്കാള് പതിന്മടങ്ങ് ആക്ഷന്‍ പാക്ക്ഡ് എന്റര്ടെയ്നറായിട്ടാണ് രണ്ടാം ഭാഗം എത്തുന്നതെന്ന് അടിവരയിടുന്നതായിരുന്നു ട്രെയിലര്‍. പുഷ്പരാജായി അല്ലു അര്‍ജുനും ഭന്വര്സിങ് ഷെഖാവത്തായി ഫഹദ് ഫാസിലും രണ്ടാം ഭാഗത്തില്‍ പൂണ്ടുവിളയാടിയിട്ടുണ്ടെന്നാണ് ട്രെയിലറില്‍നിന്ന് അറിയാനാകുന്നത്. ശ്രീവല്ലിയായി രശ്മികയുടേയും മനോഹരമായ അഭിനയമുഹൂര്‍ത്തങ്ങള്‍ രണ്ടാം ഭാഗത്തിലുമുണ്ടെന്നാണ് സൂചന. ‘പുഷ്പ 2: ദ റൂളി’നായുള്ള കാത്തിരിപ്പിന് ആവേശം ഇരട്ടിപ്പിക്കാനുള്ളതെല്ലാം ട്രെയിലറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കുറിക്കുകൊള്ളുന്ന മാസ് ഡയലോഗുകളും കളര്‍ഫുള്‍ ദൃശ്യമികവും മാസ്മരിക സംഗീതവും കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ വിരുന്നും എല്ലാം ഉള്‍ക്കൊള്ളിച്ചുള്ള കംപ്ലീറ്റ് പാക്കേജായിരിക്കും രണ്ടാം ഭാഗമെന്നാണ് ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ഏവരുടേയും കണക്കുകൂട്ടല്‍.
തെലങ്കാനയുടെ മണ്ണില്‍നിന്ന് പുഷ്പരാജിനെ കേരളത്തിലെത്തിക്കാന്‍ കച്ചമുറുക്കിയിരിക്കുകയാണ് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ്. സിനിമ ഇറങ്ങുന്നതിന് ഒരു മാസം മുമ്പേ കേരളത്തിലെ പുഷ്പ 2 ഫാന്‍സ് ഷോ ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നിരിക്കുകയാണ്. ‘പുഷ്പ2: ദ റൂള്‍’ ഡിസംബര്‍ അഞ്ചു മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ 24 മണിക്കൂറും പ്രദര്‍ശനമുണ്ടാകുമെന്നാണ് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് സാരഥി മുകേഷ് ആര്. മേത്ത അറിയിച്ചിട്ടുള്ളത്. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാര്‍ റൈറ്റിംഗ്സും പദ്ധതിയിടുന്നത്.
ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘പുഷ്പ: ദ റൈസി’ന്റെ രണ്ടാം ഭാഗമായെത്തുന്ന ‘പുഷ്പ 2: ദ റൂള്‍’ ബോക്സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. രണ്ടാം ഭാഗത്തില്‍ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കാനായാണ് ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുനും സെന്‍സേഷണല്‍ സംവിധായകന് സുകുമാറും പദ്ധതിയിടുന്നത്. ആദ്യ ഭാഗത്തിന്റെ അപാരമായ ജനപ്രീതിയെ തുടര്‍ന്ന് ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്ജുന് ടൈറ്റില്‍ റോളില്‍ എത്തുന്ന രണ്ടാം ഭാഗവും ഒരു വലിയ ബോക്സ് ഓഫീസ് പ്രതിഭാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രേക്ഷക – നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ആദ്യഭാഗം വാണിജ്യപരമായും വലിയ വിജയം നേടിയിരുന്നു. അതിനാല്‍ തന്നെ ടോട്ടല്‍ ആക്ഷനും മാസുമായി ഒരു ദൃശ്യ- ശ്രവ്യ- വിസ്മയം തന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.
ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. റോക്ക് സ്റ്റാര്‍ ദേവി ശ്രീ പ്രസാദിന്റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീര്‍ക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. സുകുമാര്‍ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ‘പുഷ്പ ദ റൂള്‍’ ഇതിന്റെ തുടര്‍ച്ചയായെത്തുമ്പോള്‍ സകല റെക്കോര്‍ഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. ചിത്രത്തില്‍ അല്ലു അര്ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍, സുനില്‍, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തില്‍ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കഥ-തിരക്കഥ-സംവിധാനം: സുകുമാര്‍ ബന്ദ്റെഡ്ഡി, നിര്‍മാതാക്കള്‍: നവീന്‍ യെര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, സി.ഇ.ഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകന്‍: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷന്‍ ഡിസൈനര്‍: എസ്. രാമകൃഷ്ണ- മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകള്‍: മൈത്രി മൂവി മേക്കേഴ്സ്, സുകുമാര്‍ റൈറ്റിങ്സ്, മാര്‍ക്കറ്റിങ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി.ആര്.ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]