
ജാതി മത ചിന്തകൾക്കെതിരേ തന്റെ സംഗീതത്തിലൂടെ സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പ്രശസ്ത കർണാടക സംഗീതജ്ഞനായ ടി.എം. കൃഷ്ണ. അടുത്തിടെ മദ്രാസ് മ്യൂസിക് അക്കാദമിയുടെ ‘സംഗീത കലാനിധി’ പുരസ്കാരം ടി.എം. കൃഷ്ണയ്ക്ക് നൽകുന്നതിനെതിരേ ഏതാനും കർണാടക സംഗീതജ്ഞർ രംഗത്തെത്തുകയും അത് വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. എം.എസ്.സുബ്ബലക്ഷ്മിയുടെ സ്മരണാർത്ഥമാണ് സംഗീത കലാനിധി പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്. മുൻപ് സുബ്ബലക്ഷ്മിക്കെതിരേ ടി.എം.കൃഷ്ണ അഭിപ്രായപ്രകടനവുമായി രംഗത്തെത്തി എന്നതാണ് വിവാദങ്ങൾക്ക് കാരണമായത്. ഇതിന് പിന്നാലെ മ്യൂസിക് അക്കാദമി അവാർഡ് പിൻവലിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ് സുബ്ബലക്ഷ്മിയുടെ പേരക്കുട്ടി.
വിവാദങ്ങൾക്കിടയിലും തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയുന്ന വ്യക്തിയാണ് ടി എം കൃഷ്ണ. ബി.ജെ.പി., സംഘപരിവാർ രാഷ്ട്രീയത്തിനെതിരേയുള്ള വിമർശനങ്ങൾക്ക് പിന്നാലെ തനിക്ക് നേരെ തുടർച്ചയായ നിരവധി ആക്രമണങ്ങളാണ് ഉണ്ടായതെന്ന് ടി.എം. കൃഷ്ണ പറയുന്നു. താൻ ഓരോ നിലപാടുകളെടുക്കുമ്പോഴും ഓരോ കാര്യങ്ങൾ പറയുമ്പോഴും ഓരോ പാട്ട് പാടുമ്പോഴും എന്താണ് തനിക്ക് നേരെ ഉണ്ടാകാൻ പോകുന്നതെന്ന് കൃത്യമായ ധാരണയുണ്ടെന്നും അദ്ദേഹം പറയുന്നു. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിന്തയും രാഷട്രീയവുമെല്ലാം സംഗീതത്തിലൂടെ പങ്കുവെക്കുന്ന വ്യക്തിയാണ് താങ്കൾ. എങ്ങനെയാണ് മറ്റുള്ളവരോട് സംവദിക്കുന്നതിനായി സംഗീതത്തെ ഒരു ഉപകരണമാക്കി മാറ്റിയെടുത്തത്.
ഓരോ കലയും എന്തെങ്കിലുമൊക്കെ സന്ദേശങ്ങൾ എപ്പോഴും പങ്കുവയ്ക്കാറുണ്ട്. അതിന്റെ പ്രേക്ഷകരുമായി എന്തെങ്കിലുമൊരു ആശയം പങ്കുവെക്കാത്ത ഒരു കലയും ഉണ്ടാകില്ല. അത്തരം പങ്കുവെക്കലുകൾ ഒരുപക്ഷേ മറ്റുള്ളവരോടോ സ്വയമോ ഒക്കെ ആകാം. കല എപ്പോഴും പൊളിറ്റിക്കലാണ്. ഇവിടെ ഉന്നയിക്കപ്പെടുന്ന പ്രധാന ചോദ്യം നമ്മൾ നൽകുന്ന സന്ദേശത്തിലെ നൈതികത എന്താണെന്നും നമ്മൾ എവിടെ എന്ത് പങ്കുവെയ്ക്കണം എന്നുള്ളതുമെല്ലാമാണ്. കലയിൽ രാഷ്ട്രീയമുണ്ട്. ആരെങ്കിലും കലയിൽ രാഷ്ട്രീയം ഇല്ലെന്ന് പറയുന്നുണ്ടെങ്കിൽ അവർ കലയല്ല നിർമിക്കുന്നത്. നമ്മൾ എന്താണ് ചെയ്യുന്നത് എന്നുള്ളതിനെക്കുറിച്ച് ചിന്തിക്കുകയും ബോധവാന്മാരായിരിക്കുകയും ചെയ്യണം. നമ്മൾ സത്യസന്ധരായിരിക്കുക എന്നുള്ളതാണ് പ്രധാനം. നമ്മൾ ശരിയാണോ തെറ്റാണോ എന്നുള്ളതടക്കം ബാക്കിയുള്ള കാര്യങ്ങളെല്ലാം അവിടെ അപ്രസക്തമാണ്.
നമ്മുടെ സമൂഹം മറ്റുള്ളവർ എന്ത് ചെയ്യുന്നുവെന്നാണ് എപ്പോഴും നോക്കുന്നത്. മറ്റുള്ളവർ എന്ത് ചെയ്യുന്നു, അവർ എന്ത് പുസ്തകം എഴുതുന്നു, എന്ത് തരത്തിലുള്ള സിനിമ നിർമിക്കുന്നു, എന്ത് തരത്തിലുള്ള കഥകളാണ് അവർ പറയുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ അറിയാനാണ് താല്പര്യം. സ്വയം മനസ്സിലാക്കുന്നതിനേക്കാൾ മറ്റുള്ളവരെ കുറിച്ച് അറിയാനാണ് സമൂഹം പലപ്പോഴും വ്യഗ്രത കാണിക്കുന്നത്.
ലോകത്തിൽ മനുഷ്യൻ എന്ന ഒരു ജാതി മാത്രമാണ് ഉള്ളത്. ആ മനുഷ്യ ജാതിയെക്കുറിച്ചാണ് താങ്കൾ എപ്പോഴും സംസാരിക്കുന്നത്. ഒരു നല്ല മനുഷ്യനായിരിക്കണമെങ്കിൽ ഇന്നത്തെ സാമൂഹിക ചുറ്റുപാടിൽ എത്രത്തോളം പോരാടണം.
നമ്മുടെ ജീവിതത്തിൽ അധികാരം എന്നത് ഒരു പ്രധാനപ്പെട്ട ഘടകമാണ്. സമൂഹത്തിൽ എന്താണ് നിങ്ങളുടെ സ്ഥാനം, ഒരു കമ്മ്യൂണിറ്റിയിൽ എന്താണ് നിങ്ങളുടെ സ്ഥാനം, വീട്ടിൽ എന്താണ് നിങ്ങളുടെ സ്ഥാനം എന്നതിനെയെല്ലാം അടിസ്ഥാനമാക്കി അവിടെയെല്ലാം നിങ്ങളുടെ അധികാരങ്ങളും മാറിക്കൊണ്ടേയിരിക്കും. നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് നമ്മളെല്ലാവരും ഈ അധികാരം വെച്ചാണ് കളിക്കുന്നത്. ആ തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാകണമെന്നില്ല. ചിലപ്പോഴൊക്കെ നമ്മൾ മറ്റുള്ളവരുടെ അധികാരങ്ങളുടെ പരിഗ്രാഹകനാവുകയും നമ്മളുടെ അധികാരം മറ്റുള്ളവരുടെ മേൽ പ്രകടിപ്പിക്കുകയും ചെയ്യും.
എന്നാൽ അതെങ്ങനെ മാറ്റണം എന്നതാണ് ചോദ്യം.
മനുഷ്യൻ എന്ന ഒരു ജാതി മാത്രമാണ് ഉള്ളതെന്ന് എല്ലാ മനുഷ്യരും തിരിച്ചറിഞ്ഞാൽ കുഴപ്പമില്ല. എന്നാൽ മനുഷ്യർ അത് ചിന്തിക്കുന്നില്ല. പകരം ചിന്തിക്കുന്നത് നമുക്ക് ചുറ്റും വ്യത്യസ്തമായ ലിംഗത്തിൽപ്പെട്ടവർ, നിരവധി തരത്തിലുള്ള ആൾക്കാർ, ഓരോരുത്തർക്കും വ്യത്യസ്തമായ സ്ഥാനങ്ങൾ, വ്യത്യസ്തമായ അധികാരങ്ങൾ, കുറച്ച് ആൾക്കാർക്ക് ചില കാര്യങ്ങൾ ചെയ്യാൻ പാടില്ല, ചില ആൾക്കാർ ചില മേൽവിലാസത്തിൽ മാത്രമേ അറിയപ്പെടാൻ പാടുള്ളൂ, ഈ പാട്ട് പാടാൻ പാടില്ല, പാട്ട് ഇങ്ങനെയേ പാടാൻ പാടുള്ളൂ എന്നിങ്ങനെ നീളുകയാണ്. ചിലർ അധികാരത്തെ ഇങ്ങനെയെല്ലാം ചിലരുടെ കൈക്കലാക്കാൻ ശ്രമിക്കുകയാണ് ചെയുന്നത്.
ഇതിന്റെ മറ്റൊരു വശമാണ് ഭയം. എല്ലാവർക്കും ഭയം എന്നത് സ്ഥായിയായ ഒന്നാണ്. ഭയവും ദേഷ്യവും ഈ രണ്ടു വികാരങ്ങളും കൂട്ടാളികളാണ്. മനുഷ്യൻ മാറ്റിനിർത്തേണ്ട രണ്ട് വികാരങ്ങളാണ് ഭയവും ദേഷ്യവും. എനിക്ക് നിങ്ങളോട് ഭയം ഉണ്ടെങ്കിൽ ഞാൻ ദേഷ്യപ്പെടും. ഇനി ഞാൻ നിങ്ങളോട് ദേഷ്യപ്പെടുകയാണെങ്കിൽ എനിക്ക് മറ്റെന്തിനെക്കുറിച്ചെങ്കിലും ആലോചിച്ച് ഭയവും ഉണ്ടാകും. ഇതിനെ രണ്ടിനെയും എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്നതാണ്. നമ്മുടെ സമൂഹത്തെ പറ്റി മണ്ടൻ ആശയങ്ങളാണ് ചിലർക്ക് ഉള്ളത്. ചിലർ നമ്മളെ ഭയപ്പെടുന്നതായി നമ്മളെ ബോധ്യപ്പെടുത്തും. നിങ്ങൾ ചീത്തയാണെന്നും ബോധ്യപ്പെടുത്തും. എന്നാൽ എങ്ങനെ ഈ വികാരങ്ങളെ കൈകാര്യം ചെയ്യുമെന്നുള്ളതാണ്. അതാണ് ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ബി.ജെ.പി.-സംഘപരിവാർ രാഷ്ട്രീയത്തിനെതിരേ തുടർച്ചയായി സംസാരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് താങ്കൾ. ബി ജെപിക്കെതിരായ വിമർശനങ്ങൾ താങ്കളെ ഏതെങ്കിലും മോശമായ തരത്തിൽ ബാധിച്ചിട്ടുണ്ടോ.
ബി ജെ പിയുടെ തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നവരിൽ ഒരാളാണ് ഞാൻ. പക്ഷേ ഞാൻ അതിനെപ്പറ്റി എവിടേയും പരാതിപ്പെട്ടിട്ടില്ല. ഒരു വിഷയത്തിൽ നിലപാടെടുക്കുമ്പോഴും ഒരു കാര്യം പറയുമ്പോഴും ചില പാട്ടുകൾ പാടുമ്പോഴുമെല്ലാം എനിക്കെതിരേ എങ്ങനെയാകും പ്രതികരണമുണ്ടാവുക എന്ന കാര്യത്തെക്കുറിച്ച് ഞാൻ നല്ല ബോധവാനാണ്. എന്നാൽ എന്നെ ആശങ്കപ്പെടുത്തുന്നുവെന്നത് ഇന്നത്തെ കാലത്ത് ഒരു വിഷയത്തെക്കുറിച്ചും ഗൗരവമേറിയ ചർച്ചകൾ നടക്കുന്നില്ല എന്നുള്ളതാണ്. ഞാനൊരു സംഗീതഞ്ജനാണ്. എന്നാൽ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം കേൾക്കുക എന്നതാണ്. പാടുക എന്നുള്ളതല്ല. എന്റെ എല്ലാ വിദ്യാർഥികളേയും ഞാൻ പഠിപ്പിക്കുന്നത് കേൾക്കാനാണ് പാടാൻ അല്ല.
ഇന്ന് മറ്റൊരാളെ കേൾക്കുക എന്ന നമ്മുടെ കഴിവാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. അത്തരമൊരു അവസ്ഥയിൽ നമ്മൾ ദീർഘകാലം തുടരുകയാണെങ്കിൽ ഈ അക്രമം അഴിച്ചുവിടുന്നവരെല്ലാം സന്തോഷവാന്മാരാകും.
നിങ്ങൾ മറ്റൊരാളോട് നിങ്ങളെ കേൾക്കാനാണ് പറയുന്നത്. എന്നാൽ നിങ്ങൾ ആവശ്യപ്പെടുന്നവർക്ക് നിങ്ങൾ പറയുന്നത് കേൾക്കാൻ താത്പര്യമുണ്ടാകണമെന്നില്ല. അങ്ങനെ വരുമ്പോൾ അവിടെ നിങ്ങൾ അക്രമിക്കപ്പെടും. പിന്നീടത് സ്വകാര്യതയിലേക്കടക്കം കടന്നു കയറിയുള്ള അക്രമങ്ങളാകും. എന്നാൽ അതൊരിക്കലും ഒരു സുഖരമായ അനുഭൂതിയല്ല. എന്നാൽ ഒരു പോയിന്റിനപ്പുറത്ത് അതുമായി പൊരുത്തപ്പെട്ട് പോകാൻ നമ്മൾ പ്രാപ്തരാകും.
അള്ളാഹുവും യേശുവുമെല്ലാം താങ്കളുടെ പാട്ടുകളിൽ ഉണ്ടാകാറുണ്ട്. ഇതിനെതിരേയുണ്ടാകുന്ന മോശമായ പ്രതികരണങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്
ഞാൻ എന്താണ് പാടുന്നതെന്നും എന്താണ് പറയുന്നതെന്നുമുള്ള കാര്യങ്ങളിൽ വ്യക്തതയുള്ള ആളാണ് ഞാൻ. അതുകൊണ്ട് തന്നെ മോശമായ പ്രതികരണങ്ങൾ എന്നെ ബാധിക്കാറില്ല. സംഗീതം ഒരു ദൈവത്തിന്റേത് മാത്രമല്ല പകരം എല്ലാ ദൈവങ്ങളുടേതും കൂടിയാണ്. ദൈവവിശ്വാസികൾക്കും ദൈവത്തിൽ വിശ്വാസിക്കാത്തവർക്കും എല്ലാവർക്കും വേണ്ടിയിട്ടുള്ളതാണ് സംഗീതം. ആർക്ക് വേണമെങ്കിലും പാടുകയോ പാടാതിരിക്കുകയോ ചെയ്യാം. അതെല്ലാം ഓരോരുത്തരുടേയും അവകാശങ്ങളാണ്. അവരവരുടേതായ രീതിയിൽ സംഗീതത്തിൽ ഓരോ മാറ്റങ്ങൾ കൊണ്ട് വരാം. അതിലൊന്നും യാതൊരു പ്രശ്നവും ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഇത്തരത്തിൽ സംഗീതത്തിൽ അള്ളാഹുവിനേയും യേശുവിനേയുമെല്ലാം കേൾക്കുമ്പോൾ പ്രശ്നമായി തോന്നുന്നുണ്ടെങ്കിൽ അവരുടെ പ്രശ്നം എന്താണെന്ന് കേൾക്കുന്നവരാണ് കണ്ടുപിടിക്കേണ്ടത്.
ഇന്നത്തെ പുതുതലമുറ ജാസ്, ഹിപ്പ് ഹോപ്പുകളുടെ പുറകേയാണ്. താങ്കൾക്ക് അത്തരം സംഗീത ശാഖകൾ ഇഷ്ടമാണോ ആസ്വദിക്കാറുണ്ടോ
ഈ വ്യത്യസ്ത സംഗീത ശാഖകളൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. ലോകത്ത് വിവിധ തരത്തിലുള്ള സംഗീതമുണ്ട്. ജനങ്ങൾ അവർക്ക് ഇഷ്ടമുള്ളത് കേൾക്കുന്നു. എന്നാൽ പോപ്പുലറായ ഒരു സംഗീത ശാഖക്ക് മാത്രം അത് അർഹതപ്പെട്ടതിനെക്കാൾ കൂടുതൽ സ്ഥാനം ലഭിക്കുന്നുവെന്നുള്ളതാണ് എന്നെ ആശങ്കപ്പെടുത്തുന്നത്.
എന്റെ ഉത്കണ്ഠ അതിനെക്കുറിച്ചാണ്. ലോകത്ത് നൂറുകണക്കിനുള്ള സംഗീത ശാഖകൾ ഉണ്ട്. പോപ്പുലർ സംഗീതം എന്ന് പറയുന്നത് അതിൽ ഒരു ശതമാനം മാത്രമാണ്. ഇന്ത്യയിൽ അത് സിനിമയിലെ സംഗീതമാണ്. വിദേശരാജ്യങ്ങളിൽ രാജ്യങ്ങളിൽ പോപ്പുലർ വെസ്റ്റേൺ മ്യൂസിക് എന്നാണ് അറിയപ്പെടുക. ഇവിടെ എന്നെ ആശങ്കാകുലനാക്കുന്നത് ഈ സംഗീത ശാഖകൾക്കിടയിലുള്ള അധികാര തർക്കമാണ്. അത് എവിടേയും അടയാളപ്പെടുത്തുന്നില്ല.
അധികാര സംഘർഷം എപ്പോഴും ഇത്തരം സംഗീത ശാഖകൾക്കിടയിൽ ഉണ്ട്. രണ്ട് ശതമാനം മാത്രമുള്ള സംഗീത ശാഖക്ക് വേണ്ടി അല്ലെങ്കിൽ അതിന് വേണ്ടി മാത്രം തൊണ്ണൂറ്റിയെട്ട് ശതമാനം വരുന്ന സംഗീതത്തിൽ മാറ്റം വരുത്തേണ്ട സ്ഥിതിയാണ് ഉള്ളത്. രണ്ട് ശതമാനം മാത്രമുള്ള സംഗീത ശാഖക്ക് വേണ്ടി നമ്മൾ ബാക്കിയുള്ളതിനെ പുഷ്ടിപ്പെടുത്തുകയാണ് ചെയ്യുന്നത്. എന്തുകൊണ്ട് നമ്മൾ അങ്ങനെ ചെയ്യണം.
ഞാൻ ചിന്തിക്കുന്നത് ഗ്രാമങ്ങളിലെ കലാരൂപങ്ങളെ പറ്റിയാണ്, ആരും ശ്രദ്ധിക്കാതെ പോകുന്ന കലകളെ പറ്റിയാണ്. എന്നിട്ട് എല്ലാവരും പറയും ആ കലാരൂപം മൺമറഞ്ഞു പോയി എന്ന്. എന്നാൽ അങ്ങനെയൊന്ന് സംഭവിക്കുന്നില്ല. നമ്മൾ ആ കലാരൂപത്തെ കൊല്ലുകയാണ് ചെയ്യുന്നത്. എന്റെ പ്രശ്നം ഇവിടെയാണ്.
വൈവിധ്യം എന്നത് എല്ലായിടത്തും ഉണ്ട്. എല്ലാവരും അവരവർക്ക് വേണ്ടത് തിരഞ്ഞെടുക്കുന്നു. എന്നാൽ മാർക്കറ്റിന്റെ പവർ അനുസരിച്ച് ചില കലകൾക്ക് മാത്രം പ്രാധാന്യം ലഭിക്കുന്നു. അവിടെ ചിലതിന് മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നു. യൂട്യൂബിന്റെ അൽഗോരിതം അതിന്റെതായ രീതിയിലും ഇൻസ്റ്റഗ്രാം അൽഗോരിതം അതിന്റേതായ രീതിയിലുമാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് പോപ്പുലർ ആയത് എന്താണോ അത് നമ്മൾ ആസ്വദിക്കുന്നു. നമുക്ക് അതുപോലെ അത്തരമൊരു കലാസ്വാദക പ്രശ്നമുണ്ട്.
ലോകത്താകമാനം നിരവധി കലാരൂപങ്ങളാണുള്ളത്. പ്രത്യേകിച്ച് അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കിടയിൽ. പോപ്പുലർ കലാരൂപങ്ങൾക്കിടയിൽ പെടാത്തത് കൊണ്ട് തന്നെ അവയെല്ലാം മൺമറഞ്ഞു പോവുകയാണ് ചെയ്യുന്നത്. എന്നിട്ട് നമ്മൾ അവരോട് പറയുന്നത് സിനിമയെ ഇഷ്ടപ്പെടാനാണ്. സിനിമയിലേത് പോലെ സംഗീതം സൃഷ്ടിക്കാനാണ്. സിനിമയിലേതുപോലെ എന്തിന് നമ്മൾ സംഗീതത്തെ ചിട്ടപ്പെടുത്തണം. ഇതൊക്കെയാണ് എന്നെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങൾ. എന്നാൽ ഇതിനെപ്പറ്റി ആരും എവിടെയും സംസാരിക്കുന്നില്ല. എന്നിട്ട് ഈ കലാരൂപങ്ങളെയും കലാസൃഷ്ടികളെയും എല്ലാം ആർക്കൈവ് ചെയ്ത് എല്ലാവരെയും മ്യൂസിയത്തിലേക്ക് പറഞ്ഞയക്കുകയാണ് നമ്മൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.
പുറമ്പോക്ക് എന്ന സംഗീത ആൽബം. ആ വാക്ക് തന്നെ നമ്മുടെ സാമൂഹിക ചുറ്റുപാടിനെ വ്യക്തമാക്കുന്നതാണ്. സംഗീതത്തിലെ പുറമ്പോക്കുകളെപ്പറ്റി സംസാരിച്ചു. സംഗീതത്തിൽ അത്തരമൊരു പുറമ്പോക്കുണ്ടോ
ഞാനും പുറമ്പോക്കാണ് നിങ്ങളും പുറമ്പോക്കാണ്. പുറമ്പോക്ക് എന്ന വാക്ക് ഒരു പരിസ്ഥിതിപരമായും സാമൂഹികവും രാഷ്ട്രീയവുമായ അർത്ഥങ്ങളുള്ള വാക്കാണ്. ഓരോ മനുഷ്യരും പുറമ്പോക്കാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മളെല്ലാവരും സാധാരണ ജനങ്ങളാണ്. സംഗീതം ഒരു ആൾക്ക് വേണ്ടി മാത്രമുള്ളതല്ല. പരസ്പരം പങ്കുവെക്കപ്പെടുന്ന ഒന്നാണ്. അത്തരം പങ്കുവെക്കൽ നടത്തുന്ന സാധാരണക്കാരായ ജനങ്ങൾ ആണ് നമ്മൾ. അതുകൊണ്ടുതന്നെ പുറമ്പോക്ക് എന്നത് എന്നെ സംബന്ധിച്ച് ഒരു ആസക്തിയാണ്. സൃഷ്ടിക്കുന്നതിനുള്ള ആസക്തി. അതുകൊണ്ടുതന്നെ പാട്ടിൽ തീർച്ചയായും പുറമ്പോക്കുണ്ട്. പാട്ട് പുറമ്പോക്ക് ആയി ഇരുന്നാൽ മാത്രമേ എല്ലാവരിലേക്കും എത്തുകയുള്ളൂ. പാട്ട് പുറമ്പോക്ക് അല്ലെങ്കിൽ ആരിലേക്കും എത്തില്ല. ഒരു പരിധിയുമില്ലാതെ അന്യോന്യം പങ്കുവെച്ചാൽ മാത്രമേ സംഗീതം സാധാരണക്കാരും അല്ലാത്തവരുമായ എല്ലാ മനുഷ്യരിലേക്കും എത്തിച്ചേരുകയുള്ളൂ.
ഫോട്ടോ: അഭിലാഷ് ചിറക്കടവ് / മാതൃഭൂമി
കേരളത്തിൽ ഹേമ കമ്മിറ്റി വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കുമാണ് വഴിവെച്ചത്.അതിനെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിരുന്നോ
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങളാണുള്ളത്. ആദ്യത്തേത് ഹേമ കമ്മിറ്റി റിപ്പോർട്ട് വളരെ വർഷങ്ങൾക്കു മുൻപ് തന്നെ സമർപ്പിച്ചതാണ്. എന്നാൽ ഇത്രയും കാലം പുറത്തു വിടാതിരുന്നത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയായി തന്നെയാണ് കാണുന്നത്. രണ്ടാമത്തെ കാര്യം ഇപ്പോൾ അത് പുറത്തുവന്നിരിക്കുന്നു. അത് റിയാലിറ്റി ആണ്. ഇതിൽ പറയുന്നതൊന്നും മറച്ചുവയ്ക്കപ്പെടേണ്ടതല്ല. എന്തിനാണ് റിപ്പോർട്ടിലെ വിവരങ്ങൾ മറച്ചുവെക്കുന്നത് എന്ന് മനസിലാകുന്നില്ല. റിപ്പോർട്ടിൽ വ്യക്തമാക്കുന്ന കാര്യങ്ങളെല്ലാം നമ്മൾ എങ്ങനെ മറച്ചു വെക്കും. ഇതെല്ലാം സംഭവിക്കുന്നു എന്ന കാര്യം നമ്മൾക്കെല്ലാവർക്കും അറിയാവുന്നതാണ്.
ഒരു മേഖലയിൽ മാത്രമല്ല ഇത്തരം റിപ്പോർട്ട് വേണ്ടത്. തമിഴ്, തെലുങ്കു, കന്നട ഇൻഡസ്ട്രികളിലെല്ലാം ഇത്തരം റിപ്പോർട്ടുകൾ പുറത്തുവരണം. അതാണ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ആദ്യ പടി. റിപ്പോർട്ട് പുറത്തുവന്നത് കൊണ്ട് മാത്രം എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് കരുതുന്നില്ല. പക്ഷേ ഇതൊരു തുടക്കമായി കണക്കാക്കണം. ഇവിടെ ഞാൻ ഉൾപ്പെടുന്ന പുരുഷന്മാർ സ്വയം ആവബോധം ഉണ്ടാക്കുകയും യാഥാർഥ്യം അംഗീകരിക്കുകയും ചെയ്യണം. സ്വയം ചോദിക്കണം നിങ്ങൾ മാറ്റത്തിന് തയ്യാറാണോ എന്ന്. അതുവഴി ഒരു മാതൃകാപരമായ ഒരു സംസ്കാരമാറ്റത്തിന് വഴിതെളിക്കും. ഇതാണ് അതിനുള്ള ആദ്യ പടി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇത്തരമൊരു റിപ്പോർട്ട് പുറത്തുകൊണ്ടുവരുന്നതിന് വേണ്ടി പിന്നിൽ പ്രവർത്തിച്ച സ്ത്രീകളെ അനുമോദിക്കുകയാണ്. എല്ലാവർക്കും അറിയാം അത് അത്ര എളുപ്പമായ കാര്യമല്ലെന്ന്. എന്നിരുന്നാലും അവരുടെ ആത്മവിശ്വാസത്തെ അഭിനന്ദിക്കുകയാണ്.
Key Points:
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
T.M. Krishna, a prominent Carnatic musician, uses his music to challenge caste and religious ideologies, leading to controversy.He highlights the need for societal change and encourages self-awareness, emphasizing the importance of equality and human rights.Krishna discusses the power of music to convey social and political messages and addresses the challenges he faces as an outspoken artist.He advocates for a more inclusive and just society and promotes open dialogue and critical thinking.