മോഷ്ടാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാന് ഇന്നാണ് (ചൊവ്വാഴ്ച) ആശുപത്രി വിട്ടത്. ജനുവരി 16-നായിരുന്നു ബംഗ്ലാദേശ് പൗരനായ ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദ്, സെയ്ഫിന്റെ മുംബൈ ബാന്ദ്രാ വെസ്റ്റിലെ വസതിയില്‍ കയറിയതും താരത്തെ ആക്രമിച്ചതും. കത്തി ഉപയോഗിച്ച് ആറുതവണയാണ് ഷെരിഫുള്‍, സെയ്ഫിന്റെ പുറത്ത് കുത്തിപ്പരിക്കേല്പിച്ചത്. ഇതിനിടെ തന്നെ മുറുകെ പിടിച്ചുവെച്ച സെയ്ഫില്നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടിയാണ് വീണ്ടും വീണ്ടും നടനെ കുത്തിയതെന്ന് ഷെരീഫുള്‍ പോലീസിനോടു പറഞ്ഞു.
മോഷണം ലക്ഷ്യമാക്കിയാണ്, ഷെരീഫുള്‍ ശുചിമുറിയുടെ ജനലിലൂടെ സെയ്ഫിന്റെ വസതിക്കുള്ളില്‍ കടന്നതെന്ന് പോലീസ് പറഞ്ഞു. ഉള്ളിലെത്തിയതിന് പിന്നാലെ ഇയാളെ വീട്ടുജോലിക്കാര്‍ കാണുകയും അവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. അവിടേക്കെത്തിയ സെയ്ഫ്, അപകടം മനസ്സിലാക്കി ഷെരീഫുളിനെ മുന്നില്‍നിന്ന് മുറുകെ പിടിച്ചുവെക്കുകയായിരുന്നു.
ആശുപത്രിയില്‍നിന്ന് മടങ്ങുന്ന സെയ്ഫ് അലി ഖാന്, ഷെരീഫുള്‍ പോലീസിന്റെ പിടിയിലായപ്പോള്‍ | Photo: ANI
സെയ്ഫിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ ഷെരീഫുള്‍ നടന്റെ പുറത്ത് കത്തികൊണ്ട് ആവര്‍ത്തിച്ച് കുത്തുകയായിരുന്നു. ആക്രമണത്തില്‍ സെയ്ഫിന് പരിക്കേറ്റതോടെ ഷെരീഫുള്‍ പിടിയില്‍നിന്ന് രക്ഷപ്പെടുകയും ചെയ്തു, പോലീസ് പറഞ്ഞു. ഷെരീഫുള്‍ ഫ്ലാറ്റിന് അകത്തുതന്നെ ഉണ്ടാകുമെന്ന് കരുതി സെയ്ഫ് പ്രധാനവാതില്‍ പൂട്ടിയെങ്കിലും അതിനകം തന്നെ മോഷ്ടാവ് പുറത്തുകടന്നിരുന്നു. ഫ്ലാറ്റിലേക്ക് കടന്ന അതേവഴിയിലൂടെയാണ് ഇയാള്‍ രക്ഷപ്പെട്ടതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തിന് പിന്നാലെ സെയ്ഫിന്റെ ഫ്ലാറ്റില്‍നിന്ന് രക്ഷപ്പെട്ട ഷെരീഫുള്‍, രണ്ടു മണിക്കൂറോളം ഫ്ലാറ്റ് സമുച്ചയത്തിന്റെ പൂന്തോട്ടത്തിലാണ് ഒളിച്ചിരുന്നത്. ഞായറാഴ്ച, താനെയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. വിജയ് ദാസ് എന്ന വ്യാജപ്പേരിലായിരുന്നു ഷെരീഫുള്‍ ഇന്ത്യയില്‍ കഴിഞ്ഞിരുന്നത്. ബംഗ്ലാദേശിലെ ഝലോകതി ജില്ലക്കാരനാണ് ഷെരീഫുള്‍. ഇയാള്‍ മുംബൈയില്‍ താമസിക്കാന്‍ തുടങ്ങിയിട്ട് അഞ്ചുമാസമായെന്നാണ് വിവരം. ഒരു ഹൗസ് കീപ്പിങ് ഏജന്‍സിയുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്തിരുന്നത്. ഷെരീഫുളിനെ കോടതി അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]