
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ തിലകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മകൻ ഷമ്മി തിലകൻ. ‘ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ. ചിരിക്കണ ചിരി കണ്ടാ’, എന്ന ക്യാപ്ഷനൊപ്പമാണ് നടൻ ചിത്രം പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ട് ഷമ്മി തിലകൻ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്.
താരസംഘടനയായ ‘അമ്മ’യുടെ പല നിലപാടുകളിലും അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ള നടനാണ് തിലകൻ. സംഘടനയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറച്ചുപേർ ചേർന്ന് ഒരു പ്രശസ്ത നടനെ ഒതുക്കിയെന്ന് പരമാമർശമുണ്ട്. ഇത് തിലകനെക്കുറിച്ചാണെന്നുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. പിന്നാലെയാണ് പോസ്റ്റുമായി ഷമ്മി തിലകൻ എത്തിയത്.
‘തങ്ങൾ ആഗ്രഹിക്കുന്നതെന്തോ അത് ഇവിടെ ചെയ്യാൻ സാധിക്കുന്ന ഒരു മാഫിയ സംഘമായിരിക്കുന്നു മലയാള സിനിമ എന്ന് പറഞ്ഞ ഒരു നടനുണ്ടായിരുന്നു. അദ്ദേഹം തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്ന വ്യക്തിയാണ്. എന്നാൽ അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചിലുകൾ പലർക്കും ഇഷ്ടമായില്ല. മലയാളത്തിലെ ഏറ്റവും മികച്ച നടൻമാരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അഭിനയ പ്രതിഭയിൽ ആർക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ സിനിമയിൽനിന്ന് മാറ്റിനിറുത്താൻ കഴിഞ്ഞു. പത്തോ പതിനഞ്ചോ പേർ ചേർന്ന് അദ്ദേഹത്തെ സിനിമയിൽനിന്ന് പുറത്താക്കി.
ഈ നടൻ പിന്നീട് സിനിമ വിട്ട് സീരിയലിൽ എത്തി. എന്നാൽ അവിടെയും ശക്തമായ ഈ ലോബിയുടെ പിടിയിൽനിന്ന് അദ്ദേഹത്തിന് രക്ഷപ്പെടാൻ സാധിച്ചില്ല. സീരിയൽ താരങ്ങളുടെ ആത്മ എന്ന സംഘടനയെയാണ് ഇവർ ഇതിനായി ഉപയോഗിച്ചത്. ആ സമയത്ത് ആത്മയുടെ അധ്യക്ഷൻ ഒരു സിനിമാ നടൻ കൂടിയായിരുന്നു. പത്തോ പതിനഞ്ചോ വ്യക്തികൾ തീരുമാനിച്ചാൽ ആരെയും സിനിമയിൽനിന്ന് മാറ്റി നിർത്താം. ചെറിയ കാരണങ്ങൾ മതി അതിന്- റിപ്പോർട്ടിൽ പറയുന്നു.
നിരവധിയാളുകളാണ് ഷമ്മി തിലകൻ്റെ പോസ്റ്റിൽ പ്രതികരണവുമായി എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]