
അക്രമികളുടെ വെടിയേറ്റു മരിച്ച പഞ്ചാബി ഗായകൻ ശുഭ്ദീപ് സിങ് സിദ്ദു എന്ന സിദ്ദു മൂസേവാലയുടെ മാതാവ് ചരൺ കൗർ 58-ാം വയസ്സിൽ ആൺകുഞ്ഞിന് ജന്മംനൽകിയത് രണ്ടുദിവസങ്ങൾക്ക് മുമ്പായിരുന്നു. ഐ.വി.എഫ്. സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അവർ ഗർഭം ധരിച്ചത്. എന്നാൽ ഇതിന്റെ പേരിൽ ഭഗവന്ത് മൻ നേതൃത്വം നൽകുന്ന പഞ്ചാബ് ഗവണ്മെന്റ് തങ്ങളെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിദ്ദുവിന്റെ പിതാവ് ബൽകൗർ സിംഗ്.
മാർച്ച് 17-നാണ് ബൽകൗറിനും ചരൺ കൗറിനും ആൺകുഞ്ഞ് ജനിച്ചത്. എന്നാൽ കഴിഞ്ഞദിവസം ബൽകൗറിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ചൂടേറിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. വഹിഗുരുവിന്റെ അനുഗ്രഹത്താൽ തങ്ങൾക്ക് ശുഭ്ദീപിനെ തിരിച്ചുകിട്ടി. എന്നാൽ കുഞ്ഞിൻ്റെ രേഖകൾ നൽകാൻ ആവശ്യപ്പെട്ട് സർക്കാർ രാവിലെ മുതൽ എന്നെ പീഡിപ്പിക്കുകയാണ്. ഈ കുട്ടി നിയമാനുസൃതമാണെന്ന് തെളിയിക്കാൻ അവർ എന്നെ ചോദ്യം ചെയ്യുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
“സർക്കാരിനോട്, പ്രത്യേകിച്ച് മുഖ്യമന്ത്രി ഭഗവന്ത് മന്നിനോട് ഒരപേക്ഷയുണ്ട്. കുഞ്ഞിനുവേണ്ട എല്ലാ ചികിത്സയും വിജയകരമായി പൂർത്തിയാക്കണം. ഞാൻ ഈ നാട്ടുകാരൻതന്നെയാണ്. നിങ്ങൾ ചോദ്യം ചെയ്യാനായി വിളിച്ചാൽ ഏത് സമയത്തും എവിടെ വേണമെങ്കിലും ഞാൻ വരും.” ബൽകൗർ പറഞ്ഞു.
2021 ഡിസംബറിൽ പഞ്ചാബ് സർക്കാർ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (റെഗുലേഷൻ) ആക്ട് നടപ്പിലാക്കിയിരുന്നു. വിവാഹിതരായ ദമ്പതികൾക്കോ അവിവാഹിതരായ സ്ത്രീകൾക്കോ ക്ലിനിക്കുകൾക്ക് ART സേവനങ്ങൾ നൽകാമെന്നാണ് ഇത് നിഷ്കർഷിക്കുന്നത്. ചികിത്സ തേടുന്ന സ്ത്രീക്ക് 21 നും 50 നും ഇടയിലും പുരുഷന് 21 നും 55 നും ഇടയിൽ പ്രായമുണ്ടായിരിക്കണം. റിപ്പോർട്ടുകൾ പ്രകാരം ബൽകൗറിന് 60-ഉം ചരൺ കൗറിന് 58-ഉം വയസാണുള്ളത്.
സിദ്ദുവിൻറെ ‘ഇളയസഹോദരൻ’ എന്ന കുറിപ്പോടെ പിതാവ് ബൽക്കൗർ സിംഗാണ് തങ്ങൾക്ക് കുഞ്ഞ് ജനിച്ച വിവരം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. മൂസേവാലയുടെ മരണത്തിന് ഏകദേശം രണ്ടുവർഷത്തിനു ശേഷമാണ് മാതാപിതാക്കൾക്ക് വീണ്ടും കുഞ്ഞു ജനിച്ചത്. കുഞ്ഞിൻറെ കൈകളിൽ പിടിച്ച്, മൂസേവാലയുടെ ഫോട്ടോയ്ക്കുമുന്നിൽ ഇരിക്കുന്ന ചിത്രമാണ് ബൽക്കൗർ പങ്കുവെച്ചത്. 2022 മേയ് 29-ന് മാൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽവെച്ച് കാറിലെത്തിയ അക്രമികളാണ് മൂസേവാലയെ വെടിവെച്ചുകൊന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]