
മാര്‍ക്കോയുടെ വയലൻസിനുശേഷം ഉണ്ണിമുകുന്ദന്റെ ഒരു അടിമുടി ഫീല്‍ഗുഡ് പടം. അതാണ് ഗെറ്റ് സെറ്റ് ബേബി. അതിഭാവുകത്വത്തിലേയ്ക്ക് വഴുതിവീഴാത്ത നല്ലൊരു ഫാമിലി എന്റർടെയ്നർ. നിഷ്കളങ്കനെങ്കിലും ഒരു സാധാരണ മനുഷ്യന്റെ എല്ലാ ഷെയ്ഡുകളും ഉള്ക്കൊള്ളുന്നയാളുമായ അര്ജുന് ബാലകൃഷ്ണനായി മനസ് നിറയ്ക്കുന്നുണ്ട് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ. കോഹിനൂറിനുശേഷം വിനയ് ഗോവിന്ദ് ഒരുക്കുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി.
പേരും ട്രെയിലറും സൂചിപ്പിക്കുന്നത് പോലെ തന്നെ ഐവിഎഫ് ചികിത്സരംഗമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. അര്ജ്ജുന് ബാലകൃഷ്ണന് എന്ന ഗൈനക്കോളജിസ്റ്റിന്റെ ജീവിതമാണ് ചിത്രത്തിനാധാരം. വെറുമൊരു ചോക്ലേറ്റ് റോം കോം കഥാപാത്രത്തിനുപ്പുറത്തേക്കുള്ള ആഴത്തിലുള്ള കഥാപാത്രമാണ് ഇതിലെ അര്ജുന്. കോളേജ് വിദ്യാര്‍ഥിയില്‍ നിന്ന് ഒതുക്കവും പക്വതയുമുള്ള ഒരു ഗൈനക്കോളജിസ്റ്റിലേക്കുള്ള യാത്രയും പിന്നീട് നേരിടുന്ന സാമൂഹിക യാഥാര്‍ഥ്യവുമാണ് ചിത്രത്തിനാധാരം. ആക്ഷന്‍ ഹിറോ ഇമേജില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഇമേജാണ് ഈ ചിത്രത്തില്‍ ഉണ്ണി മുകുന്ദനുള്ളത്. പ്രണയവും അതിനപ്പുറത്തേക്കുള്ള വൈകാരികതയും കൈയടക്കത്തോടെ തന്നെ കൈകാര്യം ചെയ്തു. പല ഘട്ടങ്ങളിലും കൈവിട്ടുപോകുമായിരുന്നു കഥാപാത്രത്തെ കൈയടക്കത്തോടെ തന്നെ ഉണ്ണി മുകുന്ദൻ കൈകാര്യം ചെയ്തു. ഒരു മനുഷ്യന്റെ എല്ലാ വൈകാരിക ഭാവങ്ങളും ഈ കഥാപാത്രത്തിന് വന്നുപോകുന്നുണ്ട്.
നിഖില വിമല്‍- ഉണ്ണി മുകുന്ദന് കോമ്പോയാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. സ്വാതിയെന്ന കഥാപാത്രം നിഖിലയുടെ കൈയില്‍ ഭദ്രമാണ്. പ്രണയവും വിരഹവും സന്തോഷവും സഹനവും തുടങ്ങി നിരവധി തലങ്ങളിലൂടെ കടന്നുപോവുന്ന കഥാപാത്രമാണ് സ്വാതി.
കിളി പോയി, കോഹിന്നൂര്‍ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം വിനയ് ഗോവിന്ദ് തീർത്തും വ്യത്യസ്ത ചിത്രമാണിത്. ഒരു ഫീല്‍ഗുഡ് മൂവിക്ക് വേണ്ട ചേരുവകളെല്ലാം ചേരുംപടി ചേർത്തിരിക്കുന്നു. നന്മമര പടമാക്കാന്‍ എല്ലാ സാധ്യകളുമുണ്ടായിട്ടും ചിത്രത്തെ യാഥാര്‍ത്ഥ്യ ബോധത്തോടെ അണിയിച്ചൊരുക്കിയ സംവിധായകന് അഭിനന്ദനം അര്‍ഹിക്കുന്നു.. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് വൈ.വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ്.
തമിഴിലും മലയാളത്തിലും ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ക്ക് സംഗീതമൊരുക്കിയ സാം സിഎസ് ആണ് ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. വിനായക് ശശികുമാര്‍, മനുമഞ്ജിത്ത് എന്നിവരാണ് ഗാനരചന. കഥാസന്ദര്‍ഭത്തിന് അനുയോജ്യമായ രീതിയില്‍ ഗാനങ്ങള്‍ അണിയിച്ചൊരുക്കിയത് കാണികള്‍ക്ക് പ്രിയങ്കരമാക്കുന്നു. കപില്‍ കപിലന് ശക്തിശ്രീ ഗോപാലന് തുടങ്ങി മികച്ച ഗായകരാണ് അണിനിരന്നിരിക്കുന്നത്.
സൂപ്പര്‍ഹിറ്റ് ചിത്രം RDXന് ശേഷം അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിർവഹിച്ച ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിന്റെ ഒരോ ഫ്രെയിമിങ്ങും കാഴ്ച്ചകാരനെ മടുപ്പിക്കാത്തതാണ്. ചിത്രത്തിന് അനുയോജ്യമായ കളര്‍ പാറ്റേണാണ് സെറ്റ് ചെയ്തിരിക്കുന്നത്.
ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ജോണി അന്റണി, ശ്യാം മോഹന്‍, അഭിരാം രാധാകൃഷ്ണന്, സുധീഷ്, കൃഷ്ണ പ്രസാദ്, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, ദിലീപ് മേനോന്, വിജയ് ജേക്കബ്. സുരഭി ലക്ഷ്മി, മുത്തുമണി, പുണ്യ എലിസബത്ത്, ഷിബില ഫറ, മീര വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി, ഗംഗ മീര, അതുല്യ ആഷാടം, കെ പി എ സി ലീല തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
സ്കന്ദാ സിനിമാസും കിംഗ്സ്മെന്‍ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മിക്കുന്ന ചിത്രത്തില്‍ സജീവ് സോമന്, സുനില്‍ ജയിന്, പ്രക്ഷാലി ജെയിന് എന്നിവര്‍ നിര്‍മ്മാണ പങ്കാളികളാണ്. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി. മനസ് തുറന്ന് ചിരിക്കാനും സന്തോഷിക്കാനും പറ്റുന്ന ഒരു യാഥാര്‍ത്ഥ്യ ബോധത്തോടുകൂടിയുള്ള ഒരു സിനിമയാണോ ആഗ്രഹിക്കുന്നത്, എങ്കില്‍ ഗെറ്റ് സെറ്റ് ബേബി നിങ്ങളെ നിരാശപ്പെടുത്തില്ല. എങ്കില്‍ ഗെറ്റ് സെറ്റ് ടു ഈ പടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]