കരുമാല്ലൂരിലെ വീട്ടിലേക്ക് പൊന്നമ്മച്ചേച്ചിയെ കാണാൻ ഞാനും ചിത്രയും മകൻ ജഗനും കുറച്ചുനാൾമുൻപ് പോയിരുന്നു. നിർമാതാവ് ആൽവിൽ ആന്റണിയും ഭാര്യയും കൂടെയുണ്ടായിരുന്നു. എന്റെ മനസ്സിൽ അപ്പോഴുണ്ടായിരുന്നത് ‘ബാബാ കല്യാണി’യിലെ ‘കൈനിറയേ വെണ്ണതരാം കവിളിലൊരുമ്മ തരാം’ എന്ന പാട്ടാണ്.
ചെറിയ ഓർമ്മക്കുറവ് ഒഴിച്ചാൽ ചേച്ചിക്ക് അന്ന് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ല. എന്നെ പിടിച്ച് അടുത്തിരുത്തി. കൈത്തലം ഏറെനേരം മടിയിൽവെച്ചുകൊണ്ട് സംസാരിച്ചു. അമ്മയുടെ മടിയിലെ സ്നേഹച്ചൂട് ഞാൻ വീണ്ടും അനുഭവിക്കുകയായിരുന്നു ആ നിമിഷങ്ങളിൽ. ആരും കാണാൻ വരാത്തതിന്റെ സങ്കടമുണ്ടായിരുന്നു ചേച്ചിക്ക്. അതുകൊണ്ടുതന്നെ ഞങ്ങളെ പെട്ടെന്ന് വിടാൻ തയ്യാറായതുമില്ല.
ഇനിയും ഒരമ്മവേഷം കാത്തിരിപ്പുണ്ട് എന്ന് ഞാൻ പറഞ്ഞപ്പോൾ ചേച്ചി നമ്മൾ ഒരുപാട് സിനിമകളിൽക്കണ്ട ആ ചിരി ചിരിച്ചു. കപ്പയും മീനും കഴിച്ചിട്ട് കുറെക്കാലമായി എന്ന ആഗ്രഹം പറഞ്ഞു. പിറ്റേന്നുതന്നെ ചിത്ര അത് തയ്യാറാക്കി കൊടുത്തയച്ചു.
മടങ്ങുമ്പോൾ ഞങ്ങളുടെ കവിളിൽ ഒരു ഉമ്മത്തണുപ്പ് ബാക്കിയായിരുന്നു. വെണ്ണപോലെ കൈനിറയേ കിട്ടിയ വാത്സല്യത്തിന്റെ ഓർമ്മകളും. അതുരണ്ടും എന്നും ഹൃദയത്തിലുണ്ടാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]