മലയാള സിനിമ ആകാശമെങ്കിൽ അതിൽ ഉദിച്ചുനിന്ന ചുവന്നപൊട്ടായിരുന്നു കവിയൂർ പൊന്നമ്മ. നക്ഷത്രങ്ങൾക്കു കാവലായ ഒരാൾ. തിരനേരങ്ങളിൽ ഒരുവേള പ്രഭാതംപോലെ ചിരിച്ചു. മറ്റുചിലപ്പോൾ വൈകുന്നേരവെയിൽപോലെ വിഷാദിയായി. അവർ അമ്മമഴക്കാറായപ്പോൾ കണ്ടിരുന്നവർക്ക് കണ്ണുനിറഞ്ഞു. സിനിമയുടെ അക്ഷരമാലയിൽ ‘അമ്മ’ എന്ന വാക്കിനോട് എന്നും മലയാളി പൊന്നമ്മയെ കൂട്ടിയെഴുതി.
സംഗീതത്തെ പാട്ടിലാക്കിയ കുട്ടിക്കാലമായിരുന്നു പൊന്നമ്മയുടേത്. മൂന്നാംവയസ്സിൽ തടികുറയ്ക്കാൻ വീട്ടുകാർ നൃത്തംപഠിപ്പിച്ചു. ഫലംകാണാതിരുന്നപ്പോൾ താത്പര്യം മെലിഞ്ഞു. അപ്പോഴാണ് ഹാർമോണിയത്തിന്റെ ശബ്ദം കുയിൽനാദംപോലെ കൊതിപ്പിച്ചത്. ‘പെട്ടിവേണം’ എന്ന കരച്ചിൽ ഒരാഴ്ചയോളം ഉച്ചസ്ഥായിയിലായപ്പോൾ അച്ഛൻ ആഗ്രഹം സാധിച്ചുകൊടുത്തു. പിന്നെ, കണ്ണമംഗലം പ്രഭാകരൻപിള്ള ഭാഗവതരും എൽ.പി.ആർ. വർമയും, വെച്ചൂർ ഹരിഹരയ്യരും ഗുരുക്കന്മാരായി.
അച്ഛനുമുണ്ടായിരുന്നു പാട്ടിഷ്ടം. വലിയ കച്ചേരികൾ കേൾക്കാൻ അവർ ഒരുമിച്ചുപോയി. അങ്ങനെയൊരു സന്ധ്യയിൽ തിരുനക്കരമൈതാനത്ത് വൈരക്കമ്മലും മാലയുമിട്ട് അഗ്നിനാളംപോലൊരു പെൺസ്വരം ജ്വലിക്കുന്നത് പൊന്നമ്മ കണ്ടു. അതിന്റെ തിളക്കം ഇരട്ടിയാക്കിക്കൊണ്ട് അവരുടെ നെറ്റിയിലൊരു വലിയ ചുവന്നപൊട്ടുണ്ടായിരുന്നു. എനിക്ക് ഇവരെപ്പോലൊരു പാട്ടുകാരിയാകണം, നെറ്റിയിൽ ഇങ്ങനെയൊരു പൊട്ടുകുത്തണം -പൊന്നമ്മ മോഹിച്ചു.
പതിനൊന്നാം വയസ്സിൽ കവിയൂർ കമ്മാളത്തകിടിയിൽ അരങ്ങേറ്റക്കച്ചേരി നടത്തുമ്പോഴും പൊന്നമ്മയുടെ മനസ്സിൽ തിരുനക്കരയിലെ തീവെട്ടിവെളിച്ചത്തെ തോൽപ്പിച്ചുനിന്ന ആ സ്ത്രീയായിരുന്നു. പക്ഷേ, കാലം അവരെ എം.എസ്. സുബ്ബലക്ഷ്മിയാക്കിയില്ല, പകരം കവിയൂർ പൊന്നമ്മയെന്ന അഭിനേത്രിയാക്കി. എങ്കിലും എന്നോ ഉള്ളിലേറ്റിയ ആ മോഹച്ചോപ്പിനെ അവർ നെറ്റിയിൽ സൂക്ഷിച്ചുവെച്ചു. ‘മൂലധനം’ എന്ന നാടകത്തിലേക്കൊരു പാട്ടുകാരിയെത്തേടി ദേവരാജനും തോപ്പിൽഭാസിയും കെ.പി.എ.സി. കേശവൻപോറ്റിയും വീട്ടിലെത്തിയ നിമിഷമാണ് പൊന്നമ്മയുടെ പിൽക്കാലജീവിതത്തിന്റെ ആസ്തി നിർണയിക്കപ്പെട്ടത്. കേരളത്തെ ചുവപ്പിച്ച നാലക്ഷരങ്ങളുടെ പിന്നണിയിൽ പാടാനെത്തിയ പതിന്നാലുകാരി യാദൃച്ഛികത കർട്ടനുയർത്തിയപ്പോൾ അതിലെ അഭിനേത്രിയായിമാറി. അന്നേവരെ സിനിമയോ നാടകമോ കാണാത്തതിന്റെ പതർച്ചയിൽ ‘എനിക്ക് അഭിനയിക്കാനറിയില്ല’ എന്നുപറഞ്ഞ് കരഞ്ഞുനിന്ന കുട്ടിയെ ”എടീ കൊച്ചേ… ഇത് വലിയ മഹാസംഭവമൊന്നുമല്ല. ഞാൻ കാണിച്ചുതരുന്നത് പോലെയങ്ങ് ചെയ്താൽ മതി”യെന്ന് പറഞ്ഞ് തട്ടിലേക്ക് കയറ്റിവിട്ടത് തോപ്പിലാശാനാണ്.
കെ.പി.എ.സി, പ്രതിഭ ആർട്സ് ക്ലബ്ബ്, കാളിദാസ കലാകേന്ദ്രം എന്നീ നാടകശാലകൾ പൊന്നമ്മയ്ക്ക് പുതിയ ആകാശവും പുതിയ ഭൂമിയും കാണിച്ചുകൊടുത്തു. ‘ഡോക്ടറി’ലും ‘അൾത്താര’യിലും,’ജനനി ജന്മഭൂമി’യിലും അവർ പാടിയഭിനയിച്ചു. കാളിദാസകലാകേന്ദ്രത്തിലെ ഡാൻസ് മാസ്റ്റർ തങ്കപ്പൻ പറഞ്ഞതനുസരിച്ച് ‘ശ്രീരാമപട്ടാഭിഷേകം’ എന്ന സിനിമയിലെ വേഷത്തിനായി മെരിലാൻഡ് സ്റ്റുഡിയോയിലേക്ക് പോകുമ്പോൾ പൊന്നമ്മയറിഞ്ഞിരുന്നില്ല നടന്നുചെല്ലുന്നത് അഭ്രസദസ്സിലേക്കാണെന്ന്.
കൊട്ടാരക്കരയായിരുന്നു രാവണൻ. പത്തുതലയുള്ള അഭിനയപ്രതിഭയുടെ മുന്നിലെ ആദ്യരംഗം തന്നെ പൊന്നമ്മ ഭംഗിയാക്കി. മണ്ഡോദരിയായി കരഞ്ഞുകൊണ്ട് ഓടിച്ചെന്നു, ചിരിച്ചുകൊണ്ട് ആദ്യസിനിമാകഥാപാത്രത്തോട് വിടപറഞ്ഞു. ഗുരു എൽ.പി.ആർ. വർമ വഴി ശശികുമാറിന്റെ ‘കുടുംബിനി’ എന്ന ചിത്രത്തിലേക്ക് അവസരം തുറന്നത് അങ്ങനെ.
1964-ൽ, പത്തൊമ്പതാം വയസ്സിൽ പൊന്നമ്മ സിനിമയിൽ ആദ്യമായി അമ്മയായി. ലക്ഷ്മിയെന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. അന്നുമുതൽ മലയാളസിനിമയുടെ പൂമുഖത്ത് ഐശ്വര്യത്തിന്റെ പൊൻമണിവിളക്കായി, തറവാടിന് നിധിയായ കുടുംബിനിയായി പൊന്നമ്മയുണ്ട്. തൊട്ടടുത്തവർഷം ശശികുമാറിന്റെ തന്നെ ‘തൊമ്മന്റെ മക്കളി’ൽ അവർക്ക് മക്കളായെത്തിയത് സത്യനും മധുവും. പൊന്നമ്മയുടെ അച്ഛനെക്കാൾ പ്രായമുണ്ടായിരുന്നു അന്ന് സത്യന്.
അന്ന് എടുത്തണിഞ്ഞതാണ് പൊന്നമ്മ അമ്മവേഷങ്ങളുടെ മുണ്ടും നേര്യതും. നാനൂറോളം സിനിമകളിൽ അവർ പലരെയും ‘മോനേ’യെന്നും ‘മോളേ’യെന്നും വിളിച്ചു, നെഞ്ചോട് ചേർത്തുപിടിച്ചു. ഒരുപാടുപേർക്കായി വാത്സല്യച്ചോറുരുളയുമായി വഴിക്കണ്ണുനട്ട് കാത്തിരുന്നു. എല്ലാവരുടേയും പൊന്നിയായി. സത്യനിൽ തുടങ്ങിയ ആ സന്തതിപരമ്പരയുടെ ഇങ്ങേയറ്റത്ത് ഇന്ദ്രജിത്ത് വരെയുള്ളവരുണ്ടായി.
ആദ്യമായി നായികയായ ‘റോസി’ എന്ന സിനിമയുടെ നിർമാതാവ് എം.കെ. മണിയെന്ന മണിസ്വാമിയായിരുന്നു പൊന്നമ്മയുടെ ജീവിതനായകൻ. സിനിമയിൽ ഏറ്റവും തിരക്കുള്ള നാളുകളിലായിരുന്നു അവർ അക്ഷരാർഥത്തിൽ അമ്മയായത്. മകളെ വീട്ടിലാക്കിയാണ് അഭിനയിക്കാനെത്തുന്നത്. ‘ശിക്ഷ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സംവിധായകൻ എസ്.ആർ. പുട്ടണ്ണയും നായകൻ സത്യനും എന്തോ അടക്കംപറയുന്നത് പൊന്നമ്മ ശ്രദ്ധിച്ചു. ‘അഭിനയം ശരിയാകുന്നില്ലേ’ എന്ന സംശയത്തിൽ ആശങ്കയോടെ നിന്നപ്പോൾ സത്യൻ പറഞ്ഞു: ”പൊന്നീ ഇന്ന് പൊയ്ക്കോളൂ….സീൻ നാളെ നമുക്ക് നാളെയെടുക്കാം.’ ‘എന്താണ് പ്രശ്നമെന്ന്’ ചോദിച്ച് കരയാൻ തുടങ്ങിയപ്പോൾ സത്യൻ ആശ്വസിപ്പിച്ചു:” വീട്ടിൽ പൊയ്ക്കോ… അവിടെച്ചെന്നാൽ കാര്യം മനസ്സിലാകും.” ഗ്രീൻ റൂമിൽ കയറി മേക്കപ്പ് അഴിക്കാൻ കണ്ണാടിയിൽ നോക്കിയപ്പോൾ പൊന്നമ്മ കണ്ടു, മുലപ്പാൽ നിറഞ്ഞൊഴുകി സാരിയാകെ നനഞ്ഞിരിക്കുന്നു. ഉണ്ണിക്കിടാങ്ങൾക്ക് നല്കാൻ നെഞ്ചിൽ പാലാഴിയേന്തിയ അമ്മയുടെ പ്രതിച്ഛായയിലും പൊന്നമ്മയ്ക്കോർക്കാൻ സ്വന്തംജീവിതത്തിലെ ഇത്തരം നഷ്ടനൊമ്പരങ്ങേളേറെയുണ്ടായിരുന്നു.
അമ്മവേഷങ്ങളിൽ അരനൂറ്റാണ്ട് പിന്നിട്ടപ്പോഴും കൊതിതീർന്നിട്ടില്ലെന്ന് പറയുമായിരുന്നു പൊന്നമ്മ. ഏതുരംഗത്തായാലും ചങ്കൂറ്റത്തോടെ വേണം സ്ത്രീകൾ നിൽക്കാനെന്ന നിലപാടും അവർ സ്വന്തംജീവിതത്തിലൂടെ കാട്ടിക്കൊടുത്തു. കരിമേഘങ്ങൾ നിറഞ്ഞ കാലത്ത്, സിനിമയുടെ ആകാശച്ചെരുവിൽനിന്ന് ആ ചുവന്ന പൊട്ട് അസ്തമിക്കുമ്പോൾ പൊൻവെളിച്ചവും ‘അമ്മേ’യെന്ന വിളിയും ബാക്കിയാകുന്നു…
പത്തൊമ്പതാം വയസ്സിൽ പൊന്നമ്മ സിനിമയിൽ ആദ്യമായി അമ്മയായി. അന്നുമുതൽ മലയാളസിനിമയുടെ പൂമുഖത്ത് ഐശ്വര്യത്തിന്റെ പൊൻമണിവിളക്കായി, തറവാടിന് നിധിയായ കുടുംബിനിയായി പൊന്നമ്മയുണ്ടായിരുന്നു. അമ്മവേഷങ്ങളിൽ അരനൂറ്റാണ്ട് പിന്നിട്ടപ്പോഴും കൊതിതീർന്നിട്ടില്ലെന്ന് പറയുമായിരുന്നു പൊന്നമ്മ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]