ഓർമ്മയിൽ പല വർത്തമാനങ്ങളുണ്ട്. സ്നേഹവും വാത്സല്യവും ഉണ്ട്. കവിയൂർ പൊന്നമ്മ ചേച്ചിയുടെ മരണം ഇന്നലെ അറിഞ്ഞപ്പോൾ കുറേ വർഷം മുൻപത്തെ ഒരു ഓർമ പെട്ടെന്ന് മനസിൽ വന്നു. വർഷം 2011 ആണ്. ചെന്നൈയിൽ അനിയൻറെ കല്യാണത്തിനിടെയാണ് ഫോട്ടോഗ്രാഫർ പി. ഡേവിഡേട്ടനെ കണ്ടത്.കുറേക്കാലം കൂടിയുള്ള കൂടിക്കാഴ്ചയാണ്. പല കാര്യങ്ങളും സംസാരിക്കുന്നതിന്റെ കൂട്ടത്തിലാണ് ഡേവിഡേട്ടൻ അക്കാര്യം പറഞ്ഞത്. മണിസാമി ഇപ്പോൾ പൊന്നമ്മ ചേച്ചിയുടെ വീട്ടിലുണ്ട്. പിണങ്ങി പിരിഞ്ഞ് പതിറ്റാണ്ടുകളായി ഗുരുവായൂരിൽ ഭജനവുമായി താമസിക്കുകയായിരുന്നു അദ്ദേഹം.
ദീർഘകാലത്തെ അകൽച്ച മായിച്ചു കളഞ്ഞത് മാരക രോഗമാണ്.രോഗവിവരം അറിഞ്ഞ പൊന്നമ്മ ചേച്ചി കുറച്ചു മാസം മുമ്പാണ് അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുവന്നത്. അതെനിക്കൊരു അത്ഭുതമായിരുന്നു. കാരണമുണ്ട്.കുറച്ചു വർഷം മുൻപാണ് (2002) ഗൃഹലക്ഷ്മിയിൽ ജോലി ചെയ്യുമ്പോൾ ആലുവയിലെ അവരുടെ വീട്ടിൽ പോയി വിശദമായ ഒരു ഇൻറർവ്യൂ എടുത്തത്. എസ്. എൽ. ആനന്ദായിരുന്നു ഫോട്ടോഗ്രാഫർ.സംഗീതം, തുടക്കകാലം, കെ പി എ സി , നാടകം അങ്ങനെ പലതും ദീർഘനേരം സംസാരിച്ചു. ഉച്ചയൂണ് വിളമ്പിത്തന്നു.കൂടുതൽ ഞാൻ സിനിമയിൽ വിളിച്ചത് ഉണ്ണീ ഉണ്ണീ എന്നാണെന്ന് തമാശ പറഞ്ഞു. പോരുമ്പോഴാണ് ഞാൻ മടിയോടെ മണി സാമിയുടെ കാര്യം ചോദിച്ചത്. പ്രതീക്ഷിച്ചതു പോലെ നീരസത്തോടുകൂടിയായിരുന്നു മറുപടി. അന്നത്തെ ആ കാര്യങ്ങളെല്ലാം ഡേവിഡേട്ടനുമായി സംസാരിക്കുമ്പോൾ ഞാൻ ഓർത്തു.
ഇത്ര കാലത്തിനു ശേഷമുള്ള കൂടിച്ചേരൽ ഒരു വലിയ വാർത്തയാണല്ലോ എന്നും മനസ്സിൽ കരുതി.തിരിച്ച് കൊച്ചിയിൽ വന്നശേഷം ചേച്ചിയെ ഫോൺ വിളിച്ചു.സംഗതിയെല്ലാം ശരിയാണ്. പക്ഷേ മകളോടു കൂടി ചോദിക്കട്ടെ എന്നായിരുന്നു മറുപടി. കുറച്ചു ദിവസം അങ്ങനെ കഴിഞ്ഞു.രണ്ടുമൂന്ന് വട്ടം ചേച്ചിയെ വിളിച്ചു. ഒടുവിൽ മകൾ സമ്മതിച്ചു എന്ന് ചേച്ചി പറഞ്ഞു. പറഞ്ഞ ദിവസമെത്തി. സമയത്തു തന്നെ ഫോട്ടോഗ്രാഫർ സുധീർ മോഹനുമായി കരുമാലൂരിലെ വീട്ടിലെത്തി. ഗേറ്റ് കടന്നിട്ടും ആളനക്കമില്ല, പരമശാന്തത. ചെന്നപ്പോൾ കണ്ടു, ഹാളിൽ വെള്ള പുതപ്പിച്ച് മണി സ്വാമിയെ ഇറക്കി കിടത്തിയിരിക്കുന്നു.അരികിൽ പൊന്നമ്മ ചേച്ചി ഇരിക്കുന്നു.
“നമ്മൾ വൈകിപ്പോയി ഉണ്ണി ” എന്നു മാത്രം ചേച്ചി കണ്ണീരിനിടയിൽ പറഞ്ഞു. അപ്പോൾ കഴിഞ്ഞതേയുള്ളൂ. ഞങ്ങളായിരുന്നു ആ മരണവീട്ടിൽ ആദ്യമായി എത്തിയവർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]