
ചെന്നൈ: നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക വ്യാഴാഴ്ച പുറത്തിറക്കും. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് രാവിലെ 10.30-ന് നടത്തുന്ന ചടങ്ങിൽ വിജയ് പതാകയുയർത്തും.
മഞ്ഞ നിറത്തിലുള്ളതായിരിക്കും പതാകയെന്നാണ് സൂചന. മറ്റ് പ്രചാരണ സാമഗ്രികളും മഞ്ഞനിറത്തിൽത്തന്നെയാകും. പാർട്ടി ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഇപ്പോൾ മഞ്ഞനിറത്തിലുള്ള വസ്ത്രമാണ് ധരിക്കുന്നത്.
തമിഴ്നാട്ടിലെ പ്രധാന നേതാക്കൾകൂടാതെ കേരളമടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും പതാക പുറത്തിറക്കുന്ന ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിനുശേഷം തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ കൊടിമരം സ്ഥാപിക്കാനും അവിടെ പതാകയുയർത്താനും വിജയ് നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
സ്വന്തംസ്ഥലങ്ങളിൽവേണം ആദ്യം കൊടിമരം സ്ഥാപിക്കേണ്ടത്. പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ കൊടിമരം സ്ഥാപിക്കാൻ പാടില്ലെന്നുമറിയിച്ചിട്ടുണ്ട്. പുതിയ ചിത്രമായ ഗോട്ട് റിലീസ് ചെയ്യുന്ന തിയേറ്ററുകളിൽ പാർട്ടി പതാകയുയർത്താൻ പദ്ധതിയിടുന്നതായും സൂചനയുണ്ട്.
1000 തിയേറ്ററുകളിൽ പതാകയുയർത്താനാണ് ഒരുങ്ങുന്നത്. പാർട്ടി പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിനുള്ള ഒരുക്കങ്ങളും തകൃതിയിൽ നടക്കുന്നുണ്ട്. ഇതിനായി പല സ്ഥലങ്ങൾ പരിഗണിക്കുന്നുണ്ട്.
വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയാണ് ഇതിനായി ഏറ്റവുമൊടുവിൽ പരിഗണിച്ചിരിക്കുന്നത്. അടുത്തമാസം സമ്മേളനം നടത്താനും പിന്നീട് സംസ്ഥാന പര്യടനം ആരംഭിക്കാനുമാണ് വിജയ്യുടെ നീക്കം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]