
മലയാളിക്ക് ഉര്‍വശി എന്നാല്‍ പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയാണ്, അവരുടെ സ്വന്തമാണ്. നാല് പതിറ്റാണ്ട് നീണ്ട സിനിമാ യാത്രയില്‍ മറ്റൊരാളെ സങ്കല്പിക്കാനാവാത്ത വിധത്തില്‍ ഉര്‍വശി അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഏറെയാണ്. അക്കൂട്ടത്തിലേക്കാണ് ക്രിസ്റ്റോ ടോമി സംവിധാനം ചെയ്യുന്ന ഉള്ളൊഴുക്കിലെ ലീലാമ്മയും വന്നു ചേരുന്നത്. പാര്‍വതിയും പ്രധാന കഥാപാത്രമായെത്തുന്ന ഉള്ളൊഴുക്കിന്റെ വിശേഷങ്ങളുമായി ഉര്‍വശി മാതൃഭൂമി ഡോട് കോമിനൊപ്പം
ജീവിതത്തില്‍ പലപ്പോഴും ‘ഡാര്‍ക്ക്’ ആണ് കൂടുതല്‍. ജീവിതത്തിലുണ്ടാകുന്ന അല്പസന്തോഷങ്ങളില് ആ ഇരുട്ടിനെ മറക്കാന്‍ ശ്രമിച്ചുകൊണ്ടാണ് നമ്മളിതൊക്കെ തരണം ചെയ്യുന്നത്. ‘ഡാര്‍ക്ക്’ എന്ന് പറയുന്നത് തന്നെ പ്രത്യേക വാക്കാണ്. നമ്മുടെ കുടുംബത്തില്‍ നടക്കുന്ന ദു:ഖകരമായ കാര്യങ്ങള്‍ ‘ഡാര്‍ക്ക്’ ആണെന്ന് നമുക്ക് തോന്നും, നമുക്കത് സഹിക്കാന്‍ കെല്‍പ്പില്ലാത്തതുകൊണ്ടാണ്. പക്ഷേ അന്യരെ ദ്രോഹിക്കുന്നതും, നിന്ന നില്പില് തല വെട്ടുന്നതുമെല്ലാമാണ് സത്യത്തില്‍ ‘ഡാര്‍ക്ക്’. അത്രത്തോളം വരില്ല ജീവിതത്തിലെ ഡാര്‍ക്ക്. അതെല്ലാവരുടെയും ജീവിതത്തില്‍ വന്ന് പോകുന്നതാണ്.
ഇതേ ‘ഡാര്‍ക്ക്’ കാരണം സംവിധായകന് കാത്തിരുന്നത് നാല് വര്‍ഷം
ഈ ‘ഡാര്‍ക്ക്’ എന്ന വാക്ക് ഞാന്‍ ഒരുപാട് തവണ സംവിധായകന് ക്രിസ്റ്റോയുടെ അടുത്ത് ഉപയോഗിച്ചിട്ടുണ്ട്. എനിക്ക് ‘ഡാര്‍ക്ക്’ സിനിമ ചെയ്യാന്‍ താത്പര്യമില്ല, എനിക്ക് സന്തോഷമുള്ള ചിത്രം ചെയ്താല്‍ മതി, എന്നെ ഒഴിവാക്കണം… സോറി എന്ന് പറഞ്ഞ് നാല് വര്‍ഷത്തോളം നീട്ടി വച്ച ചിത്രമാണ് ഇത്. അത്ര വര്‍ഷവും ക്രിസ്റ്റോ കാത്തിരുന്നു. ഓരോ വര്‍ഷവും ചേച്ചീ സിനിമ തുടങ്ങിയില്ല കേട്ടോ എന്നും പറഞ്ഞ് ക്രിസ്റ്റോ വരും. ഇതിനുമുന്‍പ് ഒരാളേ എനിക്ക് വേണ്ടി ഇതുപോലെ കാത്തിരുന്നിട്ടുള്ളൂ. കഴകം എന്ന സിനിമയുടെ സംവിധായകന് സുകുമാരന്‍ നായര്‍. അതുപോലെ ചെയ്ത ചിത്രമാണ് ഉള്ളൊഴുക്ക്. ചെയ്തു തീര്‍ന്നപ്പോള്‍ ഈ സിനിമ സ്വീകരിച്ചില്ലായിരുന്നെങ്കില്‍ വലിയ നഷ്ടമായേനേ എന്നെനിക്ക് തോന്നി.
രണ്ട് ജനറേഷന് ഒന്നിക്കുകയാണ് ഉള്ളൊഴുക്കില്‍
അങ്ങനെ രണ്ട് ജനറേഷന് എന്നൊന്നുമില്ല. ഞാനേത് ജനറേഷനില്‍ നിന്നാണ് മാറി നിന്നിട്ടുള്ളത്. പിന്നെ എക്സ്പീരിയന്‍സിന്റെ കാര്യം. ഉള്ളൊഴുക്ക് ചെയ്തിട്ട് രണ്ട് വര്‍ഷമേ ആയിട്ടുള്ളൂ, അതിന്റെ എക്സ്പീരിയന്‍സ് കൂട്ടിയാല്‍ മതി. എനിക്ക് ഈ ഓഗസ്റ്റ് ഏഴിന് പത്തുവയസ് ആവുകയേ ഉള്ളൂ. എന്റെ മകന് അന്നേരം പത്ത് വയസാവും.ഒരു കുഞ്ഞ് ജനിക്കുമ്പോഴല്ലേ അമ്മയും ജനിക്കൂ. അങ്ങനെ കണ്ടാല്‍ മതി.
പാര്‍വതിയുമൊത്തുള്ള കോമ്പോ
ഡാര്‍ക്ക് സിനിമയാണ് ഉള്ളൊഴുക്ക് എന്ന് ആദ്യമേ പറഞ്ഞല്ലോ, അതില്‍ നിന്ന് പുറത്ത് വരണമെങ്കില്‍ പുറത്ത് കുറച്ച് ചിരിയും തമാശയുമൊക്കെ വേണം. ഞാന്‍ സിനിമകളില്‍ വളരെ കുറച്ച് മാത്രമേ ഗ്ലിസറിന്‍ ഉപയോഗിച്ചിട്ടുള്ളൂ. യഥാര്‍ഥ ഇമോഷന് ഉള്ള സിനിമയാണെങ്കില്‍ ഗ്ലിസറിന്റെ ആവശ്യം വരുന്നില്ല. ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത സിനിമാറ്റിക് ആയിട്ടുള്ള സീന്‍ എഴുതി വച്ചാല്‍ ഗ്ലിസറിന്‍ ആവശ്യമായി വരും. ഉള്ളൊഴുക്ക് എനിക്ക് മാനസികമായി വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കിയ സിനിമയാണ്. പാര്‍വതിയുമായുള്ള കൂട്ടും സെറ്റ് രസകരമാക്കിയുമാണ് അതില്‍ നിന്നെല്ലാം പുറത്ത് കടക്കാന്‍ നോക്കുന്നത്. തമാശയൊക്കെയായി ചില് ആകാന്‍ ശ്രമിക്കും.
ചിരിയും കളിയും ഇല്ലെങ്കില്‍ 43 ദിവസം കൊണ്ട് ഞങ്ങളെ ഒന്നിനും കൊള്ളാതാവുമായിരുന്നു.
ചില ആര്‍ടിസ്റ്റുകളുണ്ട്. ചെയ്യുന്ന കഥാപാത്രമായി തന്നെ സെറ്റില്‍ നില്ക്കും. രഘുവരന് ചേട്ടന് അങ്ങനെയൊരാളാണ്. വ്യൂഹം ചെയ്യുന്ന സമയത്ത് ഞാന്‍ ചെറിയ പ്രായമാണ് ഇത്ര പക്വത ഇല്ല. ഒരു സീനില്‍ രഘുവേട്ടന് വില്ലന്മാര്ക്ക് നേരെ തോക്കെടുക്കുന്നതോ മറ്റോ ആണ്. ബ്രേക്ക് സമയത്ത് ഞാന്‍ തമാശയൊക്കെ പറഞ്ഞിരിക്കുമ്പോള്‍ രഘുവേട്ടന് ഭയങ്കര ഗൗരവത്തില്‍ മാറിയിരിക്കും.
അടുത്ത സീന്‍ തമാശയാണെന്നുണ്ടെങ്കില് നമ്മളോട് ചിരിയും കളിയും വര്‍ത്തമാനവും ഒക്കെ ആയിരിക്കും. മീരാ ജാസ്മിനും ഇതേ പ്രശ്നമുണ്ട്. അച്ചുവിന്റെ അമ്മ ചെയ്യുന്ന സമയത്ത് ഞങ്ങള്‍ രണ്ടുപേരും മാത്രമേ ആ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. സീന്‍ എടുത്തു കഴിഞ്ഞാല്‍ ഞാന്‍ തമാശയൊക്കെ പറഞ്ഞിരിക്കും. പക്ഷേ പക്ഷേ ചേച്ചി ചിരിപ്പിക്കല്ലേ എന്നും പറഞ്ഞു മീര മാറിയിരിക്കും. ഞാന്‍ ചിരിപ്പിക്കാന്‍ നോക്കുന്നതൊക്കെ മീരയ്ക്ക് പരാതിയായിരുന്നു. സങ്കടവും ദേഷ്യവുമുള്ള സീന്‍ എടുക്കുന്ന ദിവസങ്ങളില്‍ ഒക്കെ എങ്ങനെ ഇരുന്നാല്‍ എങ്ങനെയാണെന്ന് പറഞ്ഞു മീരയെ ഞാന്‍ ഉപദേശിക്കാറുണ്ടായിരുന്നു. മൂഡ് മൈന്റൈന്‍ ചെയ്യുന്ന ഇതുപോലുള്ള ആര്‍ട്ടിസ്റ്റുകള്‍ ഉണ്ട്. ഇവിടെ ഉള്ള ഒഴുക്കിന്റെ കാര്യത്തില്‍ അങ്ങനെയായിരുന്നു ഞങ്ങളെങ്കില്‍ ഈ 43 ദിവസം കൊണ്ട് ഞങ്ങളെ ഒന്നിനും കൊള്ളാതാവുമായിരുന്നു.
വെള്ളത്തില്‍ നിന്ന് കാലിന്റെ നിറം വരെ മാറി
വെള്ളമാണ് സിനിമയിലെ മറ്റൊരു കഥാപാത്രം. മുട്ടറ്റം വെള്ളമുണ്ടായിരുന്നു പല സീനിലും. ദിവസവും മണിക്കൂറുകള്‍ വെള്ളത്തില്‍ നിന്ന് കാലിന്റെ നിറം മാറി. മുടി ഉണക്കുന്ന ഡ്രയര്‍ വെച്ച് കൂടെ സഹായത്തിനുണ്ടായിരുന്ന സ്ത്രീ കാലു ചൂടാക്കി ബ്ലാങ്കറ്റില്‍ പൊതിഞ്ഞു വെക്കും. എന്റെ അവസ്ഥ കണ്ട് നാല്പതാമത്തെ ദിവസമാണ് പാര്‍വതി പറയുന്നത് ചേച്ചി ബൂട്ട് ഇട്ട് അഭിനയിക്കൂ എന്ന്. ബാക്കിയുള്ള മൂന്ന് ദിവസവും ബൂട്ട് ഇട്ടാണ് അഭിനയിച്ചത്.
ബോധം കെട്ട് കിടക്കുന്ന ജയറാമിനെയും തൂക്കിയെടുത്ത് കൊതുമ്പു വള്ളത്തില്‍…
ഉള്ളൊഴുക്കില്‍ വള്ളത്തിലുള്ള സീനൊക്കെ ഉണ്ടായിരുന്നു. ആടിയുലയുന്ന വള്ളത്തില്‍ നിന്ന് പാര്‍വതി നല്ല ഈസിയായി കയറിപ്പോരും. പക്ഷേ എന്നെ പിടിച്ചു കയറ്റാന്‍ ഒരു 12 പേരെങ്കിലും വേണം. അത്രയധികം കഷ്ടപ്പാടുകള്‍ ഈ സിനിമയ്ക്ക് പിന്നില്‍ ഉണ്ടായിട്ടുണ്ട്. പണ്ട് ഇതുപോലൊരു ചിത്രത്തിന് ആയിട്ട് വള്ളം തുഴഞ്ഞിട്ടുണ്ട്. അന്ന് ട്രെയിനിങും മറ്റും ഇല്ലായിരുന്നു. ഒരു കൊതുമ്പു വെള്ളത്തില്‍ ജയറാമിനെ വലിച്ചു കയറ്റി കൊണ്ടുപോരുന്നൊരു രംഗമാണ്. എട്ട് വയസ്സ് മുതല്‍ ചെന്നൈയിലാണ് ഞാന്‍ വളര്‍ന്നത്. കൊതുമ്പു വള്ളമൊന്നും ഞാന്‍ കണ്ടിട്ട് പോലുമില്ല. അന്നെനിക്ക് 17-18 വയസ്സ് ആണ് പ്രായം. ബോധം കെട്ട് കിടക്കുന്ന ജയറാമിനെ കൊതുമ്പു വള്ളത്തില്‍ കയറ്റി തുഴഞ്ഞ് വരണം. ടേക്ക് എടുക്കുമ്പോള്‍ അങ്ങ് തുഴഞ്ഞോളാന് പറഞ്ഞു സംവിധായകന്.
രണ്ടും കല്പ്പിച്ചങ്ങ് തുഴയുകയായിരുന്നു. യൂണിറ്റുള്ളവരെ വിശ്വസിക്കും. അവര്‍ ഇറങ്ങി നമ്മളെ രക്ഷപ്പെടുത്തും എന്ന ഒറ്റ വിശ്വാസത്തിന്റെ പുറത്താണ് അന്നതൊക്കെ ചെയ്തിരുന്നത്. പക്ഷേ ഇന്നത്തെ സംവിധായകരും നിര്‍മ്മാതാക്കളും എല്ലാം ആര്‍ട്ടിസ്റ്റിന്റെ സേഫ്റ്റി നോക്കിയ ശേഷമാണ് ഓരോ രംഗവും എടുക്കുന്നത്. എല്ലാവര്ക്കും ഇന്‍ഷുറന്‍സ് എല്ലാം എടുത്ത് സിനിമ ഷൂട്ട് ചെയ്യാനുള്ള പോസിബിലിറ്റി ഇവിടെയുണ്ട് പക്ഷേ അത് ആരും ചെയ്യുന്നില്ല എന്ന് മാത്രം.
ആരുടെ അമ്മ എന്നതിലല്ല കാര്യം
അമ്മ വേഷങ്ങള്‍ ഒരുപാട് ചെയ്തിട്ടുണ്ട്. ഇന്ന ടൈപ്പ് അമ്മ എന്ന് പറയാനേ പാടില്ല. അമ്മ ഒന്നേയുള്ളൂ. നമ്മള് കണ്ട ചില കഥാപാത്രങ്ങളുടെ സ്വഭാവ സവിശേഷതകള്‍ മാറുന്നു എന്നേ ഉള്ളൂ. ക്രൂരയായ അമ്മയുണ്ട്, സര്‍വംസഹയായ അമ്മയുണ്ട്..ആരുടെ അമ്മ എന്നുള്ളതല്ല കാര്യം. എന്നെ സംബന്ധിച്ച് കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതകള്‍ എന്തെല്ലാമാണ്, പ്രത്യേകതകള്‍ എന്തെല്ലാമാണ്, അവരെക്കൊണ്ട് ഈ കഥയില്‍ എന്ത് മാറ്റമാണ് ഉണ്ടാകുന്നത്, അവര്‍ എങ്ങനെയാണ് ഈ കഥയെ മുന്നോട്ടു നയിക്കുന്നത്, അവര്‍ക്ക് ഈ കഥയില്‍ എന്ത് പ്രാധാന്യമാണുള്ളത്… ഇതെല്ലാമാണ് ഞാന്‍ നോക്കുന്നത്. ഇന്ന കഥാപാത്രത്തിന്റെ അമ്മയാണ് എന്ന് പറഞ്ഞ് ഞാന്‍ ഒരു സിനിമയും ചെയ്തിട്ടില്ല. ഞാന്‍ എന്താണോ അല്ലെങ്കില്‍ എന്റെ കഥാപാത്രം എന്താണോ ആ സിനിമയില്‍ ചെയ്യുന്നത് എന്ന് നോക്കിയിട്ടാണ് ഞാന്‍ ഓരോ സിനിമയും തിരഞ്ഞെടുത്തിട്ടുള്ളത്.
‘കുണ്ടണി’ കൂടുമ്പോള്‍ ഒരാളെങ്കിലും പേടിപ്പിക്കാന്‍ വേണ്ടേ..
എന്റെ മോളുള്‍പ്പടെ വീട്ടിലെ കുട്ടിപ്പട്ടാളങ്ങള്ക്കൊക്കെ പേടി എന്നെയാണ്. അടുത്തിടെ കല്പന ചേച്ചിയുടെ മകള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഞങ്ങള്‍ക്കെല്ലാം പേടി പൊടിയമ്മയെ അതായത് എന്നെയാണെന്നാണ്. വല്ലപ്പോഴും ഒരിക്കലാണ് എന്നെ അവര്‍ കാണുന്നത്. എപ്പോഴും ഷൂട്ടിങ്ങും മറ്റുമായി ഞാന്‍ പുറത്തായിരുന്നു. വന്നു കയറുമ്പോള്‍ കുറച്ച് അച്ചടക്കവും ശ്വാസനയും ഒക്കെ ചെയ്യാറുള്ളത് ഞാനാണ്. പിള്ളേരെല്ലാം ബാക്കി എല്ലാവരും ആയിട്ട് വലിയ കൂട്ടാണ്. ഞാന്‍ വന്നു കഴിഞ്ഞാല്‍ ഏതാണ്ട് ഹെഡ്മിസ്ട്രസ് വന്ന പ്രതീതിയാണ്. അങ്ങനെ ഒരാളെങ്കിലും ഇല്ലെങ്കില്‍ ശരിയാകില്ല എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഞാന്‍ ഇത്തിരി സ്ട്രിക്റ്റ് ആയത്. മറ്റ് രണ്ടുപേരും ഇത്തിരി സ്ട്രിക്ട് ആയിരുന്നെങ്കില്‍ ഞാന്‍ കുറച്ച് അയഞ്ഞേനേ. ‘കുണ്ടണി’ എന്നൊരു വാക്ക് പറയും ഞങ്ങള്‍ തെക്കോട്ടുള്ളവര്. പ്രത്യേകിച്ച് തിരുവനന്തപുരത്ത്. വികൃതി എന്നാണ് അര്‍ഥം. അത്രയ്ക്ക് കുണ്ടണി പിടിച്ച പിള്ളേരായിരുന്നു. ഉറങ്ങിക്കിടക്കുന്ന അമ്മയുടെ തലയില്‍ ചവിട്ടി വരെ ഓടുന്ന ടൈപ്പ്. അതുകൊണ്ടാണ് എല്ലാവരേയും പേടിപ്പിച്ച് നിര്‍ത്തിയത്.
ദുര്മുഖിയായിരുന്ന എന്നെ മാറ്റിയത് സിനിമ
ഞാന്‍ സീരിയസ് ആയാല്‍ മഹാമോശം സ്വഭാവമാണ്. ദുര്മുഖിയായ എന്നെ മാറ്റിയത് സിനിമയാണ് ഒപ്പം എന്റെ സുഹൃത്തുക്കളും ചുറ്റുമുള്ളവരും. ഭയങ്കര ദുര്‍മുഖി ആയിട്ടുള്ള സ്വഭാവമായിരുന്നു എന്റെ. ഒരു പുസ്തകപ്പുഴു. നാലു പേര് എന്റെ അടുത്തോട്ട് വന്നാല്‍ ഇവരെന്തിനാണ് എന്റെ അടുത്തേക്ക് വരുന്നത് എന്ന് ചിന്തിച്ചിരുന്ന സ്വഭാവമായിരുന്നു. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒഴിഞ്ഞുമാറി നടക്കുന്ന ഒരാളായിരുന്നു. ഒരുപാട് പേര് കൂടുന്നിടത്ത് ഞാന്‍ തീരെ പോകാറില്ല, ഫംഗ്ഷനുകള്‍ അറ്റന്‍ഡ് ചെയ്യാറില്ല. പക്ഷേ ഒരുപാട് ആള്‍ക്കൂട്ടത്തിന് ഇടയ്ക്ക് നില്‍ക്കേണ്ട പ്രൊഫഷണില്‍ ദൈവം എന്നെ ഒരുപാട് വര്‍ഷം നിര്‍ത്തിച്ചു.അതാണ് വിധി, അല്ലെങ്കില്‍ നിയോഗം എന്നൊക്കെ പറയുന്നത്.
ഒറ്റയ്ക്ക് ജീവിക്കാന്‍ എനിക്കാവില്ല…
എന്റെ കൂടെ അഭിനയിച്ചതെല്ലാം ഒരുപാട് പാഠങ്ങള്‍ ഞാന്‍ പഠിക്കാറുണ്ട്. പാര്‍വതി ഭയങ്കര കെയറിംഗ് ആണ്. എനിക്ക് കാലുവേദന ഉള്ളപ്പോള്‍ കാലു തടവി തന്ന്, ഡയറ്റ് നോക്കി നല്ല ഭക്ഷണം കഴിക്കാന്‍ പഠിപ്പിച്ച്, നല്ല ഭക്ഷണം കൊണ്ടുതന്ന് നല്ല കെയറിങ്ങായിരുന്നു. ചുറ്റുമുള്ളതിനെ പറ്റി അവള്‍ക്ക് നല്ല അറിവാണ്, നല്ല ബോധ്യമാണ്. ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ക്കേ തന്റെ ചുറ്റുപാടിനെ കുറിച്ച് ചിന്ത ഉണ്ടാവൂ. ഇങ്ങനെയാണ് ഓരോരുത്തരും ആവേണ്ടത് ഇന്നത്തെ കാലത്ത്.
ഒറ്റയ്ക്ക് ജീവിക്കാന്‍ പറ്റാത്ത വ്യക്തിയാണ് ഞാന്‍. ഞാനൊരു കൂട്ടുകുടുംബത്തിലാണ് വളര്‍ന്നത്. അതുകൊണ്ടുതന്നെ ഒറ്റയ്ക്ക് യാത്ര ചെയ്യുകയും ഒറ്റയ്ക്ക് ജീവിക്കുകയും ഒറ്റക്ക് സ്വന്തം കാര്യങ്ങള്‍ നോക്കുകയും ചെയ്യുന്ന ഇന്നത്തെ തലമുറയോട് എനിക്ക് ആരാധനയാണ്. എന്റെ മകള്‍ നില്ക്കുന്നതുപോലെ ഒറ്റയ്ക്ക് ഒരു ഹോസ്റ്റലില്‍ നിന്ന് ഒറ്റയ്ക്ക് വണ്ടി വിളിച്ച് അവര്‍ക്ക് പോകേണ്ടിടത്ത് പോകുന്ന പോലെ എന്നെക്കൊണ്ട് കഴിഞ്ഞിട്ടില്ല. ഇപ്പോഴും കഴിയില്ല. ഒരു റോഡ് ക്രോസ് ചെയ്യണമെങ്കില്‍ പോലും എന്റെ അപ്പുറവും ഇപ്പുറവും ആള് വേണം. അതിന്നും അങ്ങനെ തന്നെയാണ്. തനിയേ റോഡ് ക്രോസ് ചെയ്യുന്നവരെയൊക്കെ ഞാന്‍ ആരാധനയോടെ നോക്കും. പ്രൊട്ടക്ട്റ്റഡ് ആയ ചുറ്റുപാടില്‍ വളര്‍ന്ന് ജീവിക്കുന്ന എനിക്ക് തന്റെ കാര്യം സ്വന്തമായി ചെയ്യുന്ന എന്റെ മകളോട് വരെ ആരാധനയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]