
ഹേമാ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയ്ക്ക് പ്രത്യാഘാതം ഉണ്ടാക്കുന്ന ഒന്നാണെന്ന് സംവിധായകൻ വിനയൻ. സിനിമയിലേയ്ക്ക് കടന്നുവരാനുള്ള പുതിയ തലമുറയുടെ ആഗ്രഹത്തെ റിപ്പോർട്ട് ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിനയൻ.
‘കഴിഞ്ഞ ദിവസം പുറത്തുവന്ന ഹേമാ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമയ്ക്ക് കടുത്ത പ്രത്യാഘാതം ഉണ്ടാക്കുന്ന ഒന്നാണ്. സിനിമയിലേയ്ക്ക് കടന്നുവരാനുള്ള പുതിയ തലമുറയുടെ ആഗ്രഹത്തെ ഇത് ആശങ്കപ്പെടുത്തുന്നുണ്ട്. ഇതിനെ ചില മന്ത്രിമാരും സിനിമാക്കാരും വരെ ലഘൂകരിച്ച് സംസാരിക്കുന്നത് കണ്ടു. ഇനിയും ഉറക്കം നടിക്കരുത്, അത് ഇൻഡസ്ട്രിയെ കൂടുതൽ കുഴപ്പിത്തിലാക്കുമെന്നേ എനിക്ക് ഇവരോട് പറയാനുള്ളൂ. സ്ത്രീ സുരക്ഷയെക്കുറിച്ച് കമ്മിറ്റി നിർദേശിച്ച കാര്യങ്ങൾ ശക്തമായി നടപ്പാക്കണം. സിനിമാരംഗത്തെ മാഫിയ ഗ്രൂപ്പിൻ്റെ പീഡനം ഏറ്റവുമധികം ഏറ്റുവാങ്ങിയിട്ടുള്ള ആളാണ് ഞാൻ. ലെെംഗിക പീഡനം അല്ലന്നേയുള്ളൂ. അതുകൊണ്ടുതന്നെ എനിക്ക് ഇതിൽ ശക്തമായ കാര്യങ്ങൾ പറയാനുണ്ട്. വർഷങ്ങൾക്ക് മുൻപേ ഞാൻ പറഞ്ഞിട്ടുണ്ട്.
താഴെക്കിടയിലുള്ള തൊഴിലാളികൾക്ക് വേണ്ടിയായിരുന്നു മലയാള സിനിമയിൽ ആദ്യമായി ട്രേഡ് യൂണിയൻ ഉണ്ടാക്കിയത്. ജൂനിയർ ആർട്ടിസ്റ്റുകളുടെ യൂണിയനാണ് ഞങ്ങൾ ഉണ്ടാക്കിയത്. പിന്നീടാണ് സംവിധായകർക്കും ക്യാമറാമാനുമൊക്കെ യൂണിയനുകൾ വരുന്നത്. ജൂനിയർ ആർട്ടിസ്റ്റുകളായി ജോലിയെടുക്കുന്ന സ്ത്രീകൾക്ക് വേണ്ടി വലിയ തീരുമാനങ്ങൾ എടുത്തിരുന്നു. പക്ഷേ അതെല്ലാം ഈ വരേണ്യ വർഗത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല. മാക്ട തകർത്തതിന്റെ പിന്നിൽ ഒരു നടനാണെന്ന് പത്രത്തിൽ വ്യക്തമായി പറയുന്നുണ്ട്. അദ്ദേഹം 40 ലക്ഷം അഡ്വാൻസ് വാങ്ങിയിട്ട് സംവിധായകനെ മാറ്റണമെന്ന് പറഞ്ഞപ്പോൾ മാക്ട അന്ന് ന്യായത്തിൻ്റെ കൂടെ നിന്നു. അതിൻ്റെ പേരിൽ ആ നടൻ സംഘടനയെ തകർത്തു. ഈ റിപ്പോർട്ടിന് ചരിത്ര പ്രാധാന്യമുണ്ടെന്ന് എനിക്ക് തോന്നുന്നു. 10-12 വർഷമായി ഞാൻ വിലക്ക് അനുഭവിച്ച് പുറത്ത് നിൽക്കാനുള്ള കാരണം ആ വിഷയമാണ്.
2004-ൽ ഇന്ന് താരങ്ങൾ ഒപ്പിടുന്ന എഗ്രിമെൻ്റ് ഒപ്പിടില്ലെന്നും സിനിമ നിർത്തിവെച്ചിട്ട് ”അമ്മ” വിദേശത്തേയ്ക്ക് പോകുമെന്നും പറഞ്ഞപ്പോൾ ശക്തമായി എതിർത്ത സംവിധായകനാണ് ഞാൻ. അങ്ങനെയാണ് സമരത്തെ നേരിട്ട് ”സത്യം” എന്ന സിനിമ ചെയ്തത്. അന്നേ ഞാൻ ഇവരുടെ നോട്ടപ്പുള്ളിയായിരുന്നു. പിന്നാലെ നടൻ്റെ പ്രശ്നവും വന്നു. 2008-ൽ സിനിമയിലെ പ്രമുഖരെല്ലാം ചേർന്ന് വലിയൊരു മീറ്റിങ് നടത്തി. അവിടെ വെച്ച് മാക്ടയെ തകർക്കുകയും ഇവർ സ്പോൺസർ ചെയ്യുന്ന സംഘടന വരികയും ചെയ്തു. ”അമ്മ”യും പ്രൊഡ്യൂസേർസ് അസോസിയേഷനും വലിയ ഫണ്ട് കൊടുത്താണ് ആ സംഘടന ഉണ്ടാക്കുന്നത്. അന്ന് ആ മീറ്റിങ്ങിൽ ഇന്നത്തെ മന്ത്രി ഉൾപ്പടെ ആവേശത്തോടെ പ്രസംഗിച്ച ആ 15 അംഗ പവർ ഗ്രൂപ്പ് തന്നെയാണ് ഇന്നും മലയാള സിനിമയിലെ തെമ്മാടിത്തരങ്ങൾ പിന്തുണയ്ക്കുന്നത് എന്നത് സങ്കടകരമാണ്. റിപ്പോർട്ട് ഇത്രയും നാൾ പുറത്തുവിടാത്തതിൻ്റെ കാരണം 15 അംഗ വർ ഗ്രൂപ്പ് തന്നെയാണ്. ആരും എൻ്റെ വാക്കുകൾ കേൾക്കാത്തതിനാലാണ് കോടതിയിൽ പോയത്. മാക്ട തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഒരുപാട് പേർ വിളിക്കുന്നുണ്ട്’, വിനയൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]