
പൊള്ളുന്ന തീയാണെങ്ങും; ഉള്ളിന്റെയുള്ളിൽ മാത്രമല്ല പുറത്തും. ആളിപ്പടരുന്ന അഗ്നിജ്വാലകൾക്ക് നടുവിൽ വിയർത്തൊലിച്ചിരുന്ന് മനോഹരമായ ഒരു പാട്ടിന്റെ ആത്മാവിൽ അലിഞ്ഞൊഴുകുക ഒട്ടും എളുപ്പമാവില്ല ഒരു സാധാരണ അഭിനേതാവിന്. മോഹൻലാൽ പക്ഷേ സാധാരണക്കാരനല്ലല്ലോ.
മൂന്ന് ദേശീയ അവാർഡുകളുടെ തിളക്കമാർന്ന സാന്നിധ്യമുള്ള ഗാനരംഗം. മികച്ച നടൻ മോഹൻലാൽ, മികച്ച ഗായകൻ യേശുദാസ്, പിന്നെ മികച്ച സംഗീതസംവിധായകനുള്ള പ്രത്യേക പരാമർശവുമായി രവീന്ദ്രൻ മാഷും. “ഭരത” (1991) ത്തിലെ “രാമകഥാ ഗാനലയം മംഗളമെൻ തംബുരുവിൽ പകരുക സാഗരമേ ശ്രുതിലയ സാഗരമേ”(രചന: കൈതപ്രം) എന്ന ഗാനത്തെ അവിസ്മരണീയവും അനശ്വരവുമാക്കുന്നത് അപൂർവ്വസുന്ദരമായ ആ പ്രതിഭാസംഗമത്തിന്റെ മാജിക് തന്നെ.
കടുത്ത ആത്മസംഘർഷത്തിന്റെ നടുവിലാണ് സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കല്ലൂർ ഗോപിനാഥൻ. അനിയത്തിയുടെ വിവാഹമാണ് പിറ്റേന്ന്. വീട്ടിലാകെ ആഹ്ലാദാന്തരീക്ഷം. ആ അന്തരീക്ഷത്തിൽ ഈശ്വരതുല്യനായ ജ്യേഷ്ഠന്റെ അപകടമരണവാർത്ത അടുത്ത ബന്ധുക്കളോട് പോലും പങ്കുവെക്കാനാവാത്തതിന്റെ ധർമ്മസങ്കടവുമായി കച്ചേരി വേദിയിൽ തളർന്നിരിക്കുന്നു ഗോപിനാഥൻ. പാടിയേ പറ്റൂ. പക്ഷേ ഉള്ളിൽ ആളുന്ന അഗ്നി അടക്കിപ്പിടിച്ചുകൊണ്ടുവേണം അത്. ലാലിനെ യഥാർത്ഥ അഗ്നിജ്വാലകൾക്ക് നടുവിൽ ഇരുത്തിക്കൊണ്ടു തന്നെ ഗോപിനാഥന്റെ തീവ്രദുഃഖം ആവിഷ്കരിക്കാൻ തീരുമാനിക്കുന്നു സംവിധായകൻ സിബി മലയിൽ.
“തിരുനാവായക്ക് അടുത്താണ് ചിത്രീകരണം. ഭാരതപ്പുഴയുടെ മണൽപ്പുറത്ത് അഗ്നി കൊണ്ടൊരു വലയമുണ്ടാക്കി ആദ്യം. അതിന് നടുവിൽ ലാലിന് ഇരിക്കാൻ ഒരു പീഠവും.”– സിബിയുടെ ഓർമ്മ. നാല് ഷോട്ടുകളാണ് എടുക്കേണ്ടത്. എന്നാൽ രാത്രി ഷൂട്ടിംഗ് തുടങ്ങിയതോടെ ഞങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റി. നല്ല കാറ്റാണ്. തീ എങ്ങോട്ട് ആളുമെന്ന് പ്രവചിക്കാനാവാത്ത അവസ്ഥ. വല്ലാത്ത പിരിമുറുക്കം അനുഭവിച്ച നിമിഷങ്ങളായിരുന്നു അവ. ഇടക്ക് ഷോട്ട് കട്ട് ചെയ്ത് ലാലിനെ അഗ്നിവലയത്തിന് പുറത്തേക്ക് കൊണ്ടുവരുക പ്രായോഗികമല്ല. ചുറ്റും കനലുകളാണ്. അപകടത്തിന് സാധ്യതയേറും…”
പാടി അഭിനയിക്കേണ്ട പാട്ട് അത്ര ലളിതവുമല്ല. സ്വരങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമാണതിൽ. യേശുദാസ് ഹൃദയം നൽകി പാടിയ പാട്ട്. ക്ളോസപ്പ് ഷോട്ടുകൾ വരെ കടന്നുവരുന്നുണ്ടതിൽ. സൂക്ഷിച്ചില്ലെങ്കിൽ ലിപ് മൂവ്മെന്റ് പാളും. എന്നിട്ടും, ചുറ്റുമുള്ളവരുടെ ആശങ്കകൾക്കും ആകാംക്ഷകൾക്കും എല്ലാം അപ്പുറത്തേക്ക് സഞ്ചരിച്ചുകൊണ്ട് “രാമകഥാഗാനലയം” അതിഗംഭീരമായി അഭിനയിച്ചു തീർക്കുന്നു ലാൽ.
“ഷൂട്ടിംഗ് കഴിഞ്ഞയുടൻ ചെയ്തത് വെള്ളമൊഴിച്ച് തീയണയ്ക്കുകയാണ്. അത്രയും നേരം ക്ഷമയോടെ കാത്തിരുന്ന ശേഷം അഗ്നിവലയത്തിന് പുറത്തു കടന്നുവന്ന ലാലിനെ കണ്ട് ഞെട്ടിപ്പോയി. ശരീരമാകെ ചുവന്നു തുടുത്തിരിക്കുന്നു. രോമങ്ങൾ പോലും കരിഞ്ഞുപോയ അവസ്ഥ. ആകെ വിയർത്തൊലിച്ചുള്ള ആ നിൽപ്പിലും മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നില്ല.” സിനിമയിൽ താനഭിനയിക്കുന്ന രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ മടിയില്ലാത്ത ഒരു മനസ്സുണ്ടായിരുന്നു ആ പുഞ്ചിരിയിൽ. അഗ്നികുണ്ഡത്തിന് നടുവിലിരുന്ന് അഗ്നിയേക്കാൾ ജ്വലിക്കുന്ന ലാലിന്റെ ചിത്രമില്ലാതെ “ഭരതം” പൂർണ്ണമാകുന്നില്ല .
“ഭരത”ത്തിലെ ആറോളം പാട്ടുകളുടെ ചിത്രീകരണമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി എന്ന് പറയും സിബി. ശാസ്ത്രീയ ഗാനങ്ങളാണ് എല്ലാം. പലതും സ്വരസമൃദ്ധം. ലോഹിതദാസ് ബീച്ച് ഹോട്ടലിലിരുന്ന് തിരക്കഥയും സംഭാഷണവും എഴുതിക്കൊണ്ടിരിക്കുന്നതേയുള്ളൂ. എഴുത്തിനിടെയാണ് പാട്ടുകളുടെ സിറ്റുവേഷൻ പിറക്കുക. കഥയോട് പൂർണ്ണമായി ഇഴുകിച്ചേർന്ന് നിൽക്കുന്ന ഗാനരംഗങ്ങളേ ലോഹി മനസ്സിൽ കാണൂ. അതൊന്നും മുൻകൂട്ടി പ്ലാൻ ചെയ്യാൻ പറ്റില്ലല്ലോ. ഉടൻ രവീന്ദ്രൻ മാഷിനെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തും. ലോഹി വിവരിച്ച കഥാ മുഹൂർത്തം ഉൾക്കൊണ്ട് മഹാറാണി ഹോട്ടലിൽ ഇരുന്ന് തിടുക്കത്തിൽ ഈണമുണ്ടാക്കും രവീന്ദ്രൻ. ആദ്യം ട്യൂൺ ഓക്കേ ചെയ്യേണ്ടത് ലോഹിയാണ്. അതു കഴിഞ്ഞു സംവിധായകനും. പിന്നെയാണ് കൈതപ്രം പാട്ടെഴുതുക. പാട്ട് എല്ലാവർക്കും ഓക്കേ ആയാൽ താൻ പാടിവെച്ച ട്രാക്കുമായി രവീന്ദ്രൻ ചെന്നൈയിലേക്ക് പറക്കും. യേശുദാസിനെ കൊണ്ട് പാട്ട് റെക്കോർഡ് ചെയ്യിച്ച ശേഷം വീണ്ടും കോഴിക്കോട്ടെ ലൊക്കേഷനിലേക്ക്.
“പലപ്പോഴും ഷൂട്ട് ചെയ്തു തുടങ്ങുമ്പോൾ പാട്ട് ഒരു തവണ പോലും കേട്ടിട്ടുണ്ടാവില്ല ഞാനും ലാലും. എല്ലാം ഒരു ധൈര്യത്തിൽ അങ്ങ് ചെയ്യുകയാണ്. ലിപ് സിങ്കിംഗ് ശരിയായില്ലെങ്കിൽ പ്രശ്നമാവില്ലേ? ദൈവാനുഗ്രഹത്താൽ ആ പരീക്ഷണങ്ങൾ ഒന്നും പിഴച്ചില്ല. ലാലിലെ കലാകാരനെ നമിച്ചേ പറ്റൂ..” — സിബി.
മഹാറാണി ഹോട്ടലിലെ മുറിയിലിരുന്ന് രവീന്ദ്രൻ മാസ്റ്റർ ഹാർമോണിയം വായിച്ചു പാടിക്കൊടുത്ത ഈണത്തിനനുസരിച്ച് “രാമകഥാ ഗാനലയം” എഴുതിയ നിമിഷങ്ങൾ മറന്നിട്ടില്ല കൈതപ്രം. “അത്ര അനായാസം വരികൾ എഴുതാവുന്ന ഈണമല്ല. മാത്രമല്ല കഥാസന്ദർഭത്തിന്റെ ഭാവതീവ്രത ഒട്ടും ചോരാതെ വേണം എഴുതാൻ. ശ്രീരാമകഥ മനസ്സിൽ കടന്നുവന്നത് അപ്പോഴാണ്. പാട്ടെഴുതിത്തീർക്കാൻ പിന്നീട് അധികം പ്രയാസപ്പെടേണ്ടി വന്നില്ല.” ശുഭപന്തുവരാളി രാഗത്തിൽ രവീന്ദ്രൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഈണത്തിൽ കഥാപാത്രത്തിന്റെ വിഷാദഗ്രസ്തമായ മനസ്സ് മുഴുവനുണ്ടായിരുന്നു എന്ന് കൈതപ്രം. മുൻപും അതേ രാഗത്തിൽ ധാരാളം പാട്ടുകൾ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും “രാമകഥ”യുടെ സഞ്ചാരപഥം തീർത്തും വ്യത്യസ്തമായിരുന്നു. വയലിൻ, ഫ്ലൂട്ട്, മൃദംഗം, തകിൽ, നാദസ്വരം, വീണ തുടങ്ങിയ ഉപകരണങ്ങളാണ് മാസ്റ്റർ പശ്ചാത്തലത്തിൽ ഉപയോഗിച്ചത്. പാട്ടിന്റെ ഭാവാവിഷ്കാരത്തിൽ വാദ്യവിന്യാസത്തിനുമുണ്ട് നല്ലൊരു പങ്ക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
“ചില പാട്ടുകൾ ചിത്രീകരണത്തിലൂടെ നമ്മൾ ഉദ്ദേശിക്കുന്ന തലത്തിനപ്പുറത്തേക്ക് പറന്നുയരും. അത്തരമൊന്നായിരുന്നു രാമകഥ. ആ ഗാനം സിനിമയിൽ കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണുകളും നിറഞ്ഞു. എന്റെയും കൈതപ്രത്തിന്റേയും ദാസേട്ടന്റെയും മാത്രമല്ല മോഹൻലാലിൻറെ കൂടി പാട്ടാണതെന്ന് ആരോ മനസ്സിലിരുന്ന് മന്ത്രിച്ച പോലെ..” – രവീന്ദ്രൻ മാസ്റ്ററുടെ വാക്കുകൾ.