
ലാൽ ജോസിന്റെ സംവിധാനത്തിൽ 2002-ൽ പുറത്തിറങ്ങി ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ചിത്രമായിരുന്നു മീശമാധവൻ. റിലീസ് ചെയ്ത് വർഷങ്ങൾക്കിപ്പുറവും ചിത്രത്തിലെ തമാശരംഗങ്ങളും പാട്ടുകളുമെല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തേക്കുറിച്ച് അധികമാർക്കും അറിയാത്ത ഒരു വിവരം പങ്കുവെച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് രഞ്ജൻ പ്രമോദ്.
മീശമാധവനിൽ ഇപ്പോഴും ആരാധകരുള്ള കഥാപാത്രമാണ് ജഗതി ശ്രീകുമാർ അവതരിപ്പിച്ച കൃഷ്ണവിലാസം ഭഗീരഥൻ പിള്ള. സാമൂഹിക മാധ്യമങ്ങളിലെ മീമുകളിൽ നിറഞ്ഞുനിൽക്കുന്ന ഈ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ജഗതിയായിരുന്നില്ലെന്നും നെടുമുടി വേണുവായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് രഞ്ജൻ പ്രമോദ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു തിരക്കഥാകൃത്ത് കൗതുകകരമായ ഇക്കാര്യം പറഞ്ഞത്.
‘‘മീശ മാധവനിലെ എല്ലാ കഥാപാത്രങ്ങളും ആദ്യമേ മുൻകൂട്ടി തീരുമാനിച്ചത് തന്നെയാണ്. കാരണം അതിൽ അഭിനയിക്കുന്ന ആളുകൾ ആരൊക്കെയാണെന്ന് നമുക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. മാത്രമല്ല മീശമാധവൻ സിനിമ ആദ്യമായി പ്രൊപ്പോസ് ചെയ്ത സമയത്ത് അതിന് മീശ മാധവൻ എന്ന് പേരായിട്ടില്ല. അതുകൊണ്ട് തന്നെ അന്ന് വിതരണത്തിന് എടുക്കാനൊന്നും ആരും ഉണ്ടായിരുന്നില്ല. കാരണം ഞാനും ലാൽജോസും ചേർന്ന് രണ്ടാംഭാവം എന്ന സിനിമ ചെയ്ത് പരാജയപ്പെട്ട് നിൽക്കുന്ന സമയമായിരുന്നു.
ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലെ നെടുമുടി വേണു ചേട്ടന്റെ കഥാപാത്രത്തിന്റെ ആവർത്തനമാകുമോ എന്ന സംശയത്തിലാണ് ആ വേഷം ജഗതി ചേട്ടൻ ചെയ്യുന്നത്. അപ്പോഴാണ് ഈ പറക്കും തളിക എന്ന സിനിമ ചെയ്ത ഹംസ, സേവ്യർ എന്ന നിർമാതാക്കൾ ഞങ്ങളോട് സഹകരിക്കുന്നത്. എന്നാൽ അവർക്ക് ഒരു കണ്ടീഷൻ ഉണ്ടായിരുന്നു. പറക്കും തളികയിൽ ഉണ്ടായിരുന്ന എല്ലാ ആർട്ടിസ്റ്റുകളും ഇതിൽ ഉണ്ടാവണം എന്നതായിരുന്നു അവരുടെ ആവശ്യം. എല്ലാവർക്കും നല്ല റോളും ഉണ്ടാവണമെന്നും ആവശ്യപ്പെട്ടിരുന്നു.” രഞ്ജൻ പ്രമോദ് പറഞ്ഞു.
പറക്കും തളികയിൽ അഭിനയിച്ചിട്ടുള്ള എല്ലാ താരങ്ങളും ഇതിനകത്തും ഉണ്ടെന്ന് മീശ മാധവൻ ശ്രദ്ധിച്ചാൽ മനസിലാവും. സത്യത്തിൽ എല്ലാം മുൻകൂട്ടി തീരുമാനിച്ച കഥാപാത്രങ്ങൾ തന്നെയായിരുന്നുവെന്നും രഞ്ജൻ പ്രമോദ് ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]