സത്യനിലും നസീറിലും തുടങ്ങുന്ന കവിയൂർ പൊന്നമ്മയുടെ മക്കൾപരമ്പരയിൽ മലയാളിക്ക് ഏറ്റവുമിഷ്ടം മോഹൻലാലിനെയായിരുന്നു. ലാലിന്റെ അമ്മയായി പൊന്നമ്മ വന്നപ്പോഴൊക്കെ അത് ഏറ്റവും ഹൃദ്യമായ കാഴ്ചയായി. ലാൽ പൊന്നമ്മയുടെ യഥാർഥ മകനാണ് എന്ന തോന്നലോളമെത്തി പലർക്കും അത്.
അതേപ്പറ്റി പൊന്നമ്മ പറയുമായിരുന്നു: ‘‘ലാലിനെ സ്വന്തം മകനായി മാത്രമേ എനിക്ക് കാണാൻ കഴിയൂ. ഞാൻ അമ്പലങ്ങളിൽ ചില പരിപാടികൾക്കു പോകുമ്പോൾ പ്രായമായ ചിലർ വന്നു ചോദിക്കും, എന്തേ മോനെ കൊണ്ടുവരാത്തത് എന്ന്. ആദ്യമൊക്കെ ഞാൻ തിരുത്തുമായിരുന്നു. പിന്നെപ്പിന്നെ അങ്ങനെ കേൾക്കാൻ എനിക്കും ഇഷ്ടമായി. ഞാൻ പറയും മോന് തിരക്കായതു കൊണ്ടാണ് വരാത്തത് എന്ന്.’’
‘ഭരത’ത്തിൽ നിന്നൊരു രംഗം
ലാലിന്റെ 21-ാം വയസ്സിൽ തുടങ്ങിയ ബന്ധമാണത്. വികൃതിയായ ലാലിനെ പൊന്നമ്മ പെട്ടെന്നുതന്നെ ഹൃദയത്തിൽ മകനായി സ്വീകരിച്ചു. ആ വികൃതിയാണ് തനിക്ക് ഇഷ്ടംതോന്നാൻ കാരണമെന്ന് പൊന്നമ്മ പറയുമായിരുന്നു. ലാൽ സിനിമയിൽ വരുംമുൻപേ അച്ഛനുമായും അമ്മയുമായും അവർക്ക് ഏറെ അടുപ്പമുണ്ടായിരുന്നു.
പക്ഷേ, സിനിമയിൽ മോഹൻലാലിനെക്കാൾമുൻപ് പൊന്നമ്മ മമ്മൂട്ടിയുടെ അമ്മയായി. അദ്ദേഹത്തോടും അവർക്ക് ആത്മബന്ധമുണ്ടായിരുന്നു. ‘മമ്മൂസ്’ എന്നാണ് പൊന്നമ്മ മമ്മൂട്ടിയെ വിളിച്ചിരുന്നത്.
‘തനിയാവർത്തന’ത്തിൽ മമ്മൂട്ടിയും കവിയൂർ പൊന്നമ്മയും
‘‘മമ്മൂസിന്റെ ഉള്ള് നിറയെ സ്നേഹമാണ്. പക്ഷേ, പരുക്കനാണെന്ന ഭാവത്തോടെയാണ് പെരുമാറ്റമൊക്കെ.’’ -പൊന്നമ്മ ഒരിക്കൽ പറഞ്ഞു. ഒറ്റപ്പാലത്ത് ഒരു സിനിമയുടെ സെറ്റിലേക്ക് പുതിയ വണ്ടിയോടിച്ചുവന്ന മമ്മൂട്ടിയുമൊത്തുള്ള ഓർമ അവർ പങ്കുവെച്ചിട്ടുണ്ട്. ‘‘എന്നെ കണ്ടതും മമ്മൂസ് നീട്ടിവിളിച്ചു. ഇങ്ങട് വന്നേ… ഞാൻ അടുത്തുചെന്നപ്പോൾ ഡോർ തുറന്നുപിടിച്ച് കേറ്…കേറ് എന്ന് പറഞ്ഞു. നല്ല ഉയരമുള്ള വണ്ടിയാണ്. എനിക്ക് കേറാനൊക്കുന്നില്ല. ഒടുവിൽ മമ്മൂസ് തന്നെ പിടിച്ചുകയറ്റി. എന്നിട്ട് എന്നെയും കൊണ്ട് ഒറ്റപ്പാലം മുഴുവൻ ചുറ്റിയടിച്ചു.’’
പൊന്നമ്മ അമ്മയായപ്പോൾ പലപ്പോഴും അവർക്കൊപ്പം അച്ഛൻവേഷത്തിലുണ്ടായിരുന്നത് തിലകനായിരുന്നു. ആ ജോടിയും മലയാളിത്തനിമയുള്ളതായി. ‘‘തിലകൻ ചേട്ടൻ സിംഹമാണെന്ന് പറയുന്നത് പാപമാണ്. വെറും പാവമാണ്. ഇടയ്ക്കെന്നെ ഫോണിൽ സ്ത്രീകളുടെ ശബ്ദത്തിൽ വിളിച്ച് പറ്റിക്കും. മറ്റ് ചിലപ്പോൾ എടോ ഭാര്യേ എന്ന് വിളിക്കും…’’ -തിലകനെപ്പറ്റി പൊന്നമ്മ ഒരിക്കൽ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]