
പ്രഭാസ് നായകനായ ‘കല്‍ക്കി’, കമല്‍ഹാസന്റെ ഇന്ത്യന്‍ 2, ധനുഷ് സിനിമ രായന്, അല്ലു അര്‍ജുന്റെ ആഘോഷചിത്രം പുഷ്പ 2… വലിയ കാന്‍വാസിലൊരുങ്ങുന്ന ഒട്ടേറെ ബിഗ് ബജറ്റ് സിനിമകളുടെ തിരക്കിനിടയിലാണ് പീറ്റര്‍ ഹെയ്നിന് മലയാള സിനിമയില്‍ നിന്ന് ഒരു വിളിവരുന്നത്. കുട്ടനാടന്‍ മാര്‍പാപ്പ, മാര്‍ഗംകളി എന്നീ സിനിമകളൊരുക്കിയ ശ്രീജിത്ത് വിജയനാണ് ചിത്രത്തിന്റെ സംവിധായകന്. നായകന് മലയാളികളുടെ പ്രിയനടന് വിഷ്ണു ഉണ്ണികൃഷ്ണന്. സിനിമയുടെ പേര് ഇടിയന് ചന്തു. കഥ കേട്ടപ്പോള്‍ നോ പറയാന്‍ തോന്നിയില്ല പീറ്റര്‍ ഹെയ്നിന്. എത്ര തിരക്കുണ്ടെങ്കിലും സമയം കണ്ടെത്തുമെന്ന് അദ്ദേഹം അണിയറ പ്രവര്‍ത്തകര്‍ക്ക് വാക്ക് നല്കി. അദ്ദേഹം അത് പാലിക്കുകയും ചെയ്തു.
”മലയാളികൾ എന്നെ ഒരുപാട് സ്നേഹിക്കുന്നു എന്ന് എനിക്കറിയാം. അത് ബോധ്യമാകുന്ന ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ദൈവം എനിക്ക് നല്കിയ അനുഗ്രഹം എന്നേ പറയാനുള്ളൂ. സിനിമ നന്നാകുമ്പോൾ പണ്ടുകാലത്ത് സംഘട്ടന സംവിധായകര്‍ക്ക് ക്രെഡിറ്റ് ലഭിക്കാറേയില്ല. അവരെ പ്രേക്ഷകർ തിരിച്ചറിയാറുമില്ല. ആക്ഷൻ രംഗങ്ങൾക്ക് കെെയ്യടി കിട്ടിയാലും നായകൻ നന്നായി ഫെെറ്റ് ചെയ്യുന്നു എന്നേ പറയാറുള്ളൂ. അതിന് പിന്നിൽ പ്രവർത്തിക്കുന്ന സംഘട്ടന സംവിധായകനെയോ അല്ലെങ്കിൽ അയാളുടെ സഹായികളെയോ ആരും അറിയാറില്ലായിരുന്നു. പക്ഷേ ഇന്ന് കാലം മാറി. ഇന്ന് സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്നവരുടെ മുഖവും പ്രേക്ഷകരുടെ മനസ്സിൽ പതിയുന്നു. എനിക്കും ആ ഭാഗ്യമുണ്ടായി. ഒരുപാട് അംഗീകാരങ്ങള്‍ ലഭിച്ചു. പേരും പ്രശസ്തിയും വന്നു ചേര്‍ന്നു. പ്രേക്ഷകർക്ക് നന്ദി പറയുന്നു. എന്നെ തിരിച്ചറിയുന്നവർ ഓടി വന്ന് കെട്ടിപ്പിടിക്കാറുണ്ട്. പ്രത്യേകിച്ച് മലയാളികൾ. ”
വിഷ്ണു ഉണ്ണികൃഷ്ണനും കുട്ടികളും
റിയലിസ്റ്റിക്കാണ് ഇടിയൻ ചന്തു. അതുകൊണ്ടു തന്നെ സംഘട്ടന രംഗങ്ങളിലും റിയലിസം കൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രമേയമാണ്. കുട്ടികളുടെ, വിദ്യാര്‍ഥികളുടെ കഥയാണ്. മാതാപിതാക്കളെ സംബന്ധിച്ച് കുട്ടികള്‍ വളരുമ്പോള്‍ വലിയ ആശങ്കയാണ്. ഞാനും ഒരു അച്ഛനാണ്. എനിക്ക് രണ്ടു മക്കളുണ്ട്. കുട്ടികളെ ഭാവിയെ ഓര്‍ത്ത് ആശങ്കപ്പെടുന്ന ഒരു സാധാരണ അച്ഛന്. ഈ സിനിമയുടെ കഥ എനിക്ക് പെട്ടന്ന് കണക്ടടായി.
ഈ സിനിമയില്‍ മാസ് ഹീറോ ഇല്ല. ഒരു വിദ്യാര്‍ഥിയ്ക്ക് അയാളുടെ വ്യക്തിജീവിതത്തിലും സ്കൂളിലും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ ആകെ തുക. വിഷ്ണുവിന് ഈ കഥാപാത്രത്തെ നന്നായി ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. നല്ല കഴിവുള്ള ഫെള്ക്സിബിളായ ഒരു നടനാണ് വിഷ്ണു. ഈ സിനിമയില്‍ ഒരുപാട് കുട്ടികളുണ്ട്. അവരെല്ലാം നന്നായി സഹകരിച്ചു. അവരുടെ മാതാപിതാക്കളുടെ പിന്തുണയും എടുത്തു പറയേണ്ടതാണ്. എത്ര രാവിലെയാണെങ്കിലും കൃത്യസമയത്ത് അവര്‍ കുട്ടികളെ കൊണ്ടുവരും. വളരെ എന്ജോയ് ചെയ്ത ഒരു സിനിമയാണിത്.
കേരളത്തിൽ എനിക്ക് ജനപ്രീതി ലഭിച്ചത് പുലിമുരുഗന് ശേഷമാണ്. അതിന് മുൻപും ഞാൻ മലയാള സിനിമയിൽ വർക്ക് ചെയ്തിട്ടുണ്ട്. പുലിമുരുഗൻ വ്യത്യസ്തമായ അനുഭവമായിരുന്നു. അതിലെ സംഘട്ടന രംഗങ്ങൾ പ്രേക്ഷകർ വ്യത്യസ്തമായിരുന്നു. എല്ലാവർക്കും വലിയ ഇഷ്ടമായി. സിനിമയും വൻ വിജയമായി. മോഹന്‍ലാല്‍ സാറിന് നന്ദി പറഞ്ഞേ പറ്റൂ. ആക്ഷൻ രംഗങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് അസാധ്യമായ മെയ്വഴക്കമുണ്ട്. ലാൽ സാറിനൊപ്പം ജോലി ചെയ്യുന്നത് വളരെ അനായാസമായിരുന്നു. ഒട്ടേരെ വർഷങ്ങൾ പരിചയ സമ്പത്തുള്ള നടനാണ്. പക്ഷേ ആ ഭാവമൊന്നും അദ്ദേഹത്തിനില്ല. നമ്മള് പറയുന്ന ഓരോ നിര്‍ദ്ദേശവും ശ്രദ്ധയോടെ കേട്ട് നില്ക്കും. ഒരു വിദ്യാർഥിയെപ്പോലെ. നന്നായി അത് സ്ക്രീനിൽ കൊണ്ടുവരികയും ചെയ്യും.
ഷങ്കറും പീറ്റർ ഹെയ്നും
ഷങ്കർ സാറിന്റെ സിനിമകൾ എന്റെ കരിയറിനെ വ്യത്യസ്ത തലത്തിലെത്തിച്ചു. അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകള്‍ക്കും സംഘട്ടനമൊരുക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. സിനിമയുടെ എല്ലാ മേഖലകളെക്കുറിച്ചും അദ്ദേഹത്തിന് നല്ല ധാരണയുണ്ട്. അതിനനുസരിച്ചാണ് എല്ലാ ടെക്നീഷ്യന്മാരും പ്രവര്‍ത്തിക്കുന്നത്. ഫൈറ്റ് രംഗങ്ങളില്‍ ഞാന്‍ പലപ്പോഴും എന്റേതായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാറുണ്ട്. അദ്ദേഹം അത് ശ്രദ്ധയോടെ കേട്ട് എന്നോട് ചെയ്തു കാണിക്കാന്‍ പറയും. ചെയ്തോളാന്‍ പറയും. അത്രമാത്രം അദ്ദേഹത്തിന് എന്നില്‍ വിശ്വാസമുണ്ട്. അന്യന് ശേഷമാണ് ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധം ദൃഢമായത്.
അപകടം സംഭവിക്കാം, മരണത്തെ മുഖത്തോട് മുഖം കണ്ടിട്ടുണ്ട്
ഒരു സംഘട്ടന സംവിധായകനെ സംബന്ധിച്ച് ഒരുപാട് റിസ്കുണ്ട്. നമ്മുടെ മാത്രമല്ല നമ്മൾക്കൊപ്പം നിൽക്കുന്ന അസിസ്റ്റന്റ്മാരുടെയും നമ്മളെ വിശ്വസിച്ച് അഭിനയിക്കുന്ന നടൻമാരുടെയും സുരക്ഷ ഉറപ്പക്കാണം. 25 വർഷം നീണ്ട കരിയറിൽ എനിക്ക് ഒരുപാട് അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. അപകടങ്ങള്‍ ഈ ജോലിയുടെ ഭാഗമാണ്. മരണത്തോട് മുഖാമുഖം കാണുന്ന അവസരങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോഴും ഈ ജോലിയോടുള്ള ഇഷ്ടം കൊണ്ട് മാനസികമായി തളർന്നിട്ടില്ല. ഒരിക്കൽ പോലും മതിയെന്ന് തോന്നിയിട്ടില്ല.
ബിഗ് ബജറ്റ് സിനിമകൾ മാത്രം ചെയ്യുന്ന ആളല്ല ഞാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറിയ സിനിമയല്ലേ പീറ്റർ ഹെയ്നെ കിട്ടില്ല എന്ന മുൻധാരണ പലർക്കുമുണ്ട്.ഒരു സംഘട്ടന സംവിധായകന് എന്ന നിലയില്‍ എനിക്കെന്തെങ്കിലും ചെയ്യാനുണ്ടോ എന്നത് മാത്രമാണ് ഞാൻ ഒരു സിനിമ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡം. കല്‍ക്കി 2898 എഡി, ഇന്ത്യന്‍ 2, രായന് എന്ന സിനിമകള്‍ ചെയ്യുമ്പോഴാണ് ഇടിയന് ചന്തുവിലേക്ക് എന്നെ ക്ഷണിക്കുന്നത്. ഞാന്‍ ഈ സിനിമയ്ക്കാണ് മുന്‍തൂക്കം നല്‍കിയത്. ഒന്നോ രണ്ടോ ദിവസമാണെങ്കില്‍ കൂടി ഞാന്‍ കേരളത്തിലേക്ക് പറന്നുവരും. ഇവിടെയുള്ളവരുടെ സഹകരണം കാരണം ഷെഡ്യൂളിന് അനുസരിച്ച് പൂർത്തിയാക്കാൻ സാധിച്ചു.