
ഇന്ന് ബോളിവുഡ് താരം ഷമ്മി കപൂറിന്റെ 93-ാം ജന്മവാർഷികം
ഇന്ത്യന്‍ സിനിമയുടെ കുലപതിമാരില്‍ ഒരാളായ പൃഥിരാജ് കപൂറിന്റെ മകന്. ബോളിവുഡിലെ എക്കാലത്തെയും ഷോമാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്കപൂറിന്റെ സഹോദരന്. അന്‍പതുകളുടെ പകുതിമുതല്‍ എഴുപതുകള്‍ വരെ ബോളിവുഡിലെ താരസാന്നിധ്യം. പ്രത്യേക ചലനങ്ങളും സംഭാഷണ ശൈലിയും. റൊമാന്റിക് ഹീറോയായും ഡാന്‍സിങ് ഹീറോയായും ബോളിവുഡില്‍ തിളങ്ങിയ ഷമ്മി കപൂര്‍ വെറും ഒരു നടന് മാത്രമായിരുന്നില്ല. ഇന്ത്യയിലെ ഇന്റര്‍നെറ്റ് യുഗത്തിന് തുടക്കംകുറിച്ച നെറ്റ് ഉപഭോക്താളില്‍ പ്രമുഖനായിരുന്നു. വി.എസ്.എന്‍.എല്ലിന് (വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ്) ഇന്റര്‍നെറ്റ് സാധ്യതകള്‍ പറഞ്ഞുകൊടുത്ത ഷമ്മികപൂര്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് യൂസേഴ്സ് കമ്മ്യൂണിറ്റിയുടെ സ്ഥാപകനും ചെയര്‍മാനുമായിരുന്നു. 2011 ഓഗസ്റ്റ് 14 ന് മുംബെയിലെ ബ്രിച്ച്കാന്ഡി ആശുപത്രിയില്‍ മരണം. മരിക്കുമ്പോള്‍ പ്രായം എണ്‍പത് വയസ്.
വിവരസാങ്കേതികവിദ്യ പുതിയ ആകാശങ്ങളെ സ്പര്‍ശിക്കുന്നതിനു വളരെ മുമ്പ് ഇന്റര്‍നെറ്റിന്റെ വരാന്‍ പോകുന്ന സാധ്യതകള്‍ ഷമ്മി കപൂര്‍ കണ്ടിരുന്നു. മുംബൈ മലബാര്‍ ഹില്‍സിലെ വസതിയില്‍ വിശ്രമ ജീവിതം നയിക്കുമ്പോള്‍ ഷമ്മി കപൂറിന്റെ പ്രിയസുഹൃത്ത് കമ്പ്യൂട്ടറായിരുന്നു. വയര്‍ലസ് മൗസും കീ ബോര്‍ഡുമായി വീല്‍ ചെയറില്‍ വിശാലമായ മുറിയില്‍ അങ്ങനെ കറങ്ങി നടന്ന് ലോകവുമായി സംവദിക്കലായിരുന്നു പ്രധാന ഹോബി. വരാന്‍ പോകുന്ന കാലത്ത് ലോകം വിരല്‍ തുമ്പിലാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു ഷമ്മി കപൂര്‍. അദ്ദേഹം കപൂര്‍ ഫാമിലിയുമായി ബന്ധപ്പെട്ട ഒരു വെബ്സൈറ്റും കൈകാര്യം ചെയ്തിരുന്നു. ലോകം മുഴുവന്‍ സുഹൃത്തുക്കളെ ഉണ്ടാക്കാനും അത് നില നിര്‍ത്താനും ഇന്റര്‍നെറ്റ് പ്രയോജനപ്പെടുത്തി. ബ്രിട്ടീഷ് ടെലികോമാണ് വി.എസ്.എന്‍.എല്‍ വഴി 1994 ല്‍ ഷമ്മി കപൂറിന് ഇന്റര്‍നെറ്റ് കണക്ഷന് നല്‍കിയത്. അന്ന് ഇന്ത്യയില്‍ ഇന്‍ര്‍നെറ്റ് യുഗം ആരംഭദശയിലാണ്. ഒരു പക്ഷെ അതിന്റെ അപാര സാധ്യതകള്‍ ഇന്ത്യയിലെ അന്നത്തെ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് ദാതാവിന് പരിചയപ്പെടുത്തിയത് ഷമ്മി കപൂറായിരിക്കണം. ആപ്പിള്‍ സംവിധാനം പ്രയോജനപ്പെടുത്തിയാണ് ഷമ്മി കപൂര്‍ ഈ രംഗത്ത് എത്തുന്നത്.
സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് മാറി വിശ്രമ ജീവിതം നയിക്കുന്നതിനിടെ പൂര്‍ണമായും കംപ്യൂട്ടര്‍, നെറ്റ് യുഗത്തിലേക്ക് ചുവടുമാറിയ ഷമ്മി കപൂറുമായി അക്കാലത്ത് നിരവധി മാധ്യമ പ്രവര്‍ത്തകര്‍ അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമയില്‍ നിന്ന് മാറിനിന്ന് വിശ്രമ ജീവിതം നയിക്കുന്നവര്‍ പലപ്പോഴും വൈന്‍ ആന്റ് വുമണ്‍ സമവാക്യത്തിലേക്ക് മാറാറാണ് പതിവ്. ഈ പതിവ് ചിലര്‍ ചൂണ്ടികാട്ടിയപ്പോള്‍ അത് താന്‍ നല്ല പ്രായത്തില്‍ വേണ്ടത്ര ആസ്വദിച്ചിട്ടുണ്ടൊയിരുന്നു മറുപടി. മൗസ് കൈയില്‍ വന്നതോടെ സിഗരറ്റ് വലി ഉപേക്ഷിച്ചു ഷമ്മി കപൂര്‍.
എല്ലായ്പോഴും ഒരേ കാര്യങ്ങള്‍ തന്നെ ചെയ്യുന്നത് ജീവിതം വിരസമാക്കുമെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് ഒരു നവീന ആശയത്തിന്റെ പ്രചാരകനായതൊണ് വിശദീകരണം. ഇന്റർനെറ്റ് പുതിയ ആകാശങ്ങള്‍ കീഴടക്കുമെന്ന് എന്താണ് നിങ്ങള്‍ മനസിലാക്കാത്തതെന്ന മറുചോദ്യവും ഷമ്മി കപൂര്‍ അന്ന് ചോദിച്ചു. 2011 ല്‍ അദ്ദേഹം മരണപ്പെടുമ്പോള്‍ ഇത് സത്യമായി പുലര്‍ന്നിരുന്നു. ഷമ്മി കപൂര്‍ ഒരു മാക് പേഴ്സൺ ആയി മാറിയെന്നാണ് അന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ഈ കഥ ഇന്നത്തെ ഇന്റര്‍നെറ്റ് തലമുറയില്‍ ഭൂരിപക്ഷത്തിനും അറിയില്ല. അന്‍പതു വര്‍ഷം മുമ്പ് തന്നെ പിരിഞ്ഞു പോയ ഒരു സുഹൃത്തിനെയും അദ്ദേഹം നെറ്റിന്റെ സഹായത്തോടെ കണ്ടെത്തിയിരുന്നു. മുപ്പത്തിരണ്ട് ഇഞ്ചിന്റെ വലിയ മോണിറ്ററാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഡയാലിസിസിനു വിധേയനാകേണ്ടി വന്ന അവസാന കാലത്തും തന്റെ മുറിയില്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് അദ്ദേഹം ലാപ്ടോപ്പില്‍ ലോകവുമായി സംവദിച്ചു.
കുന്ദന്‍ലാല്‍ സൈഗളില്‍ നിന്ന് തുടങ്ങുന്ന ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ പദവി അശോക് കുമാറിലൂടെയും ദിലീപ്കുമാറിലൂടെയും പിന്നെ ദേവാനന്ദിലൂടെയും രാജ്കപൂറിലൂടെയും കടന്നു പോകുമ്പോള്‍ ഷമ്മി കപൂര്‍ തന്റെ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു. പിന്നീട് 1950 മുതല്‍ 1970 വരെ ഷമ്മി കപൂര്‍ ബോളിവുഡിലെ റൊമാന്റിക് ഹീറോയായി പ്രേക്ഷക മനസില്‍ സ്ഥാനം പിടിച്ചു. സുദീര്‍ഘമായ സെല്ലുലോയ്ഡ് യാത്രയില്‍ ഉടനീളം അദ്ദേഹം തന്റേതായ അഭിനയശൈലി നിലനിര്‍ത്തി. 1968 ല്‍ പുറത്തിറങ്ങിയ ബ്രഹ്മചാരി ഇന്നത്തെ തലമുറയും ആസ്വദിക്കുന്നു.
1931-ലാണ് ജനനം. 1955 ല്‍ ഗീതാബാലിയുമായുള്ള വിവാഹം. 1965-ല്‍ ഗീതാബാലിയുടെ മരണ ശേഷം നീലാദേവി ഗോഹിലിനെ വിവാഹം കഴിച്ചു. 1953 ല്‍ ജീവന് ജ്യോതിയിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. ഷംസീര്‍ രാജ്കപൂര്‍ എന്നായിരുന്നു ശരിയായ പേര്. സിനിമയില്‍ സജീവമായപ്പോള്‍ അത് ഷമ്മി കപൂറായി മാറി. സല്‍മാ ആഗയുടെ അമ്മാവനായിരുന്നു ഷമ്മികപൂര്‍. പെഷവാറിലായിരുന്നു ബാല്യം. പിന്നീട് പ്രഥിരാജ് കപൂര്‍ കൊല്‍ക്കത്തിയിലേക്ക് കൂടുമാറിയപ്പോള്‍ ഷമ്മികപൂറും സഹോദരങ്ങളും അവിടെയെത്തി. കൊല്‍ക്കത്തിയില്‍ പ്രാഥമിക വിദ്യഭ്യാസം. അതിനു ശേഷം മുംബെയില്‍ പഠനം തുടര്‍ന്നു. പില്ക്കാല സിനിമാ യാത്രകള്‍ സുവര്‍ണ ചരിത്രം. മുഹമ്മദ് റഫിയെന്ന ഗായകന്റെ നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടി അഭിനയിച്ചിട്ടുണ്ട് ഷമ്മി കപൂര്‍. ജീവിതം ആഘോഷിച്ച കലാകാരനായിരുന്നു ഷമ്മി കപൂര്‍. ആഗോള കാമുകനെന്ന് വിശേഷിപ്പിക്കാവുന്ന പ്രണയം തുളുമ്പിയ ജീവിതം. സിനിമയില്‍ ജനിച്ച് സിനിമയില്‍ ജീവിച്ച് മരിച്ച കലാകാരന്.
(പുനഃപ്രസിദ്ധീകരണം)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]