
ബോളിവുഡ് ചലച്ചിത്ര പ്രേമികളുടെ ഇഷ്ടതാരമാണ് അനുപം ഖേർ. ഓരോ വിഷയത്തേക്കുറിച്ചുമുള്ള തന്റെ നിലപാടുകളും അഭിപ്രായങ്ങളും അദ്ദേഹം സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്. നടിയും രാഷ്ട്രീയ നേതാവുമായ കിരൺ ഖേറിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. കിരണിൽ തനിക്കൊരു കുഞ്ഞുണ്ടാവാത്തതിൽ ദുഃഖമുണ്ടെന്ന് അനുപം ഖേർ പറഞ്ഞു. എന്നാൽ ദത്തുപുത്രനായ സിക്കന്ദറുമായി അഭേദ്യവും ഊഷ്മളവുമായ ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ശുഭാങ്കർ മിശ്രയുമായുള്ള അഭിമുഖത്തിനിടെയാണ് തന്റെ ജീവിതത്തിൽ ഏറെ വേദന തോന്നിയ കാര്യത്തെക്കുറിച്ച് അനുപം ഖേർ തുറന്നുപറഞ്ഞത്. സ്വന്തം രക്തത്തിൽ ഒരു കുഞ്ഞുണ്ടാവാത്തതും ആ കുഞ്ഞിന്റെ വളർച്ച കാണാനാവാത്തതിലും വലിയ സങ്കടമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുമ്പൊന്നും ഇങ്ങനെ തോന്നിയിരുന്നില്ലെന്നും എന്നാൽ കഴിഞ്ഞ ഏഴെട്ട് വർഷത്തിനിടെ ഇക്കാര്യം മനസിലേക്ക് കയറിവരാറുണ്ടെന്നും അനുപം ഖേർ പറഞ്ഞു.
“സിക്കന്ദറുമായി മോശം ബന്ധത്തിലാണ് ഞാനെന്നല്ല ഇതിനർത്ഥം. പക്ഷേ ഒരു കുഞ്ഞ് വളർന്നുവരുന്നത് കാണുമ്പോൾ തോന്നുന്ന സന്തോഷമുണ്ടല്ലോ. ബന്ധങ്ങൾ കാണുമ്പോഴുള്ള ആനന്ദമാണത് എന്നതാണ് ഏറ്റവും ആത്മാർത്ഥമായ ഉത്തരം. എനിക്ക് ഈ ചോദ്യത്തിന് മറുപടി പറയാതെ വിടാമായിരുന്നു. പക്ഷേ ഞാനങ്ങനെ ചെയ്യില്ല. എന്റെ ജീവിതത്തിലെ ദുരന്തമൊന്നുമല്ല ഇക്കാര്യം. സിനിമയിൽ വളരെ തിരക്കായിരുന്നു. പക്ഷേ ഒരു 50-55 വയസൊക്കെ ആയപ്പോൾ ഒരു ശൂന്യത അനുഭവപ്പെടാൻ തുടങ്ങി. അത് കിരണിനും തിരക്കായതോടെയാണ്.” അദ്ദേഹം പറഞ്ഞു.
അനുപം ഖേർ ഫൗണ്ടേഷനിലെ കുട്ടികളുമൊത്ത് ഒരുപാട് കാര്യങ്ങൾ ചെയ്തു. അതൊരിക്കലും നഷ്ടബോധത്തിനിടയാക്കിയില്ലെന്നും താരം കൂട്ടിച്ചേർത്തു. 1985-ലാണ് അനുപം ഖേറിന്റെയും കിരണിന്റേയും വിവാഹം. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു അത്. ദ സിഗ്നേച്ചർ എന്ന ചിത്രത്തിലാണ് അനുപം ഖേർ ഒടുവിൽ വേഷമിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]