
ന്യൂഡല്‍ഹി: ‘എന്നെ ഡല്‍ഹിയെ പരിചയപ്പെടുത്തി തന്നത് താങ്കളാണ് ‘- മമ്മൂട്ടി പറഞ്ഞു. ‘നാളെ നമ്മള് ചര്‍ച്ച ചെയ്യുന്ന എന്റെ എംബസിക്കാലം ഡല്‍ഹിയെക്കുറിച്ചുള്ള മൂന്നാമത്തെ പരിചയപ്പെടലാണ്’- മമ്മൂട്ടിയുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് എം. മുകുന്ദന് അറിയിച്ചു. പുറത്തെ ശീതക്കാറ്റിനെ വകഞ്ഞുമാറ്റുന്ന സ്നേഹത്തിന്റെ ഊഷ്മളത ഡല്‍ഹി മാന്‍സിങ് റോഡിലെ ഹോട്ടല്മുറിയിലപ്പോള് നിറഞ്ഞുനിന്നു.
മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിന് രാജ്യതലസ്ഥാനത്ത് എത്തിയതായിരുന്നു മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. മാതൃഭൂമി ഒരുക്കുന്ന മുകുന്ദന്റെ ‘എന്റെ എംബസിക്കാലം’ എന്ന പുസ്തകത്തെക്കുറിച്ചുള്ള സംവാദത്തില്‍ പങ്കെടുക്കാന്‍ എഴുത്തുകാരനും. ജോണ്‍ ബ്രിട്ടാസ് എം.പിയുടെ ക്ഷണപ്രകാരമാണ് മമ്മൂട്ടിയെ കാണാന്‍ മുകുന്ദനും പത്നി ശ്രീജയും എത്തിയത്. മമ്മൂട്ടിയും പത്നി സുല്‍ഫത്തും മലയാളത്തിന്റെ പ്രിയ എഴുത്തുകാരനെ സ്നേഹാദരപൂര്‍വം വരവേറ്റു.
മുകുന്ദന്റെ കൃതികളെക്കുറിച്ചും മലയാള സാഹിത്യത്തെക്കുറിച്ചുമെല്ലാം മമ്മൂട്ടി മുകുന്ദനോട് വാചാലനായി. മയ്യഴിപ്പുഴയുടെ തീരങ്ങള്‍, ഹരിദ്വാറില്‍ മണി മുഴങ്ങുന്നു പോലുള്ള നോവലുകള്‍ ഒരു തലമുറയെ സ്വാധീനിച്ചതെങ്ങനെയെന്ന് മമ്മൂട്ടി പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളേജിലെ പഠനകാലത്ത് തന്നില്‍ സാഹിത്യാഭിരുചി വളര്‍ത്തിയെടുത്ത അധ്യാപകരെ ഓര്‍ത്തു. എം.കെ.സാനു മാസ്റ്ററും സി.ആര്.ഓമനക്കുട്ടന്സാറുമൊക്കെ എങ്ങനെയാണ് വിദ്യാര്‍ഥികളെ വശീകരിച്ചതെന്ന് വിവരിച്ചു.
സുന്ദരനായ ഓമനക്കുട്ടന്‍സാറിന്റെ ക്ലാസ്സില്‍ സാറിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ മാത്രമായി പെണ്‍കുട്ടികള്‍ കൂട്ടത്തോടെ വന്നിരിക്കുമായിരുന്നെന്ന് ചെറുതമാശയോടെ മമ്മൂട്ടി.
അര മണിക്കൂറോളം ഇരുവരും തമ്മിലെ കൂടിക്കാഴ്ച നീണ്ടു. ഒടുവില്‍ എല്ലാവരുമൊത്തൊരു സെല്‍ഫിയെടുക്കാമെന്ന് ജോണ്‍ ബ്രിട്ടാസ്. ഇതിനായി മൊബൈല്ഫോണെടുത്തപ്പോള് മമ്മൂട്ടി വിലക്കി. ഫോണിലെടുക്കേണ്ട. വര്‍ഷങ്ങളായി കൊണ്ടുനടക്കുന്ന തന്റെ ക്യാമറയുമായി മമ്മൂട്ടിയെത്തി.
അല്പം പഴയ മോഡലാണ്. ചിത്രം തെളിയുന്നുണ്ടോയെന്നറിയാന് ബ്രിട്ടാസിന്റെ ഫോട്ടോ മമ്മൂട്ടി തന്നെ പകര്‍ത്തി പരീക്ഷിച്ചു. ഡബിള്‍ ഓ.കെ! ഫോട്ടോയെടുക്കാനായി സഹായി ജോര്‍ജിനെ മമ്മൂട്ടി ക്യാമറ ഏല്‍പ്പിച്ചു. ഫോട്ടോയ്ക്ക് പോസ് ചെയ്ത് എഴുത്തുകാരനും നടനും കുടുംബാംഗങ്ങളും. മാതൃഭൂമി ഡല്‍ഹി പ്രത്യേക പ്രതിനിധി എന്‍. അശോകനും ഒപ്പമുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]