
ബെംഗളൂരു: കന്നഡ നടൻ ദർശൻ തൂഗുദീപയുടെ ഫാംഹൗസ് മാനേജരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ദർശന്റെ ബെംഗളൂരുവിലെ ഫാം ഹൗസ് നോക്കിനടത്തുന്ന ശ്രീധറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
കടുത്ത ഏകാന്തത അനുഭവപ്പെട്ടതിനാലാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. ഇതേ കാര്യം പറഞ്ഞുള്ള വീഡിയോ സന്ദേശവും പുറത്തുവന്നു. തന്റെ പ്രിയപ്പെട്ടവരാരും മരണത്തിൽ ഉത്തരവാദികളല്ലെന്നും സന്ദേശത്തിൽ വ്യക്തമാക്കി. അതേസമയം, ശ്രീധറിന്റെ മരണവും ദർശൻ പ്രതിയായ രേണുകാസ്വാമി കൊലക്കേസും തമ്മിൽ ബന്ധമുണ്ടോയെന്ന് പോലീസ് അന്വഷണം തുടങ്ങി.
അതിനിടെ, രേണുകാസ്വാമിയെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാളെക്കൂടി പോലീസ് അറസ്റ്റുചെയ്തു. ആർ.ആർ. നഗർ സ്വദേശി രാജു എന്ന ധൻരാജാണ് അറസ്റ്റിലായത്. ക്രൂരമായി മർദിക്കുന്നതിനിടെ രേണുകാസ്വാമിയെ ഷോക്കേൽപ്പിച്ചത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. ഷോക്കേൽപ്പിക്കാൻ ഉപയോഗിച്ച ഉപകരണം പോലീസ് കണ്ടെടുത്തു. ദർശന്റെ വീട്ടിൽ വളർത്തുനായകളെ പരിപാലിക്കുന്നത് ഇയാളായിരുന്നു. രേണുകാസ്വാമിയുടെ സ്വകാര്യഭാഗങ്ങളിൽ കൊലയാളിസംഘം ഷോക്കേൽപ്പിച്ചെന്നാണ് പോലീസ് കണ്ടെത്തൽ. ഇതോടെ കേസിൽ അറസ്റ്റിലായവർ 17 ആയി.
രേണുകാസ്വാമിയുടെ മൊബൈൽ ഫോൺ അന്വേഷണസംഘത്തിന് ഇനിയും കണ്ടെടുക്കാനായില്ല. മൃതദേഹം ഉപേക്ഷിച്ച ഓവുചാലിൽ ഫോൺ എറിഞ്ഞതായാണ് സംശയം. ഈ ഫോൺ ഉപയോഗിച്ചാണ് രേണുകാസ്വാമി ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് സാമൂഹികമാധ്യമത്തിലൂടെ മോശം സന്ദേശങ്ങളയച്ചത്. ഫോൺ കണ്ടെത്താനാകാത്ത സാഹചര്യത്തിൽ തെളിവുകൾ ശേഖരിക്കാൻ ഇൻസ്റ്റഗ്രാമിന്റെ സഹായം തേടാനൊരുങ്ങുകയാണ് പോലീസ്.
കേസന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ അറിയിച്ചു. വിജയനഗർ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ എസ്.കെ. ഉമേഷ് നേതൃത്വം നൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]