സിനിമയെ ഒട്ടേറെ സൃഷ്ടികളുടെ ഒരു സംയോജനമായാണ് പകര്‍പ്പവകാശനിയമം കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഒരു സിനിമയുമായി ബന്ധപ്പെട്ട എല്ലാ പകര്‍പ്പവകാശങ്ങളും ആ സിനിമയുടെ നിര്മാതാവിലാകണമെന്നില്ല. പ്രശസ്തതാരങ്ങളായ നയന്‍താരയും ധനുഷും ഉള്‍പ്പെട്ട പകര്‍പ്പവകാശ വിവാദങ്ങള്‍ ഈ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റി ചില ബോധ്യങ്ങള്‍ പകരുന്നുണ്ട്.
പകര്‍പ്പവകാശ നിയമത്തെക്കുറിച്ചുള്ള വലിയ തെറ്റിദ്ധാരണ, ഈ നിയമം പകര്‍പ്പവകാശ ഉടമകളുടെ അവകാശങ്ങള്ക്കായിമാത്രമുള്ള ഒരു നിയമമാണ് എന്നതാണ്. അതിനപ്പുറം അത് സൃഷ്ടിയുടെ മഹിമയെയും സമൂഹത്തിന്റെ അവകാശങ്ങളെയും ഉയര്ത്തിപ്പിടിക്കുകകൂടി ചെയ്യുന്നുണ്ട്.
ഡോക്യുമെന്ററിയും വക്കീല്‍ നോട്ടീസും
നയന്‍താരയുടെ ജീവിതത്തെ ആധാരമാക്കി നെറ്റ്ഫ്ലിക്സ് നിര്‍മിച്ച ഡോക്യുമെന്ററിയില്‍ ‘നാനും റൗഡിതാന്‍’ എന്ന സിനിമയുടെ നിര്‍മാണസമയത്തെ ചില വീഡിയോക്ലിപ്പിങ്ങുകള്‍ ഉപയോഗിച്ചതാണ് ഇപ്പോഴത്തെ വിവാദത്തിനു കാരണം. നയന്‍താരയുടെ സിനിമാജീവിതത്തിലും വ്യക്തിജീവിതത്തിലും പ്രാധാന്യമുള്ള സിനിമയാണ് 2015-ല്‍ പുറത്തിറങ്ങിയ ‘നാനും റൗഡിതാന്‍’. ധനുഷ് ആണ് സിനിമയുടെ നിര്‍മാതാവ്. ഈ സിനിമ സംവിധാനംചെയ്ത വിഘ്നേഷ് ശിവന് പിന്നീട് അവരുടെ ഭര്‍ത്താവുമായി. അതുകൊണ്ടുതന്നെ നയന്‍താരയുടെ ജീവിതത്തെ ആധാരമാക്കി ഒരു ഡോക്യുമെന്ററി നിര്‍മിക്കുമ്പോള്‍ ആ സിനിമയില്‍നിന്ന് ചില ഭാഗങ്ങള്‍ ഉള്ക്കൊള്ളിക്കാനാഗ്രഹിക്കുന്നതില് അദ്ഭുതമില്ല.
നയന്‍താര ധനുഷിനയച്ച തുറന്ന കത്തുപ്രകാരം നിര്‍മാതാവായ ധനുഷില്‍നിന്ന് രണ്ടുവര്‍ഷംമുന്‍പേ നയന്‍താര ഇതിന് അനുമതിതേടിയിരുന്നു. ധനുഷ് അതിനോട് പ്രതികരിച്ചില്ല. ഒടുവില്‍ സിനിമയില്‍നിന്നുള്ള രംഗങ്ങള്ക്കുപകരം ചിത്രീകരണസമയത്ത് മൊബൈല്‍ഫോണില്‍ പകര്‍ത്തിയ കുറച്ചു ഭാഗങ്ങളാണ് ഡോക്യുമെന്ററിയില്‍ ചേര്‍ത്തത്. ഇതില്‍ കുപിതനായി ധനുഷ്, 24 മണിക്കൂറിനുള്ളില്‍ ആ ക്ലിപ്പിങ് മാറ്റണമെന്നും ഇല്ലെങ്കില്‍ 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കാണിച്ച് വക്കീല്‍ നോട്ടീസ് അയച്ചതോടെയാണ് ഇത് സിനിമയെക്കാള്‍ ഹരംപിടിപ്പിക്കുന്ന വിവാദമായി രണ്ടുപേരുടെയും ആരാധകര്‍ ഏറ്റുപിടിച്ചത്.
നിയമപരമായി ശരിയോ തെറ്റോ?
ഇത്തരമൊരു വിവാദത്തില്‍ നിയമപരവും ധാര്‍മികവുമായുള്ള വാദങ്ങളുണ്ടാകാം. നിയമപരമായി ആരാണു ശരി, ആരാണു തെറ്റ് എന്ന് അറിയണമെങ്കില്‍ നാം ഉത്തരം നല്‍കേണ്ടത് രണ്ടു ചോദ്യങ്ങള്‍ക്കാണ്: (1) ഏതു സൃഷ്ടിയിലെ പകര്‍പ്പവകാശമാണ് ലംഘിക്കപ്പെട്ടത് (2) പകര്‍പ്പവകാശമുള്ള ഒരു സൃഷ്ടി ഉപയോഗിക്കുന്നത് പൂര്‍ണമായും നിയന്ത്രിക്കാന്‍ പകര്‍പ്പവകാശ ഉടമയ്ക്ക് നിയമപരമായി അവകാശമുണ്ടോ?
സിനിമയെ ഒട്ടേറെ സൃഷ്ടികളുടെ ഒരു സംയോജനമായാണ് പകര്‍പ്പവകാശനിയമം കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഒരു സിനിമയുമായി ബന്ധപ്പെട്ട എല്ലാ പകര്‍പ്പവകാശങ്ങളും ആ സിനിമയുടെ നിര്മാതാവിലാകണമെന്നില്ല. നിയമപ്രകാരം സിനിമാട്ടോഗ്രാഫ് ഫിലിമിലുള്ള അവകാശം സിനിമാ നിര്മാതാവിലാണ്. പക്ഷേ, ആ സിനിമാട്ടോഗ്രാഫ് ഫിലിമില്നിന്നുള്ള ഒരു ഭാഗവും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സിനിമയുടെ തിരക്കഥ, സംഗീതം തുടങ്ങിയവയിലൊക്കെയുള്ള പകര്‍പ്പവകാശം മറ്റുള്ളവരിലുമാകാം. അതുകൊണ്ടുതന്നെ, വിവാദമായ ക്ലിപ്പിങ്ങിലെ പകര്‍പ്പവകാശികള്‍ ആരൊക്കെയെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.
ആ സിനിമയുമായി ബന്ധപ്പെട്ടുള്ള എല്ലാ അവകാശവും, പ്രത്യേകിച്ച് ഷൂട്ടിങ് സ്ഥലത്തുനിന്നുള്ള എല്ലാ വിഡിയോകളിലുമുള്ള അവകാശം നിര്മാതാവിനാണെന്ന വാദം അബദ്ധജടിലമാണ്. ഇനി ഒരു വാദത്തിന് ധനുഷിനാണ് ആ ക്ലിപ്പിങ്ങുമായി ബന്ധപ്പെട്ടുള്ള എല്ലാ പകര്പ്പവകാശങ്ങളുമെന്നു കരുതുക. അപ്പോഴും ഓര്‍ക്കേണ്ടത് പകര്പ്പവകാശമെന്നത് പൂര്ണനിയന്ത്രണത്തിനുള്ള അവകാശമല്ല എന്ന നിയമപരമായ വസ്തുതയാണ്.
പകര്‍പ്പവകാശനിയമത്തില്‍ പകര്‍പ്പവകാശ ഉടമകള്‍ക്ക് മാത്രമല്ല അവകാശങ്ങള്‍. സമൂഹത്തിനും ചില അവകാശങ്ങള്‍ നിയമം നല്‍കുന്നുണ്ട്. നിയമത്തിലെ സെക്ഷന്‍ 52 ആണ് ഏറ്റവും പ്രധാനം. ഈ സെക്ഷനില്‍ പറഞ്ഞിരിക്കുന്നതു പ്രകാരമുള്ള ഉപയോഗങ്ങള്‍ പകര്‍പ്പവകാശ ലംഘനങ്ങള്‍ ആവില്ലെന്നത് കോടതികള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതുമാണ്.
Also Read
സിനിമയിൽ കാണുന്ന മുഖമല്ല അയാൾക്ക്, എന്തിനാണ് …
പത്തുകോടിയുടെ ആ ക്ലിപ് ഇവിടെ കണ്ടോളൂ, ധനുഷിനെ …
‘നിങ്ങളെന്റെ സുഹൃത്താണ്’; അന്ന് ധനുഷ് നിർമിച്ച …
നയൻതാര-ധനുഷ് പോര് ഏറ്റെടുത്ത് ആരാധകരും; …
24 മണിക്കൂർ തരും, ധിക്കരിച്ചാൽ പ്രത്യാഘാതം …
നിലവിലെ വിവാദത്തിന്റെ സാഹചര്യത്തില്‍ ഇതില്‍ സെക്ഷന്‍ 52(1)(a)ല്‍ പറഞ്ഞിരിക്കുന്ന ‘ഫെയര്‍ ഡീലിങ്’ എന്ന ആശയം വളരെ പ്രസക്തമാണ്. എന്ത് ഉപയോഗത്തിനാണ്, എത്രമാത്രം ഉപയോഗിച്ചു എന്നിവയൊക്കെ കണക്കിലെടുത്ത് പകര്പ്പവകാശത്തിലുള്ള ഒരു സൃഷ്ടിയുടെ ഉപയോഗം സമൂഹത്തിന് അനുവദിക്കുന്നതാണ് ‘ഫെയര്‍ ഡീലിങ്’ സെക്ഷന്‍.
ഇപ്പോഴത്തെ വിവാദത്തില്‍ ഒരു നടിയുടെ ജീവിതം അവരുടെ സിനിമകളുമായി ബന്ധപ്പെട്ടതാണെന്നതുകൊണ്ടുതന്നെ അവരെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയില്‍ അത്യന്താപേക്ഷിതമാണ് അവരഭിനയിച്ച സിനിമകളില്‍നിന്നുള്ള ക്ലിപ്പിങ്ങുകള്‍. ഇത്തരം ഉപയോഗങ്ങളെ സംരക്ഷിക്കുകയാണ് ഫെയര്‍ ഡീലിങ് സെക്ഷന്‍ ചെയ്യുന്നത്. അത് കോടതികള്‍ തടയാനുള്ള സാധ്യത വിരളമാണ്. അതും വളരെ ചെറിയ ഭാഗങ്ങളുടെ പേരിലാണെങ്കില്‍ തീര്‍ത്തും വിരളം.
പകര്‍പ്പവകാശനിയമം വ്യക്തിവിരോധങ്ങള്ക്ക് ദുരുപയോഗിക്കാനുള്ള സാധ്യതകള്‍ വളരെയധികമാണ് എന്നതിന്റെ ഒരു ഉദാഹരണംകൂടിയായി ഈ വിവാദം മാറുന്നു. അതുകൊണ്ടുതന്നെ കോടതികള്‍ ഇത്തരം വിഷയങ്ങളില്‍ ശക്തമായ നിലപാടെടുക്കേണ്ടതുണ്ട്. ഇത്തരം വിവാദങ്ങള്‍ പകര്‍പ്പവകാശ നിയമത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനായി ഉപയോഗിക്കപ്പെടേണ്ടതുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]