കല്യാണി പ്രിയദർശനെ നായികയാക്കി മനു സി. കുമാർ സംവിധാനം ചെയ്ത ‘ശേഷം മൈക്കിൽ ഫാത്തിമ’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിൽ മലപ്പുറത്തുകാരിയായ ഫാത്തിമ എന്ന ഫുട്ബോൾ കമന്റേറ്ററായാണ് കല്യാണിയെത്തിയത്. ഈ കഥാപാത്രത്തിനായി മലപ്പുറം ശൈലിയിൽ ഡബ്ബ് ചെയ്യാൻ കല്യാണിയെ സഹായിച്ചത് നടി സുരഭി ലക്ഷ്മിയാണ്. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി കല്യാണി ഏറെ കഷ്ടപ്പെട്ടുവെന്ന് സുരഭി ലക്ഷ്മി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മലബാർ സ്ലാങ്ങിൽ സംസാരിക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ച് കല്യാണി വിളിച്ചപ്പോൾ ആദ്യം ഒഴിഞ്ഞുമാറാൻ നോക്കിയെന്ന് സുരഭി ലക്ഷ്മി പറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടർമാരുടെ സഹായത്തോടെ കുറച്ചൊക്കെ ഡബ്ബ് ചെയ്തിട്ടുണ്ട്. ബാക്കി ചെയ്യാൻ സഹായിക്കണം. എത്ര കഷ്ടപ്പെടാനും റെഡിയാണ്. സ്വയം ഡബ്ബിങ് ചെയ്യണം എന്നുള്ള ആഗ്രഹം കൊണ്ടാണെന്നും പറഞ്ഞപ്പോൾ സമ്മതം മൂളുകയായിരുന്നുവെന്നും സുരഭി ലക്ഷ്മി കുറിച്ചു.
ടൊവിനോ നായകനാവുന്ന എആർഎം എന്ന ചിത്രത്തിൽ സുരഭി അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഇടവേളയിലായിരുന്നു അവർ കല്യാണിയെ ഡബ്ബിങ്ങിന് സഹായിച്ചത്. ‘തുടക്കത്തിൽ കുറെയേറെ കഷ്ടപ്പെട്ടു , പക്ഷെ അവർ തോൽക്കാൻ തയ്യാറായിരുന്നില്ല, മൂന്ന് നാല് ദിവസം കൊണ്ട് മലയാളവും മലബാറും പഠിച്ചെടുക്കുവാൻ അവർ കാണിച്ച കഠിനാധ്വാനം എന്നെ അത്ഭുതപ്പെടുത്തി. ഡബ്ബിങ് കഴിഞ്ഞ് തിരിച്ചെത്തിയാൽ പിറ്റേന്നത്തെ ദിവസം ചെയ്യാനുള്ള സീനുകൾ ഇരുന്ന് പഠിക്കാനും, രാവിലെ ചേച്ചി അത് ഒന്നുകൂടി പറഞ്ഞു തരുമോ എന്ന് ചോദിച്ചു പ്രാക്ടീസ് ചെയ്യും.’ സുരഭി പറഞ്ഞു
ഒരു നടി എന്ന നിലയ്ക്ക് കല്യാണിക്ക് ഇപ്പോൾ ചെയ്യാൻ സാധിക്കുന്നതിന്റെ പരമാവധി അവർ ചെയ്തിട്ടുണ്ട്. വളരെ സന്തോഷം തോന്നുന്നു കല്യാണി. ഒരു നടി തന്റെ അതിർവരമ്പുകൾ പൊളിച്ചെറിഞ്ഞുകൊണ്ടേയിരിക്കണമെന്നും സുരഭി പറഞ്ഞു. കല്യാണിയുടെ ഡബ്ബിങ് സെഷന്റെ വീഡിയോയും കുറിപ്പിനൊപ്പം സുരഭി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഹിഷാം അബ്ദുൽ വഹാബ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്താന കൃഷ്ണൻ രവിചന്ദ്രൻ ആണ്. സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലിയോ, ജവാൻ, ജയിലർ എന്നീ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് വിജയത്തിന് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. കേരളത്തിൽ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നേഴ്സ് ആയ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]