ആദ്യസിനിമയിലൂടെ മികച്ച നവാഗതസംവിധായകനുള്ള സംസ്ഥാന പുരസ്കാരം, തന്റെ 24 മത്തെ വയസ്സില്‍. 1996 ല്‍ റാബിയ ചലിക്കുന്നു എന്ന ഡോക്യുമെന്ററിയ്ക്ക് ദേശീയ പുരസ്കാരം. ജൂനിയര്‍ മാന്‍ഡ്രേക്ക്, മുഖമുദ്ര, പൊന്നുച്ചാമി, ബാംബൂ ബോയ്സ് തുടങ്ങി വ്യത്യസ്തവും സരസവും ലളിതവുമായ സിനിമകള്‍. സിനിമാപ്രവര്‍ത്തനത്തിനിടെ തന്നെ ചാണക്യന്, കേരളദര്‍ശനം, പഴശ്ശിരാജ തുടങ്ങി വലിയ നാടകങ്ങളുടെ സംവിധായകന്. ദൂരദര്‍ശനില്‍ സുന്ദരികളും സുന്ദരന്മാരും തുടങ്ങി പരമ്പരകള്‍…രാമസിംഹന് എന്ന അലി അക്ബറിനെ മലയാളികള്‍ക്ക് കൂടുതല്‍ പരിചയം രാഷ്ട്രീയമേഖലയിലെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. പക്ഷെ അതിനുമപ്പുറം വയനാട് സാംസ്കാരികവേദിയിലൂടെ കലാമേഖലയിലേക്കെത്തിയ അലി അക്ബര്‍ എന്ന രാമസിംഹന് തിരകഥാകൃത്തായും ഗാനരചയിതാവായും നിര്‍മാതാവായും തന്റെ റോളുകള്‍ ഭംഗിയാക്കി. ടെക്നീഷ്യന്‍സിനെ കിട്ടാതെ വന്നപ്പോള്‍ എഡിറ്ററായും ക്യാമറാമാനായും സ്റ്റണ്ട് മാസ്റ്ററായും പ്രവര്‍ത്തിച്ചു. സിനിമ ഇല്ലാതെ വന്ന സന്ദര്‍ഭങ്ങളില്‍ കല്യാണങ്ങള്‍ക്ക് വീഡിയയോയും ഫോട്ടോയുമെടുത്ത് ജീവിതച്ചെലവിനുള്ള കാശുണ്ടാക്കിയെന്ന് അഭിമാനത്തോടെ അദ്ദേഹം പറയുന്നു. പരമ്പര ചെയ്തുണ്ടായ സാമ്പത്തിക ബാധ്യത ഗള്‍ഫില്‍ പണിയെടുത്ത് വീട്ടിയ കഥയും അദ്ദേഹത്തിനുണ്ട്. മലയാളികള്‍ക്ക് അത്ര അപരിചിതനല്ലാത്ത രാമസിംഹന് എന്ന അലി അക്ബര്‍ തന്റെ രാഷ്ട്രീയേതരജീവിതത്തെ കുറിച്ച് സംസാരിക്കുന്നു.
ആദ്യസിനിമയില്‍നിന്ന് തുടങ്ങാം. 1988 ലാണ് മാമലകള്‍ക്കപ്പുറത്ത് റിലീസാകുന്നത്. ആ വര്‍ഷത്തെ മികച്ച നവാഗതസംവിധായകനുള്ള അവാര്‍ഡ് താങ്കള്‍ക്ക് ലഭിക്കുകയും ചെയ്തു. സിനിമാമേഖലയിലേക്കുള്ള എന്‍ട്രി മാമലകള്ക്കപ്പുറത്തിലൂടെയായിരുന്നോ? അതിനുമുമ്പ് സിനിമയുമായി എന്തെങ്കിലും ബന്ധം?
1985 ലാണ് സിനിമാപഠനവുമായി ബന്ധപ്പെട്ട് സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോയിൻ ചെയ്യുന്നത്. മനോജ് കെ. ജയന്, അനില്‍ ബാബുവിലെ അനില്‍, പ്രകാശ് കോടിയേരി…തുടങ്ങി അന്ന് കൂടെ പഠിച്ച എല്ലാവരും ചേര്‍ന്നാണ് 1988ല്‍ മാമലകള്‍ക്ക് സൃഷ്ടിച്ചത്. അതിന്റെ നിര്‍മാണവും സംവിധാനവും തിരക്കഥാരചനയുമൊക്കെ നിര്‍വഹിച്ചത് ഞാന്‍ തന്നെയായിരുന്നു. സിനിമ പഠിക്കുമ്പോള്‍ നമ്മള് കൊതിക്കുന്നത് ഏറ്റവും ഉത്തമമായ സിനിമയുണ്ടാക്കാനാണ്. മാമലകള്‍ക്കപ്പുറത്ത് സിനിമാക്കാരനെന്ന നിലയില്‍ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സിനിമയാണെന്ന് വേണമെങ്കില്‍ പറയാം. 88 ലെ ഏറ്റവും മികച്ച നവാഗതസംവിധായകനുള്ള സംസ്ഥാനചലച്ചിത്ര പുരസ്കാരം എനിക്കു ലഭിച്ചു. പക്ഷെ മാമലകള്‍ക്കപ്പുറത്ത് ജീവിതത്തില്‍ എനിക്കുതന്നത് വലിയദുരിതമായിരുന്നു. ആ സിനിമ കഴിഞ്ഞു, സ്വത്തില്‍ പകുതി വില്‍ക്കേണ്ടി വന്നു, പട്ടിണിയായി. 91 ലാണ് അടുത്ത സിനിമ തേടിയെത്തുന്നത്. പക്ഷെ അവാര്‍ഡ് കിട്ടിയ സംവിധായകന്റെ സിനിമ വിതരണത്തിനെടുക്കാനാകില്ലെന്ന് ഡിസ്ട്രിബ്യൂട്ടര്‍ അറിയിച്ചതോടെ ആ ചിത്രം കൈവിട്ടുപോയി. ജയറാം നായകനായ മുഖചിത്രമായിരുന്നു ആ സിനിമ. ആ സിനിമയുടെ നിര്‍മാതാവ് രഞ്ജിത്ത് അടുത്ത ചിത്രം സംവിധാനം ചെയ്യാന്‍ എന്നെ ഏല്പിച്ചു. തിലകനെ നായകനാക്കിയുള്ള മുഖമുദ്ര എന്ന സിനിമയായിരുന്നു അത്. അത് സൂപ്പര്‍ ഹിറ്റായി, അങ്ങനെ 26-മത്തെ വയസ്സില്‍ എന്റെ ആദ്യത്തെ കൊമേഴ്സ്യല്‍ ഹിറ്റ് പിറന്നു.
ആദ്യസിനിമ കഴിഞ്ഞ് നാല് വര്‍ഷത്തിന് ശേഷമാണ് മുഖമുദ്ര വരുന്നത്. മലയാളത്തിലെ മുന്‍നിര നടന്മാരിലൊരാളായ തിലകന് ഡബിള്റോളിലെത്തിയ സിനിമ. രണ്ട് എക്സ്ട്രീംസിലുള്ള രണ്ട് ക്യാരക്ടറുകളെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് ആ സിനിമയിലൂടെ സാധിച്ചു. മുഖമുദ്രയെ കുറിച്ച് കൂടുതല്‍?
മുഖമുദ്ര ചെയ്യുന്ന സമയത്ത് എനിക്ക് താരങ്ങളെയൊന്നും പരിചയമില്ല. രഞ്ജിത്തും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും ചേര്‍ന്നാണ് തിലകന്, ജഗതി, ജഗദീഷ്, സിദ്ധിഖ്…തുടങ്ങി എല്ലാവരുടേയും ഡേറ്റ് വാങ്ങിയത്. തൃപ്പൂണിത്തുറയില്‍ വെച്ചായിരുന്നു ആദ്യദിനഷൂട്ടിങ്. സിദ്ധിഖാണ് അന്ന് സ്വിച്ച് ഓണ്‍ ചെയ്യുന്നത്. ഒടുവിലാണ് തിലകന് ചേട്ടന് വരുന്നത്. ഏതോ ഒരു അലി അക്ബര്‍, ഇന്നുവരെ ആരേയും അസിസ്റ്റ് ചെയ്തിട്ടില്ല, അയാള്‍ നമ്മളെപ്പോലുള്ള നടന്മാരെയൊക്കെ വെച്ച് സിനിമ ചെയ്യുന്നു, ഇതൊക്കെ എവിടെച്ചെന്ന് അവസാനിക്കുമോ ആവോ അകത്തുകയറിയ ഉടനെ അദ്ദേഹം പറഞ്ഞ ഡയലോഗ് ഇതായിരുന്നു. ആദ്യത്തെ കൊമേഴ്സ്യല്‍ പടം ചെയ്യാന്‍ പോകുന്നതിന്റെ ടെന്‍ഷനിലിരിക്കുന്ന എന്റെ പകുതി ഉയിര് അതോടെ പോയി. തിലകന് ചേട്ടനെ പരിചയപ്പെടാനൊന്നും നിന്നില്ല. ആദ്യത്തെ സീന്‍ എടുത്ത് ബ്രേക്ക് പറഞ്ഞപ്പോള്‍ തിലകന് ചേട്ടന് എന്നെ അടുത്തേക്ക് വിളിച്ചു. താനിതുവരെ ആരേയും അസിസ്റ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല, താന്‍ ആരുടെ കൂടെയാ വര്‍ക്ക് ചെയ്തതെന്ന് പറ എന്നുപറഞ്ഞു. ഞാനാരേയും അസിസ്റ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ അങ്ങനെ വരാന്‍ വഴിയില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തിലകനെ നായകനാക്കി ചെയ്യുന്ന ചിത്രം ഓടില്ലെന്നായിരുന്നു എല്ലാവരും കരുതിയത്. പക്ഷെ ആ പടം പ്രതീക്ഷയ്ക്കപ്പുറത്തേക്ക് പോയി. സിനിമയുടെ വിജയത്തെ തുടര്‍ന്ന് പലരും എന്നെ അന്വേഷിച്ചു. എന്നെ ബന്ധപ്പെടാന്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. അങ്ങനെ വീണ്ടും രണ്ട് വര്‍ഷം പടമൊന്നുമില്ലാതെ അലഞ്ഞുതിരിഞ്ഞു. അതിനുശേഷമാണ് പൊന്നുച്ചാമി ചെയ്തത്.
പൊന്നുച്ചാമിയെ കുറിച്ച്. അക്കാലത്ത് സുരേഷ് ഗോപി എന്ന നടനുണ്ടായിരുന്ന ഒരു ഇമേജിനെ പാടെ മാറ്റിവെച്ചുകൊണ്ടുള്ള കഥാപാത്രമായിയുന്നു പൊന്നുച്ചാമി. എങ്ങനെയായിരുന്നു ആ കഥാപാത്രത്തിനായി സുരേഷ് ഗോപിയിലേക്ക് എത്തിയത്?
മുരളിയേയും മനോജ് കെ. ജയനേയും വെച്ച് പ്ലാന്‍ ചെയ്ത സിനിമയായിരുന്നു പൊന്നുച്ചാമി. അവസാനനിമിഷം രണ്ടുപേരും പിന്മാറിയതോടെയാണ് സുരേഷ് ഗോപിയിലേക്കും അശോകനിലേക്കും എത്തുന്നത്. അന്നുവരെ സുരേഷ് ഗോപി അത്തരത്തിലൊരു വേഷം ചെയ്തിട്ടുണ്ടായിരുന്നില്ല. സ്ക്രിപ്റ്റ് വായിച്ച ശേഷം സുരേഷ് ഗോപി പറഞ്ഞു, അയ്യോ ഇത് ഞാന്‍ ചെയ്താല്‍ ശരിയാകില്ല, ഇത് മുരളിച്ചേട്ടന് തന്നെ ചെയ്യണം. ഈ സിനിമ മുരളിച്ചേട്ടന് ചെയ്താലേ ശരിയാകൂ. ഞാനാണ് സുരേഷ് ഗോപിയെ നിര്‍ബന്ധിച്ചത്, കാരണം എനിക്ക് വേറൊരു ഓപ്ഷന് ഉണ്ടായിരുന്നില്ല. പട്ടണം റഷീദിനും സുരേഷ് ഗോപിയെ ഒന്ന് രൂപമാറ്റം നടത്തണമെന്ന താല്പര്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോ വെച്ച് ഞങ്ങളൊരു സ്കെച്ചിട്ടു. അത് നന്നായി വന്നു. ആ കഥാപാത്രമാകാന്‍ ആ സമയത്ത് വേറൊരു ആര്ടിസ്റ്റിനെക്കുറിച്ച് ചിന്തിക്കാന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല. സുരേഷ് ഗോപിയല്ലെങ്കില്‍ പിന്നെ മമ്മൂട്ടി ചെയ്യണം. അദ്ദേഹം പക്ഷെ അന്ന് ഞാന്‍ വിളിച്ചാല്‍ ചെയ്യില്ലല്ലോ. അന്ന് സുരേഷ് ഗോപിയ്ക്ക് വളരെ തുച്ഛമായ പ്രതിഫലമാണ് നല്‍കിയതെന്നാണ് ഓര്മ. പൊന്നുച്ചാമിയാകാന് സുരേഷ് ഗോപി ഒരുപാട് കഷ്ടപ്പെട്ടു. സുരേഷ് ഗോപി എന്ന നടനിലേക്കെത്തിയ സിനിമ പൊന്നുച്ചാമിയായിരുന്നു എന്നാണ് എനിക്കുതോന്നുന്നത്. ക്യാരക്ടര്‍ റോള്‍ അദ്ദേഹം ചെയ്താല്‍ നന്നാകും എന്ന ഫീലുണ്ടാക്കിയ സിനിമയാണ് പൊന്നുച്ചാമി.
താങ്കളുടെ സിനിമകളില്‍ സംഗീതത്തിന് പ്രാധാന്യം നല്കി കാണാറുണ്ട്. അവയില്‍ ചില ഫോക്ക് സോങ്സും ഉള്‍പ്പെടുന്നു. നാടോടി ഗാനങ്ങള്‍ സിനിമ ആവശ്യപ്പെടുന്നതുകൊണ്ട് ഉള്‍പ്പെടുത്തുന്നതാണോ, ഗാനങ്ങൾക്ക് എന്തെങ്കിലും ഡിമാന്‍ഡ് വെക്കാറുണ്ടോ?
എന്റെ സിനിമയില്‍ പാട്ടുണ്ടാക്കുമ്പോള്‍ ഞാന്‍ വാശി പിടിക്കുന്നത് എനിക്കും പാടാന്‍ പറ്റുന്ന പാട്ടായിരിക്കണം എന്നാണ്, എനിക്ക് പാടാനൊന്നുമറിയില്ല അതുവേറെ കാര്യം. 1977 മുതല്‍ 85 വരെ സജീവമായ നാടകപ്രവര്ത്തനങ്ങളുണ്ടായിരുന്നു. നാടകം കഴിഞ്ഞ് കിലോമീറ്ററുകളോളം പാട്ടൊക്കെ പാടിയാണ് ഞങ്ങള്‍ നടക്കുക. കൂടുതലും നാടന്‍പാട്ടുകള്‍. അതുകൊണ്ടുതന്നെ നാടന്‍പാട്ടിന്റെ ശീലുകള്‍ എന്റെ മനസിലെപ്പോഴുമുണ്ടാകും. മ്യൂസിക് ഡയറക്ടറോട് എന്റെയൊരു സ്കെയില്‍ ഞാന്‍ പറയും. ആ സ്കെയില്‍ വെച്ചിട്ട് പാട്ടുണ്ടാക്കണമെന്നാണ് ഞാന്‍ പറയാറ്. മുഖമുദ്രയിലെ ഒന്നാം കുന്നിന്മേലെ എന്ന പാട്ടുണ്ട്, അതിന് ഞാന്‍ പറഞ്ഞുകൊടുത്തത് യാരടിത്താരോ…എന്ന പാട്ടാണ്. മോഹന്‍ സിത്താരയോട് ഞാന്‍ പറഞ്ഞു എനിക്കീ താളക്രമത്തില്‍ വേണം. ബാക്ഗ്രൗണ്ട് സ്കോറില്‍ നിന്നും ചിലപ്പോള്‍ പാട്ടുകള്‍ ഉണ്ടാകാറുണ്ട്. പൊന്നുച്ചാമിയിലെ കുഞ്ഞുറങ്ങും കൂട്ടിനുള്ളില്‍ എന്ന പാട്ടിന്റെ ഈണം സാന്ത്വനം സിനിമയുടെ ഒരു പാത്തോസ് സീനിന് മോഹന്‍ സിത്താര വായിച്ച ട്യൂണാണ്. അത് കേള്‍ക്കാനിടയായപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു ഇത് നമുക്കൊരു പാട്ടാക്കണമെന്ന്. അതുപോലെ ഒഎന്‍വി സാര്‍, നല്ല ബന്ധമായിരുന്നു അദ്ദേഹവുമായി. എന്റെ ക്യാരക്ടേഴ്സൊക്കെ സാധാരണക്കാരായിരുന്നതു കൊണ്ട് കടുത്ത സാഹിത്യം വന്നാല്‍ ഞാന്‍ സാറിനോട് പറഞ്ഞ് മാറ്റിയെഴുതിക്കുമായിരുന്നു.
മാമലകള്‍ക്കപ്പുറത്ത് മുതലാണ് മോഹന്‍ സിത്താരയുമായുള്ള ബന്ധം തുടങ്ങുന്നത്. അതിലെ ട്രൈബല്‍ സോംഗ്സില്‍ ഒന്ന് എന്റെ സുഹൃത്തിന്റെ കവിതയാണ്. മറ്റൊന്ന് എന്റെ ഉമ്മ എനിക്ക് പാടിത്തന്നിരുന്ന ട്രൈബല്‍ സോംഗാണ്. ആ സിനിമയ്ക്ക് വേണ്ടി വരികള്‍ എന്റെ ഉമ്മ എഴുതിയതാണ്. ഉമ്മയ്ക്ക് പണിയഭാഷ വശമുണ്ടായിരുന്നു. മലയാളവാക്കുകള്‍ പറഞ്ഞുകൊടുത്തിട്ട് ഉമ്മ പണിയഭാഷയിലാക്കിത്തന്നതാണ്. ഫാമിലിയെ മുന്നില്‍ക്കണ്ടാണ് ഞാന്‍ സിനിമ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഫാമിലിയ്ക്ക് ഇഷ്ടപ്പെടുന്ന പാട്ടുകള്‍ എന്റെ സിനിമകളില്‍ കൊണ്ടുവരാന്‍ ഞാന്‍ മാക്സിമം ശ്രമിക്കാറുണ്ട്.
മലയാളത്തിലെ എക്കാലത്തേയും മികച്ച ഹിറ്റുകളിലൊന്നാണ് ജൂനിയര്‍ മാന്‍ഡ്രേക്ക്. ആ ഒരു ത്രെഡിലേക്ക്, അത്തരമൊരു സിനിമയിലേക്ക് എങ്ങനെയാണ് എത്തിച്ചേര്‍ന്നത്?
ജൂനിയര്‍ മാന്‍ഡ്രേക്ക് എന്ന സിനിമയുണ്ടാകുന്നത് ഒരു ചെറിയ ത്രെഡില്‍ നിന്നാണ്. തിരുവനന്തപുരത്ത് എന്റെയൊരു അഭിഭാഷകസുഹൃത്തുണ്ട്. പുള്ളിയുടെ വീട്ടില്‍ ചില പ്രശ്നങ്ങളൊക്കെയായി നില്‍ക്കുമ്പോഴാണ് സത്യാനന്ദസരസ്വതി വരവ്. വീട്ടില്‍ കയറുന്നിടത്തുതന്നെ പള്‍പ് കൊണ്ടുണ്ടാക്കിയ ഒരു വലിയ കൃഷ്ണപ്രതിമ ഉണ്ടായിരുന്നു. അതുകണ്ടയുടനെ സ്വാമിജി പറഞ്ഞു ഇതു കൊണ്ടുപോയി കടലില്‍ കളഞ്ഞേക്ക് എന്ന്. പിറ്റേദിവസം ഞങ്ങള്‍ രണ്ടുപേരും ഒരു സഹായിയും കൂടി ശംഖുമുഖം കടപ്പുറത്ത് എത്തി. മൂന്ന് തവണ പ്രതിമ കടലിലേക്കെറിഞ്ഞു, പക്ഷെ തിരികെ ഞങ്ങളുടെ അരികിലേക്ക് തന്നെ വന്നു. അങ്ങനെയാണ് ജൂനിയര്‍ മാന്‍ഡ്രേക്ക് ഉണ്ടാകുന്നത്. ആ സിനിമയും കൊണ്ട് കുറേ നടന്നു, ആരും എടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ സെഞ്ച്വറി മമ്മിയാണ് അതിന്റെ സിനിമാറ്റിക് വാല്യു തിരിച്ചറിയുന്നത്. അന്ന് ജഗതിയ്ക്ക് കുറച്ച് ഇഷ്യൂസ് ഉണ്ടായ സമയമാണ്. ജഗതിയെ മാറ്റി ദിലീപിനെ വെക്കാം, മണിയെ വെക്കാം എന്നൊക്കെ അഭിപ്രായം വന്നു. പക്ഷെ ജഗതി തന്നെ വേണമെന്നായിരുന്നു എന്റെ നിര്‍ബന്ധം. ജഗതിയല്ലാതെ വേറെ ആരുചെയ്താലും അത് നന്നാകില്ലായിരുന്നു. തുടക്കം മുതല്‍ അവസാനം വരെ ചിരിപ്പിക്കുന്ന സിനിമയാണ്. അതേ സമയം സീരിയസ് മാറ്ററാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നത്. ഒറ്റദിവസം കൊണ്ടാണ് അതിന്റെ വണ്‍ലൈന്‍ എഴുതിയത്. ബെന്നി പി. നായരമ്പലം കൂടി വന്നപ്പോള്‍ സ്ക്രിപ്റ്റ് നന്നായി പൊലിച്ചു.
ഒരു സിനിമാപ്രവര്ത്തകനോ രാഷ്ട്രീയ പ്രവര്‍ത്തകനോ ആയാണ് രാമസിംഹന് എന്ന അലി അക്ബറിനെ മലയാളികള്‍ക്ക് പരിചയം. അതിനപ്പുറം താങ്കളുടെ നാടകപ്രവര്‍ത്തനങ്ങളെ കുറിച്ച്?
1977 ല്‍ നക്സല്‍ബാരി പ്രസ്ഥാനത്തിന്റെ കള്‍ചറല്‍ വിംഗായാണ് വയനാട് സാംസ്കാരികവേദിയുണ്ടാകുന്നത്. പടയണി-മധുമാഷ് എഴുതിയത്, സ്പാര്‍ട്ടക്കസ്, അമ്മ തുടങ്ങിയ മൂന്ന് നാടകങ്ങളാണ് അക്കൊല്ലം സാംസ്കാരികവേദിയുടേതായി വന്നത്. അതില്‍ പടയണി ഒരു മോഡേണ്‍ ഡ്രാമയുടെ വിഭാഗത്തില്‍ പെടുന്നതാണ്. അതുവരെയുണ്ടായിരുന്ന നാടകസങ്കല്പങ്ങളെ മുഴുവന്‍ മാറ്റിയെഴുതിയ നാടകമായിരുന്നു അത്. സംഗീതനാടക അക്കാദമിയുടെ അക്കൊല്ലത്തെ അവാര്‍ഡും അതിനുലഭിച്ചു. അതിലൊരു സൂത്രധാരന്റെ വേഷത്തിലാണ് ഞാന്‍ ആദ്യം വന്നത്. കോളേജിലെത്തിയപ്പോഴും നാടകപ്രവര്‍ത്തനം തുടര്‍ന്നു, കൂടാതെ മോണോ ആക്ട്, ഓട്ടന്തുള്ളല്, സിംഗിള്‍ ഡാന്‍സ് ഫോര്‍ മെന്‍…ഇതിലൊക്കെ സമ്മാനം ലഭിച്ചു. അതുകൊണ്ടുതന്നെ അധ്യാപകരുമായി നല്ല ബന്ധമായിരുന്നു. ഡിഗ്രി കഴിയുന്നതോടെയാണ് നാടകവുമായുള്ള ബന്ധം ഇല്ലാതാകുന്നത്. പക്ഷെ പിന്നീടും ഞാന്‍ നാടകങ്ങള്‍ ചെയ്തു. മദ്രാസില്‍ വലിയ കാന്‍വാസില്‍ മൂന്ന് നാടകങ്ങള്‍ ചെയ്തു- ചാണക്യന്, കേരളദര്‍ശനം, പഴശ്ശിരാജ. വയനാടിന്റെ ഏറ്റവും നല്ല കാലഘട്ടം, കലയുടെ സമൃദ്ധമായ ഒരു കാലഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുവന്നത്. വലിയ വായനാശീലമില്ലാത്ത ഒരാളാണ് ഞാന്‍. സ്കൂളില്‍ നാടകത്തിന്റെ ചുമതലയുള്ള മുരളീധരന് മാഷിന്റെ ഭാഷയാണ് എന്നെ സ്വാധീനിച്ചത്. ചിതറിപ്പോകാവുന്ന ഒരു ബാല്യത്തില്‍ നിന്ന് എന്നെ പിടിച്ചുകൊണ്ടുവന്നത് മുരളീധരന് മാഷാണ്.
തിലകന് ഇരട്ടവേഷത്തിലെത്തിയ മുഖമുദ്രയായിരുന്നല്ലോ താങ്കളുടെ ആദ്യത്തെ കൊമേഴ്സ്യല്‍ ഹിറ്റ്. തിലകന് വിലക്കുണ്ടായ കാലത്ത് അദ്ദേഹത്തെ വെച്ച് സിനിമ ചെയ്തതിന് ഫെഫ്കയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. ഇപ്പോഴും താങ്കള്‍ സംഘടനയ്ക്ക് പുറത്തുതന്നെയാണോ?
തിലകനോട് അന്ന് കാണിച്ച മര്യാദകേട്. ആര്‍ട്ടിസ്റ്റെന്ന നിലയില്‍ അദ്ദേഹം നമ്പര്‍ വണ്ണാണ്, അതുപോലെ മറ്റൊരു ആര്‍ട്ടിസ്റ്റിനെ അംഗീകരിക്കുന്ന കാര്യത്തിലും. തനിക്ക് പേടിയുള്ള ആര്‍ട്ടിസ്റ്റ് മഞ്ജുവാര്യരാണെന്നും മഞ്ജു എന്താണ് അടുത്ത നിമിഷം ചെയ്യാന്‍ പോകുന്നതെന്ന ടെന്‍ഷനിലാണ് താന്‍ അഭിനയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അച്ഛന് കഴിഞ്ഞിട്ടാണ് ഉസ്താദ് ഹോട്ടല്‍ വരുന്നത്. ആ സിനിമ കഴിഞ്ഞ് അദ്ദേഹം ദുല്‍ക്കറിനെ പ്രശംസിച്ചത് ഇപ്പോഴും ഓര്‍മയുണ്ട്. അതുപോലെ സ്ക്രിപ്റ്റ് പഠിക്കുന്ന ആര്‍ടിസ്റ്റുകളില്‍ ഒരാളാണ് തിലകന് ചേട്ടന്, ജഗതിയാണ് അങ്ങനെ പഠിക്കുന്ന മറ്റൊരു ആര്‍ട്ടിസ്റ്റ്. സ്ക്രിപ്റ്റ് കിട്ടിക്കഴിഞ്ഞാല്‍ തിലകന് ചേട്ടന് അത് പ്ലാന്‍ ചെയ്യും, ഞാന്‍ ഇങ്ങനെ ഡയലോഗ് പ്രസന്റ് ചെയ്യും എന്നൊക്കെ. കുറച്ചു മുരട്ടുസ്വഭാവം ഉണ്ടെന്നേയുള്ളൂ. ആ മുരടന്സ്വഭാവം മാറ്റി നിര്‍ത്തിയാല്‍ തിലകന് ചേട്ടനെ പോലെ മറ്റൊരാര്ട്ടിസ്റ്റില്ല. അഭിനയത്തിന്റെ കാര്യത്തില്‍ തിലകന് ഒരു സ്കൂളല്ല, ഒരു കോളേജാണ്. അദ്ദേഹത്തെ ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നൊക്കെ പറഞ്ഞാല്‍ അതൊരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണ്. അദ്ദേഹത്തെ വെച്ച് എന്തായാലും സിനിമ ചെയ്യണമെന്ന് അങ്ങനെയാണ് തീരുമാനിക്കുന്നത്. ആ സിനിമ എടുത്തതിനാണ് എന്നെ ഫെഫ്കയില്‍ നിന്ന് പുറത്താക്കിയത്, 2010ല്‍. ഇതുവരെ അവരുടെ പക തീര്‍ന്നിട്ടില്ല. തിലകന് പിന്നെയും അഭിനയിച്ചു. ഞാന്‍ അദ്ദേഹത്തെ വെച്ച് ഐഡിയല്‍ കപ്പിള്‍ എന്ന സിനിമയും ചെയ്തു. വെല്ലുവിളിച്ച് നമുക്ക് ചെയ്യാനൊക്കെ പറ്റും. അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ കുറച്ച് തകര്‍ച്ചയൊക്കെ സംഭവിക്കും, എതിര്‍പ്പുകളുണ്ടാകും. നല്ല ടെക്നീഷ്യന്‍സിനെയൊക്കെ നമുക്ക് നഷ്ടപ്പെടും. പക്ഷെ ആ നഷ്ടമൊക്കെ ഇപ്പോള്‍ തിരിച്ചുവന്നുതുടങ്ങി. കാലത്തിന് മായ്ച്ചുകളയാന്‍ പറ്റാത്തതൊന്നുമില്ല.
താങ്കള്‍ വന്നപ്പോഴുള്ള സാഹചര്യമോ രീതികളോ അല്ല ഇപ്പോള്‍ സിനിമാമേഖലയില്‍. സിനിമരംഗത്തെ അതിജീവനം ഒരു വലിയ വിഷയമല്ലേ?
ഡ്രീം പ്രോജക്ടുകളൊന്നും ഇതല്ല. വലിയ സിനിമകളാണ് സ്വപ്നത്തിലുള്ളത്. പക്ഷെ നമുക്കത് ചെയ്യാന്‍ പറ്റില്ല, കേരളത്തിന്റെ ഒരു പശ്ചാത്തലം അങ്ങനെയാണ്. ഒരു നല്ല സൃഷ്ടിക്കുവേണ്ടി നിര്‍മാതാക്കളൊന്നും മുന്നോട്ടുവരുന്നില്ല. പൂര്‍ണമായും തിരിച്ചുവേണ്ടാത്ത പണം കിട്ടുമ്പോഴേ ഒരു പരീക്ഷണസിനിമ ഉണ്ടാക്കാന്‍ പറ്റൂ. സിനിമ എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കി പുറത്തിറക്കാന്‍ നോക്കുമ്പോള്‍ സെന്‍സറിങ് എന്ന പ്രോസസ്-പുഴ മുതല്‍ പുഴ വരെയുടെ സെന്‍സറിങ്ങിന് വേണ്ടി പത്ത് മാസമാണ് ഓടിയത്. അവസാനം ഹൈക്കോടതിയില്‍ പോകേണ്ടിവന്നു. ഒരുപടം നിര്‍മിക്കാനും ഒരു സഹായവും കിട്ടിയില്ല. സര്‍ക്കാര്‍ സബ്സിഡി നല്‍കാമെന്ന് പറയും. പക്ഷെ സബ്സിഡി കിട്ടണമെങ്കില്‍ ചിത്രാഞ്ജലിയില്‍ പോയി ഷൂട്ട് ചെയ്യണം. ചിത്രാഞ്ജലിയില്‍ ക്യാമറ പോലുമില്ല. ക്യാമറ വാടകയ്ക്കെടുക്കണം. അവിടത്തെ ഡബ്ബിങ് തീയേറ്ററിനാവട്ടെ പുറത്തേക്കാള്‍ വാടകയാണ്. ഇനി ഒടിടിയിലേക്ക് മാത്രമായി സിനിമ ഒതുങ്ങും. സിനിമയുടെ ബജറ്റ് കുറയ്ക്കാന്‍ വേണ്ടി ഞാന്‍ കുറേ ടെക്നിക്കലായി പുതിയകാര്യങ്ങള്‍ പഠിച്ചിട്ടിരുന്നു. ഫൈനല്‍ കട്ട് പ്രോ എന്ന സോഫ്റ്റ് വെയര്‍ ഇന്ത്യയില്‍ ആദ്യമായി കൊണ്ടുവന്നത് ഞാനാണ്. കൊണ്ടുവന്നപ്പോള്‍ മനസിലായി ഇതറിയുന്ന ആള്‍ക്കാരില്ല എന്ന്. അങ്ങനെയാണ് ട്രെയിനിംഗ് നല്കാന് ആരംഭിച്ചത്. ഞാന്‍ കൊണ്ടുവന്ന ടെക്നോളജിയൊക്കെ ഇന്‍ഡസ്ട്രി ഏറ്റെടുത്തു. പക്ഷെ അലി അക്ബറാണ് ആദ്യം കൊണ്ടുവന്നതെന്ന് ആരും പറയില്ല.
1921: പുഴ മുതല്‍ പുഴ വരെയെ കുറിച്ച് പറയുമ്പോള്‍… ഇത്തരമൊരു period cinema വേണ്ടത്ര പ്രേക്ഷകശ്രദ്ധ നേടിയോ?
ആ സിനിമ ചെയ്യുമ്പോള്‍ ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. സര്ട്ടിഫിക്കേഷന് മാത്രം പത്തുമാസമാണ് ഓടിയത്. സിനിമ വര്‍ഗ്ഗീയകലാപം ഉണ്ടാക്കുമെന്നായിരുന്നു എതിര്‍ത്തവരുടെ വാദം. ഞാന്‍ ആ സിനിമയില്‍ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ, ഒരു സമൂഹത്തില്‍ ഒരു ചെറിയ ഗ്രൂപ്പ് തെറ്റുചെയ്താല്‍ ആ സമൂഹത്തിനെ മുഴുവന്‍ കുറ്റം പറയേണ്ട കാര്യമില്ല. പക്ഷെ തെറ്റ് തെറ്റാണെന്ന് ആ സമൂഹം പറയണം, വേദനിക്കണം. 1921 നെ മുതലാക്കാന്‍ വേണ്ടിയുള്ള ഒരു സിനിമയല്ല ഞാനെടുത്തത്, 1921 ആവര്‍ത്തിക്കാതിരിക്കാനാണ്. പക്ഷെ സിനിമ ഏറ്റവുമധികം ഓടിയത് മുസ്ലിങ്ങള്‍ കൂടുതലുള്ള സ്ഥലങ്ങളിലാണ്, എല്ലാവരും അപ്രിഷ്യേറ്റ് ചെയ്തു. എംഇഎസിന്റെ ഗഫൂറടക്കം ആ സിനിമ കണ്ടു. ഒരിടത്തുനിന്നും ഒരറ്റാക്കും ഉണ്ടായില്ല.