
ഹേമാ കമ്മിറ്റി മാതൃകയിൽ തമിഴിലും കമ്മിറ്റി രൂപീകരിക്കുന്നതിനെ സ്വാഗതംചെയ്ത് നടി ഐശ്വര്യ രാജേഷ്. ഔട്ട്ഡോർ ചിത്രീകരണമുള്ള സമയങ്ങളിൽ സ്ത്രീകൾക്ക് പലപ്പോഴും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും ബുദ്ധിമുട്ടാറുണ്ടെന്നും ഇത്തരം പ്രശ്നങ്ങൾ പരിഹിരിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ഇത്തരം ബുദ്ധിമുട്ടുകൾ താൻ അനുഭവിക്കുന്നില്ലെങ്കിലും അതിനർത്ഥം ഇൻഡസ്ട്രിയിൽ ഇങ്ങനെയൊന്നും നടക്കുന്നില്ല എന്നല്ലെന്നും അവർ പറഞ്ഞു.
ഹേമാ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയിലുണ്ടാക്കിയ കോളിളക്കത്തേത്തുടർന്ന് തമിഴിലും താരസംഘടനയായ നടികർ സംഘം സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളേക്കുറിച്ച് പഠിക്കാൻ ഒരു പാനലിനെ നിയോഗിച്ചിരുന്നു. നടി രോഹിണിയാണ് ഇതിന് നേതൃത്വം വഹിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഐശ്വര്യ രാജേഷ് പ്രതികരണവുമായെത്തിയത്. കഴിഞ്ഞ 12 വർഷമായി സിനിമയിലുണ്ടെന്നും ഇക്കാലയളവിൽ ചുറ്റുമുള്ള ലോകത്തിൽവന്ന പലവിധ മാറ്റങ്ങളും കണ്ടുവെന്ന് അവർ ഹിന്ദുസ്ഥാൻ ടൈംസിനോടുപറഞ്ഞു.
“ഒരു നടിയെന്ന നിലയിൽ എന്റെ അഭിപ്രായത്തിൽ ആദ്യം പരിഹരിക്കപ്പെടേണ്ട പ്രശ്നം ഔട്ട്ഡോർ ചിത്രീകരണസമയത്ത് സ്ത്രീകൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യമൊരുക്കുക എന്നതാണ്. ഒരു നായികയെന്ന നിലയിൽ എനിക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ വാനിറ്റി വാൻ ലഭിച്ചേക്കും. എന്നാൽ കാരക്റ്റർ റോളുകൾ ചെയ്യുന്ന മറ്റ് സ്ത്രീകൾ എന്തുചെയ്യും? അവർ ശരിക്ക് കഷ്ടപ്പെടും. ഒരുപാട് ദിവസങ്ങൾ നീളുന്ന ഔട്ട്ഡോർ ചിത്രീകരണമാണെങ്കിൽ അവർ കൂടുതൽ കഷ്ടത്തിലാകും. ഈ പ്രശ്നം പരിഹരിക്കാൻ ഇൻഡസ്ട്രി വേണ്ടത് ചെയ്യുമെന്നാണ് കരുതുന്നത്.” ഐശ്വര്യ രാജേഷ് പ്രത്യാശ പ്രകടിപ്പിച്ചു.
“ഇത്തരം പ്രശ്നങ്ങൾ എനിക്ക് നേരിടേണ്ടിവന്നിട്ടില്ല. ഇങ്ങനെയൊന്നും ഭാവിയിൽ സംഭവിക്കില്ലെന്നാണ് പ്രതീക്ഷ. ഞാൻ അനുഭവിച്ചിട്ടില്ല എന്നതുകൊണ്ട് അത്തരം സംഭവങ്ങൾ നടക്കുന്നില്ലെന്ന് അർത്ഥമില്ല. സഹായത്തിനോ പരിഹാരത്തിനോ പോകുന്ന സ്ത്രീകൾക്ക് ഒന്നും ലഭിക്കുന്നില്ലെങ്കിൽ ഒരു കമ്മിറ്റി രൂപീകരിക്കുന്നതിൽ അർത്ഥമില്ല. പരാതിക്കാർക്ക് ആവശ്യമായ സഹായം നൽകുക എന്നത് അതീവ ഗൗരവമായ കാര്യമാണ്. പരാതി പറഞ്ഞതിൻ്റെ പേരിൽ സ്ത്രീകൾക്ക് തൊഴിലവസരങ്ങളോ തൊഴിലോ നഷ്ടപ്പെടരുത്. അവരെ സംരക്ഷിക്കേണ്ടതുണ്ട്. ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർ ശിക്ഷിക്കപ്പെടണം.” തമിഴ് സിനിമയിലെ ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച അന്വേഷണ കമ്മീഷനെക്കുറിച്ച് ഐശ്വര്യ പറഞ്ഞതിങ്ങനെ.
ടൊവിനോ തോമസ് നായകനായ ARM ആണ് ഐശ്വര്യ രാജേഷ് വേഷമിട്ട് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. ചോതി എന്ന കഥാപാത്രത്തെയാണ് അവർ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. വലയം, സുഴൽ-സീസൺ 2 എന്നീ വെബ്സീരീസുകൾ ഐശ്വര്യയുടേതായി വരാനിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]