
പനാജി: 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആദ്യദിനം താരങ്ങളുടെ നിറസാന്നിധ്യം കൊണ്ട് ശ്രദ്ധനേടുന്നു. അഭിനേതാക്കളായ മാധുരി ദീക്ഷിത്, വിജയ് സേതുപതി, പങ്കജ് ത്രിപാഠി, സണ്ണി ഡിയോൾ, ശ്രിയ ശരൺ, നുഷറത്ത് ഭരുച്ച, സാറ അലിഖാൻ, ഷാഹിദ് കപൂർ, നിർമാതാവും സംവിധായകനുമായ കരൺ ജോഹർ, സംഗീത സംവിധായകൻ ശന്തനു മൊയ്ത്ര, ഗായകരായ ശ്രേയ ഘോഷാൽ, സുഖ് വീന്ദർ സിങ് ഉൾപ്പടെയുള്ളവർ മേളയുടെ ഉദ്ഘാടനത്തിനെത്തി.
നവംബർ 20 മുതൽ 28 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടന ചടങ്ങുകൾ തിങ്കളാഴ്ച വെെകിട്ട് ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിലാണ് നടന്നത്. മാധുരി ദീക്ഷിത്, ഷാഹിദ് കപൂർ, നുഷറത്ത് ഭരുച്ച, ശ്രേയ ഘോഷാൽ എന്നിവരുടെ കലാപാരിപാടികൾ ആസ്വാദകരെ ആവേശത്തിലാക്കി. തന്റെ തന്നെ ഹിറ്റ് ഗാനങ്ങൾക്ക് മാധുരി ദീക്ഷിത് ചുവടുവെച്ചത് വേദിയെ ആഘോഷത്തിമിർപ്പിലാക്കി.
കേന്ദ്ര വാർത്താവിതരണമന്ത്രി അനുരാഗ് ഠാക്കൂറും കേന്ദ്ര വാർത്താ വിനിമയ സഹമന്ത്രി എൽ. മുരുകനും ചേർന്ന് ദീപം തെളിയിച്ചുകൊണ്ടാണ് മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്. സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ഹോളിവുഡ് നടനും നിർമാതാവുമായ മൈക്കിൾ ഡഗ്ലസിനു സമ്മാനിച്ചു. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് നടി മാധുരി ദീക്ഷിത്തിന് പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു.
ബ്രിട്ടനിൽ നിന്നുള്ള ‘ക്യാച്ചിങ് ഡസ്റ്റ്’ ആയിരുന്നു ഉദ്ഘാടന ചിത്രം. ഇന്ത്യൻ പനോരമയ്ക്ക് ചൊവ്വാഴ്ച തുടക്കമാകും. സംവിധായകൻ ശേഖർ കപൂറാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയർമാൻ. പതിനഞ്ച് സിനിമകളാണ് ഈ വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്നത്.
പുതിയ തലമുറയിലെ സിനിമാ പ്രതിഭകളെ കണ്ടെത്താനായി യങ് ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമാറോ പദ്ധതിയുടെ 75 വിജയികളെ മേളയിൽ പ്രഖ്യാപിക്കും. നാൽപ്പതിലേറെ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് ഇത്തവണ വ്യത്യസ്ത വിഭാഗങ്ങളിൽ പ്രദർശനത്തിനെത്തുന്നത്. ആദ്യമായി ഏറ്റവും മികച്ച വെബ് സീരീസിനും പുരസ്കാരമുണ്ട്. കാഴ്ച ശക്തിയും കേൾവി ശക്തിയും ഇല്ലാത്തവർക്ക് പ്രത്യേക പ്രദർശനം ഉണ്ടായിരിക്കും. അമേരിക്കൻ ചിത്രം ‘ദ ഫെതർ വെയ്റ്റാണ്’ സമാപനചിത്രം.
മത്സരവിഭാഗത്തിലെ ഏറ്റവും മികച്ച ചിത്രത്തിന് സുവർണ മയൂരവും നാൽപ്പത് ലക്ഷം രൂപയും പുരസ്കാരമായി ലഭിക്കും. മികച്ച സംവിധായിക / സംവിധായകൻ, മികച്ച നടി, നടൻ, മികച്ച നവാഗത സംവിധായിക / സംവിധായകൻ തുടങ്ങി വിവിധ വിഭാഗങ്ങളിൽ പുരസ്കാരമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]