ഗേൾ ഫ്രണ്ട്സ് ഒരു വെറും സിനിമയല്ല. അതൊരു നിലപാടാണ്. ഒരു കാഴ്ചപ്പാടാണ്. എല്ലാറ്റിലും ഉപരി ഒരു വലിയ പോരാട്ടത്തിന്റെ വിജയമാണ്. ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ (IFFK) പ്രദർശനത്തിന് എത്തുന്നുണ്ട്. മേളയുടെ ചരിത്രത്തിലാദ്യമായി നാല് സ്ത്രീ സംവിധായകരുടെ ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അതിലൊന്നാണ് ശോഭന പടിഞ്ഞാറ്റിലിന്റെ ഈ ചിത്രം. ഇന്ദുലക്ഷ്മിയുടെ ‘അപ്പുറം’, ജെ.ശിവരഞ്ജിനിയുടെ വിക്ടോറിയ, ആദിത്യ ബേബിയുടെ കാമദേവൻ നക്ഷത്രം കണ്ടു എന്നിവയാണ് മറ്റ് ചിത്രങ്ങൾ. നാല് വനിത സംവിധായകരുടെയും ആദ്യ ചിത്രമാണ് മേളയ്ക്കെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. മലയാള സിനിമയിൽ വിരലിലെണ്ണാവുന്ന വനിതാ സംവിധായകർ മാത്രമാണ് ഉള്ളതെന്നിരിക്കെ പുതുമുഖ വനിത സംവിധായകരുടെ വരവും ആദ്യ ചിത്രത്തിനുള്ള അംഗീകരവും വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഗേൾ ഫ്രണ്ട്സ് സംവിധാനം ചെയ്ത ശോഭന പടിഞ്ഞാറ്റിൽ തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലെ ലൈബ്രേറിയനാണ്. ആദ്യ ചിത്രത്തിന്റെയും ഐ.എഫ്.എഫ്.കെ. അംഗീകാരത്തെ കുറിച്ചും ശോഭന മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
ചലച്ചിത്രമേളയിൽ സ്ത്രീസംവിധായകരുടെ ഇത്രയും സിനിമകൾ ഒരുമിച്ച് പ്രദർശിപ്പിക്കുന്നത് പ്രാധാന്യം അർഹിക്കുന്നു
മാറ്റങ്ങളുടെ ഒരു സമയമാണിത്. കാലത്തിനനുസരിച്ച് സ്ത്രീകളും സമൂഹവും മാറികൊണ്ടിരിക്കുകയാണ്. സിനിമാ മേഖലയിലേക്കും ഒരുപാട് സ്ത്രീകൾ വന്നുതുടങ്ങിയിട്ടുണ്ട്. ചലച്ചിത്രമേളയിൽ സ്ത്രീസംവിധായകരുടെ ഇത്രയും സിനിമകൾ ഒരുമിച്ച് പ്രദർശിപ്പിക്കുന്നത് വലിയ അംഗീകാരമാണ്. സത്യത്തിൽ ഇത് വൈകി എന്നാണ് അഭിപ്രായം. എന്നാൽ ഇപ്പോഴാണ് സാഹചര്യങ്ങൾ സ്ത്രീകൾക്ക് അനുകൂലമായതെന്നതാണ് യാഥാർഥ്യം. സിനിമ കാണാൻ പോലും സ്ത്രീകൾക്ക് കഴിയാതിരുന്ന ഒരു കാലത്ത് നിന്ന്, സ്ത്രീകൾ നടികൾ മാത്രമായിരുന്ന കാലത്ത് നിന്ന് സിനിമയുടെ അണിയറയിലേക്ക് ഒരുപാട് സ്ത്രീകൾ കടന്നുവരികയാണ്. കാലാനുസൃതമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റമാണിത്. വരുംകാലങ്ങളിൽ കൂടുതൽ മാറ്റങ്ങൾ സംഭവിക്കുകത്തന്നെ ചെയ്യും.
ക്രിയാത്മകമായ ഒരു മേഖലയാണ് സിനിമ. സ്ത്രീകൾക്ക് പറ്റാത്തൊരു മേഖലയാണ് സിനിമ എന്ന തരത്തിലുള്ള വിമർശനങ്ങളെ മറികടന്നാണ് കൂടുതൽ പേരും മുന്നോട്ടെത്തുന്നത്. കേരളത്തിൽ ഒരുവിധം എല്ലാ മേഖലകളിലും സ്ത്രീകൾ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പുരുഷൻ പണം സമ്പാദിച്ച് കുടുംബം നോക്കുന്ന സാഹചര്യമൊക്കെ മാറി. സ്ത്രീകൾ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് കൃത്യമായി നിർവഹിക്കുന്നുണ്ട്.
തുറന്ന ചിന്താഗതിയുള്ള ഏതൊരാൾക്കും ഇഷ്ടപ്പെടുന്ന ചിത്രം
പെൺകുട്ടികളുടെ ഇന്നത്തെ കാലത്തെ ജീവിതമാണ് ഗേൾ ഫ്രണ്ട്സ്. സ്വന്തം ആഗ്രഹങ്ങൾ, ജെൻഡർ, സെക്ഷ്വൽ ഓറിയന്റേഷൻ തുടങ്ങി സമൂഹത്തിൽ ചർച്ചചെയ്യപ്പെടുന്ന പലവിഷയങ്ങളിലും കൃത്യമായ ധാരണയുള്ള ഒരുപറ്റം പെൺകുട്ടികളുടെ ജീവിതമാണ് ഗേൾ ഫ്രണ്ട്സ് പറയുന്നത്. സ്ത്രീകളുടെ കണ്ണിലൂടെ സ്ത്രീകളെ കാണുന്ന ചിത്രം. ഞാനും എനിക്ക് ചുറ്റുമുള്ള സ്ത്രീകളാണ് ഗേൾ ഫ്രണ്ട്സിലുള്ളത്. വിവിധതരം ലൈംഗികതകളെ അംഗീകരിക്കുന്ന, വ്യത്യസ്തതകളുള്ള, അതിനെ ബഹുമാനിക്കുന്ന ഒരുകൂട്ടം സ്ത്രീകളുടെ സൗഹൃദമാണ് ചിത്രം പറയുന്നത്. തുറന്ന ചിന്താഗതിയുള്ള ഏതൊരാൾക്കും ചിത്രം ഇഷ്ടമാകും.
ഞാൻ ഒരു സിനിമാജീവി, ചലച്ചിത്രമേളകൾ അനിവാര്യം
ചലച്ചിത്രമേളകളിൽ തിരഞ്ഞെടുക്കപ്പെടുന്ന സിനിമകൾ നൂതനമായ ആശയങ്ങൾ ഉൾക്കൊള്ളുന്നവയാകും. സർഗാത്മകമായ വ്യത്യസ്തതയാണ് സിനിമയ്ക്ക് ആവശ്യം. ഞാനൊരു സിനിമാ ജീവിയാണ്. സിനിമയെ സ്നേഹിക്കുന്ന സർഗാത്മക സൃഷ്ടികളുണ്ടാക്കുന്നവർക്ക് അതിനെ കൃത്യമായ ഓഡിയൻസിലേക്കെത്തിക്കുന്നതിന് ചലച്ചിത്രമേളകൾ ഏറെ സഹായകരമാണ്.
ഇരുപത്തിനാലിലെ സ്വപ്നം സഫലമാവുന്നത് അമ്പതിൽ
എല്ലാവരും സിനിമാ സംവിധാനമൊക്കെ നിർത്താൻ ആലോചിക്കുന്ന പ്രായത്തിലാണ് ഞാൻ എന്റെ ആദ്യ സിനിമ ചെയ്യുന്നത്. ഇരുപത്തിനാലാം വയസിൽ തീരുമാനിച്ച കാര്യമാണ് ഒരു സിനിമാ സംവിധായിക ആവുകയെന്നത്. അതിനെ കുറിച്ച് പരമാവധി അന്വേഷിച്ചു. ആരിൽ നിന്നും വലിയ പിന്തുണയൊന്നും ലഭിച്ചിട്ടില്ല. സർഗാത്മകത പുറത്തെടുക്കാൻ ഒരു ആത്മബലം ആവശ്യമായിരുന്നു. അത് വളർത്തിയെടുക്കാൻ ബോധപൂർവ്വമായ ശ്രമങ്ങളും വേണ്ടിയിരുന്നു. സിനിമകൾ കാണുകയും പുസ്തകങ്ങളും വായിക്കുകയും ചുറ്റും നടക്കുന്നത് സ്വയം വിലയിരുത്തുകയുമൊക്കെ ചെയ്ത് ബോധപൂർവ്വമായി ആ ശക്തി വളർത്തിക്കൊണ്ടുവരികയായിരുന്നു. ആരെയും ആശ്രയിക്കാതെ ജീവിക്കുമെന്ന് തീരുമാനിച്ചിരുന്നു. ഇന്നും അത് മാറ്റമില്ലാതെ തുടരുന്നു. ചുറ്റും സഹായിക്കാൻ ആരും ഉണ്ടാകണമെന്നില്ല. അതിനെ ആശ്രയിക്കരുത്. നമുക്ക് സ്വയം ഒരു ബോധ്യം ഉണ്ടാവണം, ധൈര്യപൂർവം മുന്നോട്ടുപോകണം.
കൂടുതൽ പ്രീമിയം വാർത്തകളും അഭിമുഖങ്ങളും വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക.
പ്രൊഫഷനും പാഷനും ഒന്നിച്ചുകൊണ്ടുപോകുന്നത് പോരാട്ടം
പ്രൊഫഷനും പാഷനും ഒന്നിച്ചുമുന്നോട്ടു കൊണ്ടുപോകുകയെന്നത് വലിയൊരു ഏറ്റുമുട്ടലാണ്. നിരവധി പ്രതിസന്ധികൾ ഉണ്ടാകും. അത് തരണം ചെയ്യുകയെന്നത് എളുപ്പമല്ല. നീതിപൂർവമായി എന്തിനെയും കാണുക, പ്രവർത്തിക്കുക എന്നതിന് പ്രാധാന്യം കൊടുക്കുക. ആശയപരമായ പല വിയോജിപ്പുകളും പല ഘട്ടത്തിലും ഉണ്ടാവുമ്പോൾ അതിനെ നേരിടുകയെന്നതാണ് വലിയ പ്രതിസന്ധി. ഓഫീസിൽ ഒരു പ്രശ്നത്തെ നേരിടുമ്പോൾ അത് ആ ഓഫീസിന് യോജിച്ച വിധത്തിൽ ആരുടെ ഭാഗത്താണോ ന്യായം അവരുടെ ഭാഗത്ത് നിലയുറപ്പിക്കുകയാണ് ചെയ്യാറുള്ളത്. ചില സാഹചര്യങ്ങളിൽ ആശയപരമായ വലിയ ഏറ്റുമുട്ടലുകൾ നമുക്കുള്ളിൽ തന്നെ ഉടലെടുക്കും. ആദ്യം ഒരു ആശങ്ക ഉണ്ടാകും. പിന്നീട് ഏതു വഴിയൂടെ നടക്കണമെന്ന് കൃത്യമായ അവബോധം നമ്മിൽ തന്നെയുണ്ടാവും.
ഹ്രസ്വചിത്രത്തിൽ നിന്ന് ഫീച്ചർ സിനിമയിലേയ്ക്ക്
പത്ത് മിനിറ്റ് നേരത്തെ ഒരു ഹ്രസ്വചിത്രം ഒരുക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. സ്ക്രിപ്റ്റ് വായിച്ച് ഗംഭീരമെന്ന് പറഞ്ഞ പല ചിത്രങ്ങളും പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തത് പലപ്പോഴും കണ്ടിട്ടുണ്ട്. സ്ക്രിപ്റ്റ് മാത്രമല്ല സിനിമ. എനിക്ക് ഒരു സിനിമ ചെയ്യാൻ പറ്റുമോ എന്നൊരു ചിന്തയുണ്ടായിരുന്നു. ശ്രമിച്ചുനോക്കാമെന്ന ധാരണയാണ് ഹ്രസ്വചിത്രം ഒരുക്കാമെന്ന തീരുമാനത്തിലെത്തുന്നത്. ചിത്രീകരണവുമായി മുന്നോട്ട് പോയപ്പോൾ 45 മിനിറ്റായി മാറി. വെട്ടിമാറ്റാൻ ഒന്നുമുണ്ടായിരുന്നില്ല. എല്ലാം ആവശ്യമായ സീനുകളായിരുന്നു. 45 മിനിറ്റ് ഒരു ഹ്രസ്വചിത്രമല്ല, 70 മിറ്റാക്കിയാൽ ഒരു ഫീച്ചർ സിനിമയാവുകയും ചെയ്യും. ഒരു സ്രഷ്ടാവെന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്ന നിലയിൽ ആ സൃഷ്ടി ഉയരുകയും ചെയ്യും.
ഞാൻ എന്താണോ ഉദ്ദേശിച്ചത് അത് ഫ്രെയിമുകളിൽ പകർത്താൻ എനിക്ക് സാധിച്ചു. ഒരുപാട് സമയമെടുത്ത് നവീകരിച്ച് മിനുക്കിയെടുത്ത ആശയം 70 മിനിറ്റിലേക്ക് ദീർഘിപ്പിക്കാനായി സ്ക്രിപ്റ്റിലും ഡയലോഗിലുമൊക്കെ മാറ്റങ്ങൾ കൊണ്ടുവരാൻ ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ല. പ്രോപ്പർട്ടീസിന് സിനിമയിൽ വലിയ പ്രാധാന്യമുണ്ട്. രണ്ടാം ദിവസത്തെ ചിത്രീകരണത്തിനായുള്ള ഒരു രംഗത്തിന്റെ സ്ക്രിപ്റ്റ് തലേദിവസം എഴുതിയിരുന്നു. അപ്പോഴാണ് പശ്ചാത്തലത്തിൽ എന്തുവെക്കുമെന്ന സംശയം ഉടലെടുത്തത്. പല ചർച്ചകളും നടന്നു. ഒടുവിൽ ഒരു ആശയം മനസിൽ തോന്നിയത് ക്രൂവിനോട് പറയുകയും അതുമായി ബന്ധപ്പെട്ട ഒരു ചിത്രം വരയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. രണ്ടാം ദിവസം ചിത്രീകരിച്ചത് ഈ രംഗമാണ്. രണ്ടു പെൺകുട്ടികൾ സിഗരറ്റ് വലിച്ച് ജീവിതത്തെക്കുറിച്ചും കല്ല്യാണത്തെക്കുറിച്ചും സംസാരിക്കുന്ന നാല് മിനിറ്റ് ദൈർഘ്യംവരുന്ന ഒറ്റ ഷോട്ട്, പശ്ചാത്തലത്തിൽ ഈ ചിത്രം കൂടി വരുന്ന ആ ഷോട്ടാണ് ചിത്രത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഭാഗം.
ശോഭനയുടെ വർഷങ്ങളായുള്ള ആഗ്രഹത്തിന്റെയും സിനിമ നിരീക്ഷണത്തിന്റെയും പ്രതിഫലനമാണ് ഗേൾ ഫ്രണ്ട്സ് എന്ന ഈ ചിത്രം. ശോഭനയുടെ ജീവിതത്തിൽ കണ്ടുമുട്ടിയവരും അവരായി കണ്ടെത്തിയവരുമൊക്കെയാണ് ഈ ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും ഉള്ളത്. ഞാൻ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിക്കുന്ന ആദ്യത്തെ ചിത്രം ആണ് ഇത്. തീയേറ്റർ ആക്ടർ ആയി പ്രവർത്തിച്ചിരുന്ന ഞാൻ സിനിമയിൽ കൂടുതലും ആക്ടേഴ്സിനെയാണ് മനസിലാക്കാൻ ശ്രമിച്ചിട്ടുള്ളതും ആസ്വദിച്ചിട്ടുള്ളതും. അതൊഴിച്ചാൽ നല്ല ചിത്രങ്ങൾ കാണുമ്പോൾ ഒരു സിനിമ എടുക്കണമെന്ന് പറയുന്നതല്ലാതെ അതൊരു സ്വപ്നമായൊന്നും കണ്ടിരുന്നില്ല. ഈ സിനിമയാണ് അതിന്റെ മറ്റ് മേഖലയിൽ പ്രവർത്തിക്കുന്നതിന്റെ രസം മനസിലാക്കിത്തന്നത്. അതിനായി ഈ സിനിമയിലുള്ള ഓരോരുത്തരും എന്നെ സഹായിച്ചിട്ടുണ്ട്. ഗേൾ ഫ്രണ്ട്സ് ഇതാവണത്തെ ഐ.എഫ്.എഫ്.കെയിൽ എത്തുമ്പോൾ വളരെ സന്തോഷം. ഒരു സ്ത്രീയുടെ കണ്ണിലൂടെ മാറ്റനേകം സ്ത്രീകളെ കാണുന്ന ഭംഗിയും രാഷ്ട്രീയവും ഈ സിനിമയ്ക്കുണ്ട്. – നീലിമ കിഷോർ, അസോസിയേറ്റ് ഡയറക്ടർ, ഗേൾഫ്രണ്ട്സ്നിർമാതാവിന്റെ റോൾ ചിത്രം ആഗ്രഹിച്ച രീതിയിലേക്ക് ഉയർത്തി
ഞാൻ നിർമാതാവായതുകൊണ്ടു മാത്രമാണ് ചിത്രം ഇങ്ങനെയായത്. നിർമാണത്തിന് മറ്റാരെയും ആശ്രയിക്കാത്തതുകൊണ്ട് മാത്രമാണ് മറ്റാരുടെയും കൈകടത്തലുകളില്ലാതെ, ഞാൻ ആഗ്രഹിച്ച രീതിയിൽ ചിത്രം പൂർത്തീകരിക്കാൻ സാധിച്ചത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമില്ലാതെ സിനിമ ഉദ്ദേശിച്ച രീതിയിൽ പൂർത്തീകരിക്കാൻ കഴിഞ്ഞത് അതുകൊണ്ടാണ്. അതുകൊണ്ട് തന്നെ ഞാൻ ഉദ്ദേശിച്ചത് എന്തോ അത് സ്ക്രീനിലെത്തിക്കാൻ കഴിഞ്ഞു. സിനിമയെടുത്തതുകൊണ്ട് എനിക്ക് കടമില്ല. കടം വാങ്ങിയല്ല സിനിമയെടുത്തത്. എന്റെ സമ്പാദ്യമാണ് ഞാൻ അതിന് ഉപയോഗിച്ചത്.
സ്ത്രീകൾക്ക് അനുകൂലമായ സമയം
സിനിമയിൽ സ്ത്രീകൾക്ക് സാഹചര്യങ്ങൾ അനുകൂലമായിക്കൊണ്ടിരിക്കുകയാണ്. നിരവധി സാധ്യതകളുള്ള സമയമാണ്. സ്ക്രീനിനു മുന്നിലും പിന്നിലും സ്ത്രീകൾ തിളങ്ങുന്നുണ്ട്. അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയും. ഹേമ കമ്മിറ്റി റിപ്പോർട്ടൊക്കെ സ്ത്രീകൾക്കെതിരായ ചൂഷണവും കടന്നുകയറ്റവും ഒഴിവാക്കാൻ സഹായിക്കുമെന്ന് കരുതുന്നു.
സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ള പിന്തുണയിൽ അതൃപ്തി
സർക്കാർ സഹായത്തിന് മൂന്നു പ്രാവശ്യം അപേക്ഷിച്ചിരുന്നു. നിരവധി വർക്ക് ഷോപ്പുകളിലും പങ്കെടുത്തിരുന്നു. പക്ഷപാതപരമായ തീരുമാനങ്ങളാണ് അവിടെ സംഭവിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. കടുത്ത നിരാശയും നമ്മുടെ കഴിവിനെ കുറിച്ച് സംശയം തോന്നുന്ന സ്ഥിതി വരെ ഉണ്ടായിട്ടുണ്ട്. മൂല്യങ്ങളുള്ള സൃഷ്ടികൾ നിരാകരിക്കപ്പെടുകയാണെന്ന് മനസിലായതോടെ പിന്നീട് അപേക്ഷ നൽകിയില്ല. മെറിറ്റിലാണ് സൃഷ്ടികൾ തിരഞ്ഞെടുക്കപ്പെടേണ്ടതെന്നാണ് വിശ്വാസം.
2024 ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് വച്ചാണ് 29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ.) നടക്കുന്നത്. ഫാസിൽ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രവും അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കുന്നുണ്ട്. സംവിധായകന്റെ ആദ്യചിത്രമാണ് ഇത്. സംവിധായകൻ ജിയോ ബേബി ചെയർമാനും തിരക്കഥാകൃത്ത് പി.എസ്.റഫീഖ്, നടി ദിവ്യപ്രഭ, സംവിധായകരായ വിനു കോളിച്ചാൽ, ഫാസിൽ റസാഖ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഐ.എഫ്.എഫ്.കെയിലേക്കുള്ള മലയാളം സിനിമകൾ തിരഞ്ഞെടുത്തത്.
വി.സി.അഭിലാഷ് സംവിധാനം ചെയ്ത എ പാൻ ഇന്ത്യൻ സ്റ്റോറി, അഭിലാഷ് ബാബുവിന്റെ മായുന്നു മാറിവരുന്നു നിശ്വാസങ്ങളിൽ, കെ.റിനോഷന്റെ വെളിച്ചം തേടി, ദിൻജിത് അയ്യത്താന്റെ കിഷ്കിന്ധാ കാണ്ഡം, മിഥുൻ മുരളിയുടെ കിസ് വാഗൺ, ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത പാത്ത്, കൃഷാന്ദ് ആർ.കെ.യുടെ സംഘർഷ ഘടന, സന്തോഷ് ബാബുസേനനും സതീഷ് ബാബുസേനനും ചേർന്ന് സംവിധാനം ചെയ്ത മുഖക്കണ്ണാടി, സിറിൽ എബ്രഹാം ഡെന്നിസിന്റെ വാഴ്സി സോംബി തുടങ്ങിയവയാണ് മേളയിലേക്കു തിരഞ്ഞെടുക്കപ്പെട്ട മറ്റു മലയാള സിനിമകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]