ചെന്നൈ: റിലീസ്ദിവസം സൂര്യനുദിക്കുംമുമ്പ് ദളപതിയുടെ സിനിമ കാണുന്നപതിവ് തെറ്റിയിട്ടും ആവേശം ഒട്ടുംകുറയാതെ തമിഴ്നാട്ടിലെ വിജയ് ആരാധകർ ലിയോയെ വരവേറ്റു. ചെന്നൈ ഉൾപ്പെടെ പ്രധാനനഗരങ്ങളിൽ പാട്ടുമേളവും കട്ടൗട്ടിൽ പാൽ അഭിഷേകവുമായിട്ടായിരുന്നു ആഘോഷം കൊഴിപ്പിച്ചത്. സുരക്ഷാ പ്രശ്നങ്ങളുടെപേരിൽ പുലർച്ചെയുള്ള പ്രത്യേകപ്രദർശനത്തിന് അനുമതിയില്ലാതിരുന്നതിനാൽ രാവിലെ ഒമ്പതിനായിരുന്നു ചിത്രം റിലീസ് ചെയ്തത്.
പ്രദർശനം തുടങ്ങുന്നതിന് മണിക്കൂറുകൾ മുമ്പുതന്നെ തിയേറ്ററുകൾക്കുമുന്നിൽ ആരാധകർ തടിച്ചുകൂടി. ഏറെനേരം പാട്ടും നൃത്തവുവുമായി ഇവർ ഉത്സവക്കാഴ്ച ഒരുക്കുകയായിരുന്നു. ജപ്പാനിൽനിന്ന് ചിത്രംകാണാൻ ചെന്നൈയിലെത്തിയ യുവതി ആരാധകരുടെ മനംകവർന്നു. ഇതിനുമുമ്പും ഇത്തരത്തിൽ വിജയ്യുടെ ചിത്രംകാണാൻ താൻ ചെന്നൈയിൽ വന്നിട്ടുണ്ടെന്ന് ഇവർ പറഞ്ഞു.
സംവിധായകൻ ലോകേഷ് കനകരാജ് ചെന്നൈയിലെ വെട്രി തിയേറ്ററിലെത്തി ചിത്രംകണ്ടു. നായിക തൃഷ കോയമ്പേട് രോഹിണി തിയേറ്ററിൽ കുടുംബസമേതമെത്തിയാണ് സിനിമ കണ്ടത്. സാമൂഹിക മാധ്യമങ്ങളിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നുവെങ്കിലും ദളപതി മാസ് എന്ന് ആർത്ത് വിളിച്ചായിരുന്നു കടുത്ത ആരാധകർ തിയേറ്റർവിട്ടത്.
ചെന്നൈയിൽ കോയമ്പേട്, എഗ്മോർ എന്നിവിടങ്ങളിൽ തിയേറ്ററുകൾക്ക് മുന്നിൽ ഗതാഗതതടസ്സമുണ്ടായി. കോയമ്പേടിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. ഇതേസമയം സാമൂഹിക മാധ്യമങ്ങളിൽ ‘ലിയോ’യ്ക്ക് എതിരെ പ്രചാരണമുണ്ടായിരുന്നു. ലിയോ ഡിസാസ്റ്റർ എന്നപേരിൽ ഹാഷ് ടാഗുമായിട്ടായിരുന്നു പ്രചാരണം. ഇത് എക്സിൽ ട്രെൻഡിങ്ങാകുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]