
മലയാളിയാണെങ്കിലും വ്യത്യസ്തമായ വേഷങ്ങളിലൂടെ ബോളിവുഡിൽ സ്ഥാനമുറപ്പിച്ച നടിയാണ് വിദ്യാ ബാലൻ. ലോഹിതദാസിന്റെ തിരക്കഥയിൽ കമൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ചക്രം ആയിരുന്നു വിദ്യാ ബാലന്റെ ആദ്യചിത്രമായി ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ ഷൂട്ടിങ് തുടങ്ങിയെങ്കിലും ഈ ചിത്രം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇതുപോലെ താൻ അഭിനയിച്ച നിരവധി ചിത്രങ്ങൾ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കേ നിന്നുപോവുകയും അതുവഴി ഭാഗ്യമില്ലാത്തയാൾ എന്ന പേരുകേൾക്കേണ്ടിവന്നിട്ടുണ്ടെന്നും വിദ്യാ ബാലൻ പറഞ്ഞിരിക്കുകയാണ്.
ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് കരിയറിന്റെ തുടക്കത്തിൽ നേരിട്ട തിരിച്ചടികളേക്കുറിച്ച് വിദ്യാ ബാലൻ മനസുതുറന്നത്. ആളുകൾ തന്നെ ദൗർഭാഗ്യവതി എന്നായിരുന്നു കരുതിയിരുന്നതെന്നും അത് ഹൃദയഭേദകമായിരുന്നെന്നും അവർ പറഞ്ഞു. മോഹൻലാൽ നായകനായതുൾപ്പെടെ രണ്ട് മലയാള സിനിമകളാണ് മുടങ്ങിയത്. വല്ലാത്ത ദേഷ്യമായിരുന്നു അന്ന് സ്വയം തോന്നിയിരുന്നത്. ഇക്കാരണംകൊണ്ട് ആ രണ്ട് ചിത്രങ്ങൾക്കിടയിൽ ചെയ്യാമെന്ന് സമ്മതിച്ച സിനിമകളിൽനിന്ന് അറിയിക്കുകപോലും ചെയ്യാതെ തന്നെ മാറ്റിയെന്നും വിദ്യ പറഞ്ഞു.
ഒരു തമിഴ് നിർമാതാവ് തന്നെ കാണാൻപോലും തയ്യാറായില്ലെന്ന് വിദ്യാ ബാലൻ ഓർത്തെടുത്തു. ആ നിർമാതാവ് തന്റെ ജാതകം പരിശോധിപ്പിച്ചെന്നും ഭാഗ്യമില്ലെന്ന് കണ്ടതിനാലാണ് ഒഴിവാക്കിയതെന്നും സിനിമയിൽനിന്ന് മാറ്റിയതിന് ദിവസങ്ങൾക്കുശേഷം അറിഞ്ഞു. അച്ഛനേയും അമ്മയേയുംകൂട്ടി ആ നിർമാതാവിനെ കാണാൻ ചെന്നൈയിൽ ചെന്നപ്പോൾ ഈ കുട്ടിക്ക് നായികയാവാനുള്ള സൗന്ദര്യമൊന്നും ഇല്ലെന്നാണ് പറഞ്ഞതെന്നും വിദ്യാ ബാലൻ മനസുതുറന്നു.
“എന്റെ രൂപത്തേക്കുറിച്ചുള്ള ആ കമന്റ് എന്നെ വളരേയധികം ബാധിച്ചു. അന്നത്തെ ആ കൂടിക്കാഴ്ചയ്ക്ക് ശേഷം ആറുമാസത്തോളം കണ്ണാടിയില് നോക്കാൻ പോലും ധൈര്യമുണ്ടായിരുന്നില്ല. മൂന്നുവർഷത്തോളം ജീവിതത്തിലെ പ്രതിസന്ധി തുടർന്നു. സിനിമ ഉപേക്ഷിക്കുന്നതിനേക്കുറിച്ചുവരെ ചിന്തിച്ചു. പക്ഷേ ലക്ഷ്യംകാണാനുള്ള തീവ്രമായ ആഗ്രഹം എല്ലാത്തിനേയും മറികടക്കാൻ സഹായിച്ചു.” വിദ്യാ ബാലൻ കൂട്ടിച്ചേർത്തു.
തനിക്കുനേരെ ഉയർന്നിരുന്ന ബോഡി ഷെയ്മിങ് കമന്റുകൾക്ക് കാരണം തന്നോട് ആർക്കോ ഉണ്ടായ വ്യക്തിവിരോധമാവാം എന്നും ഇപ്പോൾ കുഴപ്പമില്ലെന്നും അവർ പറഞ്ഞു. ദോ ഓർ ദോ പ്യാർ ആണ് വിദ്യാ ബാലന്റേതായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം. കാർത്തിക് ആര്യൻ നായകനാവുന്ന ഭൂൽ ഭൂലയ്യയാണ് വിദ്യയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]