അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ 39-ാം ജന്മവാർഷികദിനത്തിൽ വൈകാരികമായ കുറിപ്പുമായി സഹോദരി ശ്വേതാ സിംഗ് കീർത്തി. പ്രചോദനം നൽകുന്ന ശക്തിയാണ് സുശാന്ത് എന്ന് ശ്വേത വീഡിയോക്കൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു. നിങ്ങൾ വെറുമൊരു ഓർമയല്ലെന്നും ഊർജമാണെന്നും അവർ അനുസ്മരിച്ചു.
ഈ താരത്തെ, സ്വപ്നം കാണുന്നവനെ, ഇതിഹാസത്തെ, ആഘോഷിക്കുന്നു… പിറന്നാളാശംസകൾ ഭായ് എന്നുപറഞ്ഞുകൊണ്ടാണ് ശ്വേതാ സിംഗ് കുറിപ്പ് ആരംഭിക്കുന്നത്.
നിന്റെ വെളിച്ചം ദശലക്ഷങ്ങളുടെ ഹൃദയത്തിൽ മിന്നിത്തിളങ്ങുന്നത് തുടരുന്നു. നീ വെറുമൊരു നടനായിരുന്നില്ല. അതിലുപരി ഒരന്വേഷകനും ചിന്തകനും അതിരുകളില്ലാത്ത ജിജ്ഞാസയും സ്നേഹവും നിറഞ്ഞ ഒരു ആത്മാവുമായിരുന്നു. നീ ആരാധിച്ചിരുന്ന പ്രപഞ്ചം മുതൽ നിർഭയമായി പിന്തുടർന്ന സ്വപ്നങ്ങൾ വരെ, പരിധികൾക്കപ്പുറത്തേക്ക് എത്താനും, അത്ഭുതപ്പെടാനും, ചോദ്യം ചെയ്യാനും, ആഴത്തിൽ സ്നേഹിക്കാനും നീ ഞങ്ങളെ പഠിപ്പിച്ചുവെന്ന് ശ്വേത എഴുതി.
“നീ പങ്കിട്ട ഓരോ പുഞ്ചിരിയും, നീ പറഞ്ഞ ഓരോ സ്വപ്നവും, നീ അവശേഷിപ്പിച്ച ഓരോ ജ്ഞാനവും നിന്റെ സത്ത ശാശ്വതമാണെന്നതിന്റെ ഓർമ്മപ്പെടുത്തലാണ്. നിങ്ങൾ വെറുമൊരു ഓർമ്മയല്ല – നിങ്ങൾ ഒരു ഊർജ്ജമാണ്, പ്രചോദനം നൽകുന്ന ഒരു ശക്തിയാണ്. സഹോദരാ, വാക്കുകൾക്കതീതമായി നിങ്ങളെ സ്നേഹിക്കുന്നു, അളക്കാനാവാത്തവിധം നിങ്ങളെ മിസ്സ് ചെയ്യുന്നു. ഇന്ന്, ഞങ്ങൾ നിങ്ങളുടെ വൈഭവത്തേയും അഭിനിവേശത്തേയും അനന്തമായ ആത്മാവിനേയും ആഘോഷിക്കുന്നു.
വലിയ സ്വപ്നങ്ങൾ കണ്ടും, പൂർണ്ണമായി ജീവിച്ചും, സ്നേഹം പകർന്നും സുശാന്തിനെ ആദരിക്കാം. എല്ലാവർക്കും സുശാന്ത് ദിനാശംസകൾ എന്നുപറഞ്ഞുകൊണ്ടാണ് ശ്വേത കുറിപ്പ് അവസാനിപ്പിക്കുന്നത്.
2020 ജൂൺ 14-ന് കോവിഡ് ലോക്ക്ഡൗൺ സമയത്തായിരുന്നു സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം. കേസ് പിന്നീട് സി.ബി.ഐക്ക് കൈമാറിയിരുന്നെങ്കിലും കേസ് എവിടെയുമെത്തിയില്ല. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം മാർച്ചിൽ ശ്വേത ആവശ്യപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]