
അഹമ്മദാബാദിലാണ് പെൽവ നായിക് ജനിച്ചു വളർന്നത്. സംഗീതം മുതൽ നൃത്തം, സിനിമ, സാഹിത്യം എന്നിവയിലേക്ക് വ്യാപിച്ച സാംസ്കാരിക പാരമ്പര്യമുള്ള കുടുംബമായിരുന്നു പെൽവയുടെത്. എഴുതുകയും സിനിമകൾ നിർമിക്കുകയും ചെയ്ത അച്ഛനും ഭരതനാട്യം അഭ്യസിച്ച അമ്മയും. അവർക്കൊപ്പം പെൽവ കഥക്കും ഖയാലും പഠിച്ചു. മിനിയേച്ചർ പെയിന്റിങ്ങിൽ താത്പര്യമുണ്ടായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി ഭാഷകളിൽ സാഹിത്യം ആസ്വദിച്ചു.
തത്ത്വചിന്തകനായ ജിദ്ദു കൃഷ്ണമൂർത്തിയിൽ ആകൃഷ്ടയായി കൃഷ്ണമൂർത്തി ഫൗണ്ടേഷനിൽ പഠിച്ചു. ദാഗർ സ്കൂൾ ഓഫ് ധ്രുപദ് മ്യൂസിക്കിന്റെ ഏറ്റവും മികച്ച വക്താക്കളിൽ ഒരാളായ ഉസ്താദ് സിയ ഫരീദുദ്ദീൻ ദാഗറിനെ ഗുരുവായി സ്വീകരിച്ചു. സ്കൂൾപഠനം കഴിഞ്ഞ്, പൻവേലിനടുത്തുള്ള ധ്രുപദ് ഗുരുകുലത്തിൽ പഠിക്കാൻ പോയി. 2012-ലായിരുന്നു അരങ്ങേറ്റം. അതിനുശേഷം, പെൽവ സ്ഥിരമായി ധ്രുപദിന്റെ വഴിയിലാണ്. തത്ത്വചിന്തയിൽ ബിരുദാനന്തര ബിരുദവും നേടി.
വായനയും എഴുത്തും ചിത്രരചനയും ഒരുമിച്ചുകൊണ്ടുപോകുന്നു. പാചകം ചെയ്യുന്നത് ശ്രേഷ്ഠകല പരിശീലിക്കുന്നത് പോലെയാണെന്ന് പെൽവ. എല്ലാ ദിവസവും നല്ല ഭക്ഷണം പാകം ചെയ്യും. പൂന്തോട്ടപരിപാലനവുമുണ്ട്.
ധ്രുപദ് ഒരു പുരുഷ കലാരൂപമാണെന്ന് ആളുകൾ പറയുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും മനസിലായിട്ടില്ലെന്ന് പെൽവ പറയുന്നു. പൊതുയിടത്തിൽ പുരുഷന്മാരാണ് ഈ സംഗീതം കൂടുതൽ അവതരിപ്പിച്ചത് എന്നതാവാം കാരണം. ‘‘എന്റെ ഉസ്താദിന്റെ അമ്മൂമ്മ വീണ വാദകയായിരുന്നു.
അവർ വീട്ടിൽ വീണ അഭ്യസിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ലിംഗഭേദം ധ്രുപദിനെ കൂടുതൽ പിന്തുടരുന്നുണ്ടോ എന്നത് ആശങ്കപ്പെടേണ്ട കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. ആ കലാരൂപത്തോട് എത്രത്തോളം ഇഴുകിച്ചേർന്ന് അവതരിപ്പിക്കുന്നു എന്നതാണ് കാര്യം.
ധ്രുപദ് ഒരു ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡത്തിലെ സംഗീതമാണെങ്കിലും അത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട് ഇപ്പോഴും വളരുന്ന സംഗീതമാണ്. പുരാതന സംഗീതം എന്ന പ്രയോഗത്തോട് എനിക്ക് യോജിപ്പില്ല. അതിനെ സമകാലികമെന്ന് വിളിക്കണം. മഹത്തായ ഒരു സംസ്കാരവുമായി ബന്ധപ്പെടുത്താവുന്ന ഒരുസംഗീത രൂപം കൂടിയാണിതെന്നും പെൽവ പറയുന്നു. വ്യക്തിപരമായ വൈകാരികത ആവിഷ്കരിക്കാനും പര്യവേക്ഷണം ചെയ്യാനുമുള്ള വലിയ ഇടം ധ്രുപദ് നൽകുന്നുണ്ട്.
നിയന്ത്രണം, ഭയം, അധികാരശ്രേണി എന്നീ ആശയങ്ങളിൽ വളരുന്ന ഘടനയിൽ സ്വാതന്ത്ര്യം നിലനിൽക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സങ്കല്പങ്ങളിൽ പുരുഷാധിപത്യം വളരുന്നു. സ്വാതന്ത്ര്യം എന്ന വാക്കിലൂടെ എല്ലാ തരത്തിലുമുള്ള ആശ്രിതത്വത്തിന്റെയും വേരുകൾ മനസ്സിലാക്കാൻ നമ്മൾ ശ്രമിക്കുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ വിശാല ഭൂമിക നമ്മിലെത്തിച്ചേരുന്നത്’’ – പെൽവ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]