
തീയേറ്ററില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന ‘ബോഗയ്ന്‍വില്ല’യ്ക്ക് പിന്നില്‍ സിനിമ സ്വപ്നംകണ്ട്, വര്‍ഷങ്ങളോളം തിരക്കഥയും കഥപറച്ചിലുമായി നടന്നലഞ്ഞ ഒരു ചെറുപ്പക്കാരന്റെ കഥയുണ്ട്. ഇരുപതാം നൂറ്റാണ്ട് എന്ന സിനിമ കണ്ട് കള്ളക്കടത്തുകാരനാകണമെന്നും ആവനാഴിയിലെ മമ്മൂട്ടിയെപ്പോലെ ഇന്‍സ്പെക്ടര്‍ ആകണമെന്നുമെല്ലാം ചിന്തിച്ചുനടന്ന ബാല്യമായിരുന്നു അയാളുടേത്. വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ആ സിനിമകളിലെല്ലാം ക്രൈമിന്റെ അംശമുണ്ടന്ന് തിരിച്ചറിഞ്ഞത്. സ്കൂള്‍കാലത്ത് ട്രഷര്‍ ഐലന്റ്, ഷെര്‍ലക് ഹോംസ് തുടങ്ങി നിരവധി ഡിറ്റക്ടിവ് ക്രൈംത്രില്ലര്‍ പുസ്തകങ്ങള്‍ വായിച്ച് വലുതാകുമ്പോഴൊരു ഡിറ്റക്ടിവായിത്തീരണമെന്ന് മനസ്സിലുറപ്പിച്ച ആ ചെറുപ്പക്കാരന് പില്ക്കാലത്ത് ഒരുപിടി ക്രൈം ഫിക്ഷന്‍ നോവലുകളുമായാണ് നമുക്ക് മുന്നിലെത്തിയത്. വര്‍ഷങ്ങളായി തിരക്കഥാകൃത്താകാനുള്ള മോഹം ഉള്ളില്‍ പേറിനടന്ന ലാജോ ജോസിന്റെ സ്വപ്നസാക്ഷാത്കാരംകൂടിയാണ് ‘ബോഗയ്ന്‍വില്ല’. അദ്ദേഹം സംസാരിക്കുന്നു;
വര്‍ഷങ്ങളോളം സിനിമ സ്വപ്നംകണ്ടു നടന്ന ലാജോ ജോസിനെ തേടി അത്രമേല്‍ ഇഷ്ടപ്പെട്ട ഒരു സംവിധായകന്റെ ഫോണ്‍കോള്‍ വന്നു. എങ്ങനെയാണ് ‘ബോഗയ്ന്‍വില്ല’യിലേക്കുള്ള വഴിതെളിഞ്ഞത്?
സിനിമ എന്റെ സ്വപ്നമായിരുന്നു. തിരക്കഥാക്കൃത്താവാന് ഞാന്‍ അതിയായി ആഗ്രഹിച്ചു. വര്‍ഷങ്ങളോളം ഞാന്‍ സിനിമ സ്വപ്നം കണ്ട് നടന്നിട്ടുണ്ട്. ഇപ്പോള്‍ ‘ബോഗയ്ന്‍വില്ല’യിലൂടെ അത് യാഥാര്‍ഥ്യമായിരിക്കുകയാണ്. 2020ലാണ് എനിക്ക് അമല്‍ സാറിന്റെ ഫോണ്‍കോള്‍ വന്നത്. ട്രാന്‍സ് എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ചെയ്യാനായി അദ്ദേഹം മുംബൈയിലേക്ക് പോകവെ കൊച്ചി വിമാനത്താവളത്തിലെ ബുക്ക്സ്റ്റാളില്‍നിന്ന് എന്റെ നോവലായ റൂത്തിന്റെ ലോകം വാങ്ങി വായിക്കാനിടയായി. അത് ഫ്ളൈറ്റിലിരുന്ന് വായിച്ചശേഷമാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. ലാജോ നമുക്കിത് സിനിമയാക്കാം എന്നദ്ദേഹം പറഞ്ഞു.
അമല്‍ സാറിന്റെ ആ വിളിയാണ് എന്നെ ഏറ്റവുമധികം എക്സൈറ്റ് ചെയ്തത്. നമുക്കൊരു സിനിമ ചെയ്യാം എന്നുപറഞ്ഞ് അദ്ദേഹം വിളിച്ചതിനപ്പുറത്തേക്ക് മറ്റൊന്നും എന്നെ ആശ്ചര്യപ്പെടുത്തിയിട്ടില്ല. ഷൂട്ടിങ് തീരുമാനിച്ചപ്പോഴും പൂര്‍ത്തിയാകുമ്പോഴും പ്രമോഷന് പോസ്റ്ററുകള്‍ വന്നപ്പോഴും എന്റെ പേര് വന്നതുപോലും എന്നെ അത്ര എക്സൈറ്റ് ചെയ്യിച്ചിട്ടില്ല. ഞാന്‍ ഇഷ്ടപ്പെടുന്ന സംവിധായകന് എന്നെ വിളിച്ചു എന്നുള്ളതാണ് എനിക്ക് വലിയ കാര്യമായി തോന്നിയത്. ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ഒരാരാധകനാണ്.
പിന്നീടെങ്ങനെയാണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്?
എന്നെ ഫോണില്‍ വിളിച്ച് ഒരാഴ്ച കഴിഞ്ഞശേഷം ഞാന്‍ അമല്‍ സാറിനെ പോയി കണ്ടു. അപ്പോള്‍ അദ്ദേഹം ബിലാലിന്റെ ഷൂട്ടിങ് തുടങ്ങാനിരിക്കുന്ന സമയമാണ്. ഞങ്ങള്‍ പരിചയപ്പെട്ടു. അദ്ദേഹത്തെ കാണാനും സംസാരിക്കാനുമെല്ലാം ആഗ്രഹിച്ചിരുന്നെങ്കിലും ഇങ്ങനെ അദ്ദേഹത്തിനടുത്തേക്ക് എത്തിപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതേയില്ലായിരുന്നു.
‘ബോഗയ്ന്‍വില്ല’യുടെ പുതിയ പോസ്റ്റർ
ആ കൂടിക്കാഴ്ചയില്‍ ഞങ്ങള്‍ റൂത്തിന്റെ ലോകത്തെക്കുറിച്ച് സംസാരിച്ചു. ബിലാലിന്റെ ഷൂട്ടിങ് കഴിഞ്ഞ് നമുക്കിരിക്കാം എന്നാണ് അമല്സാര് പറഞ്ഞിരുന്നത്. പക്ഷേ, ആ സമയത്താണ് കോവിഡും ലോക്ക്ഡൗണുമെല്ലാം വരുന്നത്. പിന്നീട് അദ്ദേഹം ഭീഷ്മപര്‍വം എന്ന സിനിമ ചെയ്തു. തടസ്സങ്ങളില്ലായിരുന്നെങ്കില്‍ ഭീഷ്മപര്‍വത്തിന് മുമ്പേ ‘ബോഗയ്ന്‍വില്ല’ വരേണ്ടതായിരുന്നു.
ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യുകയാണെങ്കില്‍ അമല്‍ നീരദിന്റെ കൂടെ ചെയ്യണമെന്ന് ആഗ്രഹിക്കാന്‍ കാരണമെന്തായിരുന്നു?
അദ്ദേഹത്തിന്റെ സിനിമകള്‍ എനിക്കിഷ്ടമാണ്. നിലവിലുണ്ടായിരുന്ന ചലച്ചിത്രക്കാഴ്ചകളെ മാറ്റിമറിച്ചുകൊണ്ടാണ് ഒരു ബിഗ് ബി എന്ന സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. അന്ന് ഞാനതിലെ പല ഡയലോഗുകളും കാണാതെ പഠിച്ച് പറഞ്ഞുനടക്കുമായിരുന്നു. പ്രത്യേകിച്ച് അതിഭാവുകത്വങ്ങളൊന്നുമില്ലാത്ത അഭിനയവും സംഭാഷണങ്ങളും വ്യത്യസ്തമായ ദൃശ്യങ്ങളും എന്നെ ആകര്‍ഷിച്ചു. അങ്ങനെ ഞാനൊരു ഫാന്‍ ബോയിയായി. ത്രില്ലര്‍ സിനികള്‍ എന്ന ചിന്ത വരുമ്പോള്‍ അത് അമല്‍നീരദിന്റെ ഫ്രെയ്മില് എങ്ങനെയായിരിക്കും എന്ന് ഞാന്‍ ചിന്തിക്കും. പ്രേക്ഷകര്‍ക്കുള്ളില്‍ അങ്ങനെയൊരു സിഗനേച്ചര്‍ പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
മിസ്റ്ററി ക്രൈം നോവലായ ‘കോഫി ഹൗസി’ല്‍ തുടങ്ങി ‘റൂത്തിന്റെ ലോകം’, ‘ഹൈഡ്രേഞ്ചിയ’, ‘റെസ്റ്റ് ഇന്‍ പീസ്’, ‘കന്യാ-മരിയ’ എന്നീ പുസ്തകങ്ങളിലൂടെ ഉദ്വേഗജനകമാര്ന്ന കഥകള്‍ അവതരിപ്പിച്ച താങ്കള്‍ എഴുതിത്തുടങ്ങിയത് പക്ഷേ, ഒരെഴുത്തുകാരനായി അറിയപ്പെടാനല്ല.
ആദ്യമേ തിരക്കഥാക്കൃത്താവാനാണ് ഞാന്‍ എഴുതിത്തുടങ്ങിയത്. 2010-ല്‍ ഞാന്‍ രണ്ട് തിരക്കഥകളെഴുതാന്‍ ശ്രമിച്ചു. അപ്പോഴാണ് എനിക്ക് തിരക്കഥയെഴുതാന്‍ അറിയില്ലെന്ന കാര്യം മനസ്സിലായത്. പിന്നീട് ഞാന്‍ എങ്ങനെ തിരക്കഥയെഴുതാം എന്നതിനെക്കുറിച്ച് പഠിക്കുകയായിരുന്നു. അതിനായി പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വായിച്ചു. അമേരിക്കയിലുള്ള എന്റെ സുഹൃത്ത് മുഖേന അവിടെനിന്നും പുസ്തകങ്ങള്‍ വരുത്തിച്ചു. അങ്ങനെ 2012ല്‍ ഒരു തിരക്കഥ പൂര്‍ത്തിയാക്കി. തിരക്കഥയുടെ ഘടന, പ്ലോട്ട് പോയിന്റുകള്‍ എന്നിവയെന്താണ്, എവിടെയൊക്കെയാണ് വൈകാരികതകൊണ്ടുവരേണ്ടത്, കഥാപാത്രത്തിന്റെ യാത്രയെന്താണ് എന്നെല്ലാം അപ്പോഴാണ് എനിക്ക് മനസ്സിലായത്. ആ ടൂള്വെച്ച് വിശകലനം ചെയ്ത് നോക്കിയപ്പോള്‍ വ്യത്യസ്തമാണെങ്കിലും എല്ലാ സിനിമകളുടേയും തിരക്കഥാരചനാ രീതി ഒരുപോലെയാണെന്ന് മനസ്സിലായി.
എഴുതിയ തിരക്കഥകള്‍ അവതരിപ്പിക്കാനായി അവസരങ്ങള്‍ തേടി ഞാന്‍ അലഞ്ഞു. നിരാശയായിരുന്നു ഫലം. എഴുതിയ കഥകളൊക്കെ എന്തുചെയ്യുമെന്ന് ഞാന്‍ ആലോചിച്ചു. അങ്ങനെയാണ് എന്റെ കൈയില്‍ കഥയുണ്ടെന്ന് ലോകത്തെ കാണിക്കാന്‍ അവ നോവലാക്കാമെന്ന് തീരുമാനമെടുത്തത്. അപ്പോള്‍ നേരിട്ട പ്രതിസന്ധിയാകട്ടെ എനിക്ക് നോവലെഴുതാന്‍ അറിയില്ല എന്നതായിരുന്നു. പിന്നീട് അത് പഠിച്ചെടുത്തു. തിരക്കഥയും നോവലും രണ്ട് വ്യത്യസ്ത സംഗതികളാണെന്ന് അപ്പോഴാണ് മനസ്സിലായത്. അങ്ങനെ സിനിമയാക്കാന്വെച്ച കഥകളാണ് എനിക്ക് നോവലുകളാക്കേണ്ടിവന്നത്.
‘ബോഗയ്ന്‍വില്ല’ റിലീസാവുന്നതിന് മുമ്പുതന്നെ ആ സിനിമയ്ക്ക് ആധാരമായ കഥ ലാജോ ജോസിന്റെ ഏത് പുസ്തകത്തില്നിന്നാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. അത് വെളിപ്പെടുത്താതിരുന്നത് എന്തുകൊണ്ടാണ്.
സിനിമയ്ക്കടിസ്ഥാനമായത് എന്റെ ഏത് പുസ്തകമാണെന്നത് വെളിപ്പെടുത്തിയിട്ടില്ലായിരുന്നു. കഥ ഏതാണെന്നതിനെക്കുറിച്ച് ഒരുപാട് റൂമറുകള്‍ വന്നിരുന്നു. നേരത്തേ പുസ്തകം വായിച്ച് എക്സൈറ്റായ ആളുകളെപ്പോലെയല്ല പുതിയ ആളുകള്‍. അവരുടെ സ്പെഷ്യല്‍ എക്സ്പീരിയന്‍സ് നഷ്ടമാകേണ്ടെന്ന് വിചാരിച്ച് മനപ്പൂര്‍വമാണ് പുസ്തകമേതെന്ന് പറയാതിരുന്നത്. അത് വെളിപ്പെടുത്താന്‍ എനിക്ക് തോന്നിയതേയില്ല. റൂത്തിന്റെ ലോകം മാത്രമാണ് സിനിമയ്ക്ക് ആധാരമായ കൃതി. എന്തുകൊണ്ടാണ് അത് വെളിപ്പെടുത്താത്തത് എന്ന് വായനക്കാര്‍ക്ക് മനസ്സിലായിട്ടുണ്ടാകും. ആരും എന്നോട് അതേക്കുറിച്ച് ചോദിച്ചിട്ടില്ല. പലരും തമാശരൂപേണ ‘ഞങ്ങളെ പറ്റിച്ചു അല്ലേ’എന്നൊക്കെ മെസ്സേജ് അയച്ചിട്ടുണ്ട് എന്നല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല.
ലാജോ ജോസിന്റെ പുസ്തകങ്ങള്‍
എന്റെ വായനക്കാരോട് എനിക്ക് എപ്പോള്‍ വേണമെങ്കിലും ക്ഷമ ചോദിക്കാം. അവരെന്നെ സ്നേഹിക്കുന്ന ആളുകളാണ്. സിനിമയും നോവലും രണ്ട് കലാരൂപങ്ങളാണ്. ആരുടേയും ആസ്വാദനാനുഭവത്തെ സ്പോയില് ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
‘ബോഗയ്ന്‍വില്ല’യില്‍ ‘റൂത്തിന്റെ ലോകം’ തീര്‍ത്തതിനെ കുറിച്ച് പറയാമോ.
ഒരു നോവല്‍ പൂര്‍ണമായും സിനിമയാക്കാന്‍ നമുക്ക് സാധിക്കില്ല. റൂത്തിന്റെ ലോകം എന്ന അടിസ്ഥാനകഥ പറയാന്‍ ഞാന്‍ ഉപയോഗിച്ചത് നോവല്‍രൂപമാണ്. സിനിമ എന്ന മാധ്യമം വേറിട്ടൊരു ആര്‍ട്ട്ഫോം ആണ്. ഈ സിനിമ പൂര്‍ണമായും റൂത്തിന്റെ ലോകമാണെന്ന് പറയാനാകില്ല. സിനിമയിലേക്ക് ആവശ്യമായ കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
‘റൂത്തിന്റെ ലോകം’ എന്ന
പുസ്തകത്തിന്റെ കവര്‍ പേജ്
നോവലില്‍ എനിക്ക് എന്തും എത്രവേണമെങ്കിലും പറയാം. എന്നാല്‍ സിനിമയ്ക്ക് പരിമിതിയുണ്ട്. അത് സമയബന്ധിതമാണ്. ആളുകളെ ബോറടിപ്പിക്കാനോ അവരില്‍ ആശയക്കുഴപ്പമുണ്ടാക്കാനോ ഒന്നും പാടില്ല. പുസ്തകമാണെങ്കില്‍ പേജുകള്‍ പിറകിലേക്ക് മറിച്ചുനോക്കാം. എന്നാല്‍ തീയേറ്ററിലിരുന്ന് സിനിമ കാണുന്നവര്‍ക്ക് ഒറ്റ കാഴ്ചയില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകേണ്ടതുണ്ട്.
വായനക്കാരന്‍കൂടിയായ അമല്‍ നീരദുമായി വര്‍ക്ക് ചെയ്തപ്പോഴുള്ള അനുഭവമെന്താണ്?
അമല്‍ സാറിനൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍ ആശയങ്ങള്‍ വിനിമയം ചെയ്യാന്‍ എളുപ്പമായിരുന്നു. ഞാന്‍ പറയുന്ന കാര്യങ്ങള്‍ അദ്ദേഹത്തിനും അദ്ദേഹം പറയുന്ന കാര്യങ്ങള്‍ എനിക്കും മനസ്സിലാക്കാന്‍ എളുപ്പമായിരുന്നു. ആ കണക്ഷന് എല്ലാ കാര്യങ്ങള്‍ക്കും സഹായകമായി. അദ്ദേഹം നല്ലൊരു വായനക്കാരനാണ്. അദ്ദേഹത്തെ കാണാനായി ഓഫീസിലേക്ക് ചെന്നപ്പോള്‍ അവിടെ ഒരുപാട് പുസ്തകങ്ങള്‍ കണ്ടിരുന്നു. മലയാളത്തിലെ എല്ലാ പുസ്തകങ്ങളും വായിക്കുന്ന ആളാണ് അദ്ദേഹമെന്നാണ് എന്റെ വിശ്വാസം.
ആദ്യം എന്നോടുതന്നെ തിരക്കഥയെഴുതാനാണ് അമല്‍ സാര്‍ പറഞ്ഞത്. 2020 ജൂണില്‍ ഞാന്‍ തിരക്കഥ അയച്ചുകൊടുക്കുകയും ചെയ്തു. അത് വായിച്ചശേഷം അദ്ദേഹം ചെറിയ നിര്‍ദേശങ്ങള്‍ പറഞ്ഞു. പിന്നീട് ഞാന്‍ അതില്‍ വര്‍ക്ക് ചെയ്തപ്പോള്‍ സ്ക്രിപ്റ്റില്‍ കുറേക്കൂടി ഡാര്ക്ക്സൈഡും വയലന്‍സും കൂട്ടിച്ചേര്‍ക്കാനാണ് എനിക്ക് തോന്നിയത്. ഓരോ തവണയും സാര്‍ പറയുന്ന മാറ്റങ്ങള്‍ വരുത്തുന്നതോടൊപ്പം എന്റെ തിരക്കഥയെഴുത്തില്‍ വയലന്‍സ് കൂടിവരാന്‍ തുടങ്ങി.
അഞ്ചാമത്തെ ഡ്രാഫ്റ്റായപ്പോള് അമല്‍ സാര്‍ അതു വായിച്ച് നമുക്കിത്രയും വയലന്‍സ് വേണ്ടെന്നും, മലയാളി പ്രേക്ഷകര്‍ അത് സ്വീകരിക്കില്ലെന്നും പറഞ്ഞു. അത് ടോണ്‍ ഡൗണ്‍ ചെയ്യാന്‍ അദ്ദേഹംകൂടി എഴുതാം എന്ന് പറഞ്ഞു. അങ്ങനെ ആ തിരക്കഥയില്‍ അദ്ദേഹം വര്‍ക്ക് ചെയ്യുകയും ശേഷം ഞങ്ങളത് ചര്ച്ചചെയ്യുകയുമാണുണ്ടായത്. ഒന്നരമാസമെടുത്താണ് ഞാന്‍ തിരക്കഥയെഴുതിയത്. ഞങ്ങള്‍ ഒരുമിച്ചിരുന്നായിരുന്നില്ല ‘ബോഗയ്ന്‍വില്ല’യുടെ തിരക്കഥ എഴുതിയത്.
അമല്‍ നീരദ് ചിത്രങ്ങളില്‍ വയലന്‍സ് ഒരു പ്രധാനഘടകമാണല്ലോ.
ഞാന്‍ തിരക്കഥയില്‍ എഴുതിവെച്ചതിന്റെ പത്തോ പതിനഞ്ചോ ശതമാനം വയലന്‍സ് മാത്രമേ അമല്‍ സാര്‍ സിനിമയില്‍ കൊണ്ടുവന്നിട്ടുള്ളൂ. അതിഭീകരമായ വയലന്‍സാണ് ഞാന്‍ എഴുതിവെച്ചത്. വ്യക്തിപരമായി വയലന്‍സ് ഇഷ്ടമില്ലാത്ത വ്യക്തിയാണ് അമല്‍ നീരദ്. ‘ബോഗയ്ന്‍വില്ല’ സിനിമയ്ക്ക് ആവശ്യമായ വയലന്‍സ് മാത്രമേ അദ്ദേഹം അതില്‍ ഉപയോഗിച്ചിട്ടുള്ളൂ.
എനിക്ക് വയന്‍സ് എക്സ്പ്ലോര്‍ ചെയ്യാനിഷ്ടമാണ്. കാരണം മനുഷ്യരുടെ ഉള്ളില്‍ ഭയങ്കരമായ ഈഗോയുണ്ട്. വളരെ ക്രൂരരാണ് മനുഷ്യര്‍. നമ്മുടെ ചുറ്റിലും നോക്കിയാല്‍തന്നെ അത് മനസ്സിലാകും. പാവങ്ങളുടെ മുഖംമൂടിയിട്ട് നടക്കുന്ന എത്രയോ ഭീകരരായ മനുഷ്യരുണ്ട്. എന്റെ കഥകളിലൂടെ അവരുടെ ഭീകരത വെളിപ്പെടുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പ്രത്യേകിച്ചും ഈ കഥയ്ക്ക് അങ്ങനെ ഒരു സ്കോപ്പുണ്ടെന്നു തോന്നി. അങ്ങനെയാണ് ഞാന്‍ ആ വഴിയിലൂടെ സഞ്ചരിച്ച് നോക്കിയത്.
സിനിമയുടെ തിരക്കഥാകൃത്തിലേക്ക് പ്രേക്ഷകശ്രദ്ധതിരിയാന് സഹായിക്കുന്ന വസ്തുതകള്‍ എന്തെല്ലാമാണെന്നാണ് കരുതുന്നത്.
അത് പ്രധാനമായും പ്രേക്ഷകര്‍ക്ക് ചിത്രത്തിന്റെ കഥ ഇഷ്ടമായിട്ടുണ്ടോ എന്നതുതന്നെയാണ്. നല്ല വര്‍ക്കാണെങ്കില്‍ സിനിമ കണ്ട ആളുകള്‍ മറ്റുള്ളവരോട് പറയും. നല്ല കഥ ആളുകളെ ആകര്‍ഷിക്കും. അവര്‍ എഴുതിയ ആളെ അന്വേഷിക്കും.
ഹ്രസ്വമായ സംഭാഷണങ്ങളാണ് ‘ബോഗയ്ന്‍വില്ല’യിലുള്ളത്.
എനിക്ക് സംഭാഷണങ്ങള്‍ ചുരുക്കിയെഴുതാനാണ് ഇഷ്ടം. അമല്‍നീരദ് ചിത്രങ്ങളിലും ആ പ്രത്യേകത കാണാം. സിനിമ ഒരു വിഷ്വല്‍ മീഡിയമാണല്ലോ. അതില്‍ നമുക്കൊരു നോട്ടത്തില്‍ നിന്നോ എക്സ്പ്രഷനില്‍ നിന്നോ കാര്യങ്ങള്‍ വിനിമയം ചെയ്യാന്‍ സാധിക്കും. ചിലപ്പോള്‍ ഒരു നോട്ടംകൊണ്ട് നമുക്ക് ഒരു സീന്‍ വേണ്ടെന്നുവെക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ കഥ വിശദീകരിച്ച് പറയേണ്ട ആവശ്യം വരുന്നില്ല.
സിനിമ സ്വപ്നം കാണുന്നവര്‍ പ്രത്യേകിച്ചും തിരക്കഥാരചയിതാവാകാന് ആഗ്രഹിക്കുന്നവരെ പുസ്തകമെഴുത്ത് എത്രത്തോളം സഹായിക്കുന്നുണ്ട്.
എല്ലാവരും ഉള്ളിലുള്ള അവരുടെ ആഗ്രഹം ആദ്യം പഠിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. ഇഷ്ടമുള്ള മേഖലയില്‍ എത്രമാത്രം പഠിക്കാന്‍ സാധിക്കുമോ അത്രമാത്രം പഠിക്കുക. ശേഷം എഴുതുക. തിരക്കഥയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുക. നമ്മുടെ ടൂള്‍സ് എപ്പോഴും മൂര്‍ച്ചകൂട്ടി അതില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുക. ഒരു വായനയില്‍ കിട്ടുന്ന വിവരങ്ങളായിരിക്കില്ല രണ്ടാമത്തെ വായനയില്‍നിന്ന് കിട്ടുക. അതുകൊണ്ട് പഠിച്ചുകൊണ്ടേയിരിക്കുക.
ലാജോ ജോസ് | ഫോട്ടോ: ജി. ശിവപ്രസാദ്
ആദ്യത്തെ തിരക്കഥ എഴുതിയശേഷം 12 വര്‍ഷംകഴിഞ്ഞാണ് എനിക്കൊരു ചാന്‍സ് കിട്ടുന്നത്. ഈ കാലയളവ് എനിക്ക് കിട്ടിയത് ഒരു ഭാഗ്യമാണ്. കാരണം ആ ഓരോ വര്‍ഷവും ഞാന്‍ എന്റെ ടൂള്‍സ് മൂര്ച്ചകൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു. എനിക്ക് അവസരം കിട്ടാതിരുന്നപ്പോഴും എന്റെ കഥകള്‍ സിനിമയാകാതിരുന്നപ്പോഴും എന്താണ് പ്രശ്നമെന്നും അടുത്ത കഥ എങ്ങനെ മികച്ചതാക്കാമെന്നും ഞാന്‍ പഠിച്ചുകൊണ്ടിരുന്നു. ഇപ്പോഴും എല്ലാ ദിവസവും ഞാന്‍ ഒരു നിശ്ചിതസമയം പഠനത്തിനായി മാറ്റിവെക്കാറുണ്ട്.
ലാജോ ജോസിന്റെ പുസ്തകങ്ങള്‍ വാങ്ങാം.
പുസ്തകമെഴുതിയാല്‍ സിനിമയിലേക്കത്താം എന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. എന്റെ കൈയില്‍ കഥയുണ്ടെന്ന് ലോകത്തെ അറിയിക്കാന്‍ എനിക്കൊരു മീഡിയം ഇല്ലായിരുന്നു. നിര്‍മാണച്ചെലവിനെ കുറിച്ച് ആലോചിച്ചപ്പോള്‍ ആദ്യ ഷോര്‍ട്ഫിലിം ചെയ്തുകൊണ്ടിരിക്കാനും കഴിഞ്ഞില്ല. നോവലെഴുതാന്‍ ഒരു വ്യക്തി മാത്രം വിചാരിച്ചാല്‍ മതിയല്ലോ. പ്രസാധകര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ അത് അവര്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും. സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ കഥകളോ നോവലുകളോ എഴുതണം എന്നാണ് എന്റെ അഭിപ്രായം. അതു മാത്രമല്ല ഒരു കഥ പുസ്തകമാക്കിയാല്‍ നമുക്കൊരുപാട് പ്രതികരണങ്ങള്‍ കിട്ടും. അതില്‍ നിന്നും എവിടെ ശ്രദ്ധിക്കണമായിരുന്നു, എവിടെ നന്നായി, എന്നെല്ലാം മനസ്സിലാകും. അത് നമ്മളെ അപ്ഡേറ്റ് ചെയ്യാന്‍ സഹായിക്കും.
സിനിമ കോടിക്കണക്കിന് ആളുകളിലേക്കാണ് എത്തുന്നത്. അതിനുമുമ്പ് ആളുകള്‍ കഥ സ്വീകരിക്കുമോ എന്നറിയാന്‍ ഈ രചനകള്‍ സഹായിക്കും. എന്റെ അനുഭവം അതാണ്. അവസരങ്ങള്‍ തേടുന്നവര്‍ അങ്ങനെ ശ്രമിക്കണമെന്നാണ് എന്റെ ഒരു എളിയ അഭിപ്രായം. തിരക്കഥ പറയാനായി നടന്ന് നമ്മുടെ ജീവിതം നശിപ്പിക്കുന്നതിന് പകരം കഥകള്‍ പുസ്തകങ്ങളാക്കുകയാണെങ്കിലും അത് മുന്നോട്ട് പോകാനുള്ള ഇന്ധനമായിത്തീരും.
എപ്പോഴാണ് സിനിമ കണ്ടത്.
ആദ്യദിവസം ആദ്യത്തെ ഷോയില്തന്നെ സിനിമ കണ്ടു. അമല്‍ സാര്‍ എന്നെ വിളിച്ചപ്പോള്‍ തന്നെ എന്റെ സ്വപ്നം നിറവേറിക്കഴിഞ്ഞിരുന്നു. എന്റെ ഭാര്യ സരിതയ്ക്കായിരുന്നു എന്നെക്കാള്‍ ടെന്‍ഷനും വെപ്രാളവും. സിനിമ കണ്ടപ്പോള്‍ ഞാന്‍ ഇമോഷണലായില്ല. പക്ഷേ സിനിമയിലെ കഥാപാത്രമായ റീത്തു കരഞ്ഞപ്പോഴും വിഷമിച്ചപ്പോഴും ഞാനും കരയുകയായിരുന്നു. അതിനെന്താണ് കാരണം എന്നെനിക്ക് അറിയില്ല.
പുതിയ വര്‍ക്കുകള്‍
പുതിയ സിനിമകള്‍ കമ്മിറ്റഡ് ആയിട്ടില്ല. ഒരു പുസ്തകം പകുതി എഴുതിവെച്ചിട്ടുണ്ട്. അത് പൂര്‍ത്തിയാക്കണം എന്ന് കരുതുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]