അണിയറപ്രവർത്തകരുടെ മോസ്റ്റ് വയലന്റ് ഫിലിം എന്ന അവകാശവാദത്തോട് നൂറ് ശതമാനവും നീതി പുലർത്തുന്നതായിരുന്നു മാർക്കോ നൽകുന്ന തീയേറ്റർ അനുഭവം. പ്രതികാരത്തിൻ്റെയും രക്തച്ചൊരിച്ചിലിൻ്റെയും ലോകത്തേക്കാണ് കാഴ്ചക്കാരെ ഹനീഫ് അദേനി തുടക്കം മുതൽ തന്നെ കൊണ്ടുപോകുന്നത്. ഓരോ സീനും കഴിയുമ്പോഴും ഇതിലും വലിയ വയലൻസ് ഒന്നും ഇനി വരാൻ പോകില്ലെന്ന് ചിന്തിച്ചിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് അതിലും വയലന്റായ സീനുകൾ നൽകുന്നതായിരുന്നു മാർക്കോയുടെ തീയേറ്റർ അനുഭവം. ഒരു മലയാളം എ-റേറ്റഡ് ചിത്രത്തിൽ നിന്ന് എന്ത് പ്രതീക്ഷിക്കാമോ അതിലും ഒരു പടി മുകളിൽ നിൽക്കുന്ന ചിത്രമാണ് മാർക്കോ. അതിന് മേമ്പൊടി പകരാനായി രവി ബസ്രൂരിന്റെ മികച്ച പശ്ചാത്തലസംഗീതവും കൂടിച്ചേരുമ്പോൾ മലയാളത്തിൽ ഇന്ന് വരെ വന്നതിൽ എണ്ണം പറഞ്ഞ ഒരു മാസ്സ് വയലന്റ് ആക്ഷൻ സിനിമകളിലൊന്നായി മാറാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ ആക്ഷൻ സിനിമകളിലെ ഒരു നാഴികക്കല്ലായി മാറുമെന്ന് തന്നെ പറയാം. മികച്ച തീയേറ്റർ അനുഭവമാണ് ഒരു ആക്ഷൻ സിനിമാപ്രേമിക്ക് ചിത്രം നൽകുന്നത്. ഹോളിവുഡിലും മറ്റും കണ്ടിട്ടുള്ള വയലന്റ് ആക്ഷൻ സിനിമകൾക്ക് ഇന്ത്യൻ സിനിമയുടെ മറുപടിയാണ് മാർക്കോ എന്ന് നിസ്സംശയം പറയാം.
അടാട്ട് കുടുംബത്തിലെ കാഴ്ച വൈകല്യമുള്ള ഇളയ സഹോദരൻ ക്രൂരമായി കൊല്ലപ്പെടുന്നതും അത് അന്വേഷിക്കാനും പ്രതികാരം ചെയ്യാനും കുടുംബത്തിലെ ദത്തുപുത്രനായ മാർക്കോ എത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരു കൊലപാതകം അന്വേഷിക്കുന്നതിൽ നിന്ന് വിശ്വാസവഞ്ചനയുടെയും ചതിയുടെയും ചുരുളുകളഴിയുന്നതോടെ സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. ഒരു സ്ഥിരം മാസ്സ് മസാല റിവഞ്ച് ചിത്രങ്ങളുടെ രീതിയിലുള്ള കഥാതന്തു തന്നെയാണ് മാർക്കോയിലും പിന്തുടരുന്നതെങ്കിലും അത് മലയാള സിനിമ ഇന്നുവരെ കാണാത്ത രീതിയിൽ ചെയ്തുവെച്ചിട്ടുണ്ട് എന്നുള്ളതാണ് മാർക്കോയെ വ്യത്യസ്ഥമാക്കുന്നത്.
പത്തിലധികം വരുന്ന ഫെെറ്റ് സീക്വൻസുകൾ പ്രേക്ഷകരെ ബോറടിപ്പിക്കാതെ ത്രില്ലടിപ്പിക്കുന്ന രീതിയിൽ ചെയ്തുവെച്ച അണിയറപ്രവർക്കരെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്. ആക്ഷൻ സീക്വൻസുകളാണ് ചിത്രത്തിൻ്റെ എടുത്തു പറയേണ്ട ഘടകം. റെയ്ഡ് എന്ന് ചിത്രത്തിന്റെ രീതിയിലുള്ള സ്റ്റെയർകേസ് ഫെെറ്റ്, ക്ലെെമാക്സ് ഫെെറ്റ്, ഇന്റർവൽ സീക്വൻസ് എന്നിവയെല്ലാം ആക്ഷൻ സിനിമ പ്രേമികൾക്ക് ഒരു ട്രീറ്റ് തന്നെയാണ്. കലെെ കിങ്സനാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ. ചന്ദ്രു സെൽവരാജിന്റെ ഛായഗ്രഹണവും പ്രത്യേകം എടുത്തുവപറയേണ്ടതുണ്ട്. ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നതിൽ ചന്ദ്രുവിന്റെ ഫ്രെയിമുകളുടെ പങ്ക് വളരെ വലുതായിരുന്നു.
മാർക്കോയായി ഉണ്ണി മുകുന്ദന്റെ സമ്പൂർണ്ണ ആധിപത്യം തന്നെയാണ് മാർക്കോയിലുടനീളം കാണാനാകുക. മികച്ച പ്രകടനങ്ങളാണ് ചിത്രത്തിന്റെ നട്ടെല്ല്. ഉണ്ണി മുകുന്ദന്റെ മികച്ച പ്രകടനം കൂടാതെ ജഗദീഷ്, സിദ്ദീഖ് എന്നിവരുടെ പ്രകടനെ എടുത്തുപറയേണ്ടതാണ്. ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും അവരുടെ റോൾ ഗംഭീരമായി ചെയ്തിട്ടുണ്ട് എന്നുള്ളത് ചിത്രത്തെ കൂടുതൽ മികച്ചതാക്കുന്നു. തന്റെ കരിയറിൽ ജഗദീഷ് എന്ന നടൻ ചെയ്തിട്ടുള്ളതിൽ ഏറ്റവും വ്യത്യസ്ഥമായ കഥാപാത്രമാണ് ടോണി എന്ന് വില്ലൻ. സമീപകാലത്തായി തനിക്ക് വെല്ലുവിളി ഉയർത്തുന്ന മികച്ച കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന രീതി ജഗദീഷ് മാർക്കോയിലും പിന്തുടർന്നിട്ടുണ്ട്. വില്ലൻ കഥാപാത്രങ്ങളായെത്തുന്ന ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ എന്നിവർ തങ്ങളുടെ റോൾ ഗംഭീരമായി തന്നെ ചെയ്തു.
സ്റ്റൈലിഷ് എക്സിക്യൂഷൻ കൊണ്ടും ഉണ്ണി മുകുന്ദൻ്റെ പവർഹൗസ് പെർഫോമൻസുകൊണ്ടും ഒരു മികച്ച ആക്ഷൻ സിനിമ തന്നെയാണ് മാർക്കോ. വയലൻസിന്റെ അതിപ്രസരം കുടുംബപ്രേക്ഷകർ സിനിമ കാണാനെത്തുന്നതിനെ എത്രത്തോളം സ്വാധീനിക്കുമെന്ന് കണ്ടുതന്നെയറിയണം എങ്കിലും യുവാക്കൾക്കിടയിൽ ചിത്രം പ്രീതി നേടുമെന്ന കാര്യത്തിൽ സംശയമില്ല. ലോലഹൃദയമുള്ളവർക്കല്ല മാർക്കോ എന്ന് നേരത്തെ തന്നെ അണിയറപ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഈ വർഷം ബോളിവുഡിൽ നിന്നെത്തി തരംഗം സൃഷ്ടിച്ച കിൽ പോലുള്ള ഹാർഡ്-ഹിറ്റിംഗ് ആക്ഷൻ സിനിമകളുടെ ആരാധകനാണ് നിങ്ങളെങ്കിൽ തീർച്ചയായും തീയേറ്ററിൽ തന്നെ കാണേണ്ട ചിത്രമാണ് മാർക്കോ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]