
ഷെയ്ൻ നിഗം തമിഴിൽ ആദ്യമായി അഭിനയിക്കുന്ന ‘മദ്രാസ്കാരൻ’ എന്ന ചിത്രത്തിൻ്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. നടൻ ദുൽഖർ സൽമാനാണ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ വീഡിയോ പുറത്തുവിട്ടത്. വീഡിയോയ്ക്ക് നിരവധിപേർ ആശംസകൾ പങ്കുവെച്ചു.
സമകാലിക മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഷെയ്ൻ നിഗം തമിഴ് പ്രേക്ഷകർക്ക് മുന്നിലേക്കും മാറ്റുരയ്ക്കാൻ എത്തുകയാണ്. ‘കുമ്പളങ്ങി നൈറ്റ്സ്’, ‘ഓള്’ , ‘ഇഷ്ക്, ‘ഭൂതകാലം’, ‘ആർ.ഡി.എക്സ്’ എന്നിവയുൾപ്പെടെ മികച്ച ഒരുകൂട്ടം ചിത്രങ്ങളിൽ അഭിനയിച്ച ഷെയ്നിന്റെ വൈവിധ്യമാർന്ന കരിയറിൽ ഈ ചിത്രം ഒരു നാഴികക്കല്ലാകുമെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്.
ഷെയ്ൻ നിഗം, കലൈയരസൻ, നിഹാരിക കൊനിഡേല എന്നിവരുൾപ്പെടെയുള്ള നിരവധി അഭിനേതാക്കൾ ചിത്രത്തിലുണ്ട്. ‘രംഗോലി’ എന്ന ചിത്രം സംവിധാനം ചെയ്ത വാലി മോഹൻ ദാസാണ് സംവിധാനം. എസ് ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി ജഗദീഷ് നിർമ്മിക്കുന്ന ആദ്യചിത്രമാണ് ‘മദ്രാസ്കാരൻ’. സുന്ദരമൂർത്തി ചിത്രത്തിന് സംഗീതം നിർവ്വഹിക്കുമ്പോൾ പ്രസന്ന എസ്. കുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.