പഴയകാല സൂപ്പർഹിറ്റ് ചിത്രങ്ങൾ റീ റിലീസ് ചെയ്യുകയും മികച്ച അഭിപ്രായം നേടുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാൽ ഒരു റീ റിലീസ് ചിത്രം ആഗോള ബോക്സോഫീസിൽ 100 കോടി കളക്ഷൻ സ്വന്തമാക്കിയത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? അങ്ങനെയൊന്ന് നടന്നിരിക്കുകയാണ്. റൊമാന്റിക് ക്ലാസിക് ചിത്രം വീർ സാറയാണ് ഇങ്ങനെയൊരു നേട്ടം കൈവരിച്ച് ചരിത്രമായത്.
ഈ മാസം 13-ാം തീയതിയാണ് ചിത്രം റീ റിലീസ് ചെയ്തത്. ഇന്ത്യയിലെ തിരഞ്ഞെടുത്ത തിയേറ്ററുകളിലായിരുന്നു റീ റിലീസ്. ആദ്യം റിലീസ് ചെയ്ത സമയത്ത് ഇന്ത്യയിൽനിന്ന് 61 കോടിയും വിദേശത്തുനിന്ന് 37 കോടിയും ചിത്രം സ്വന്തമാക്കി. വർഷങ്ങൾക്കുശേഷം സിനിമ വീണ്ടും റിലീസ് ചെയ്തപ്പോൾ 2.5 കോടിയും വീർ സാറ സ്വന്തമാക്കി. ഇതോടെയാണ് ചിത്രം നൂറുകോടി ക്ലബിൽ കയറിയത്. ചിത്രം ഇപ്പോൾ രണ്ടാംവാരത്തിലേക്ക് കടന്നിരിക്കുകയാണ്.
യഷ് രാജ് ഫിലിംസ് നിർമിച്ച ചിത്രം യഷ് ചോപ്രയാണ് സംവിധാനംചെയ്തത്. ഡർ, ദിൽ തോ പാഗൽ ഹേ എന്നീ ചിത്രങ്ങൾക്കുശേഷം യഷ് ചോപ്രയും ഷാരൂഖും ഒന്നിച്ച ചിത്രമായിരുന്നു വീർ സാറ. പ്രീതി സിന്റയും റാണി മുഖർജിയുമായിരുന്നു നായികമാർ. അമിതാഭ് ബച്ചൻ, ഹേമാ മാലിനി, മനോജ് ബാജ്പേയി, ബോമൻ ഇറാനി, കിരൺ ഖേർ, അനുപം ഖേർ, ദിവ്യാ ദത്ത എന്നിവരായിരുന്നു പ്രധാനവേഷങ്ങളിൽ.
പാകിസ്താൻ സ്വദേശിയെ പ്രണയിക്കുന്ന ഇന്ത്യൻ സൈനികന്റെ കഥയാണ് ചിത്രം പറഞ്ഞത്. ഷാരൂഖ് ഖാനും പ്രീതി സിന്റയുമാണ് ഈ വേഷങ്ങളിലെത്തിയത്. പാക് ജയിലിൽ കഴിയുന്ന നായകനെ പുറത്തെത്തിച്ച് പ്രണയിനിയുമായി ഒന്നുചേരാൻ അവസരമൊരുക്കുന്ന കഥാപാത്രമായിരുന്നു റാണി മുഖർജിയുടേത്. മദൻ മോഹനായിരുന്നു സംഗീതസംവിധായകൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]